Connect with us

Kerala

താന്‍ മന്ത്രിയാകുന്നത് ഭൂരിപക്ഷ പിന്തുണയോടെ : കെ കൃഷ്ണന്‍കുട്ടി

Published

|

Last Updated

കോഴിക്കോട്: കെ ക്യഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാന്‍ പാര്‍ട്ടി ദേശീയ നേത്യത്വമാണ് തീരുമാനിച്ചതെന്നും ഇക്കാര്യം മാത്യു ടി തോമസ് അംഗീകരിക്കുമെന്നും ജെഡിഎസ് നേതാവ് സികെ നാണു. മാത്യു ടി തോമസിന്റെ പരാതിക്ക് പിന്നില്‍ എന്താണെന്ന് അറിയില്ലെന്നും നാണു പറഞ്ഞു. അതേ സമയം താന്‍ ഭൂരിപക്ഷ പിന്തുണയോടെയാണ് മന്ത്രിയാകുന്നതെന്ന് ക്യഷ്ണന്‍കുട്ടിയും വ്യക്തമാക്കി. മൂന്നില്‍ രണ്ട് എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ട്. ജനാധിപത്യത്തില്‍ ഇതല്ലെ വലുതെന്നും ക്യഷണ്ന്‍കുട്ടി ചോദിച്ചു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.

എത്രയോ കാലമായി എംഎല്‍എ ആയ കെ ക്യഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്നാണ് താന്‍ മുമ്പ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ മാത്യു ടി തോമസിനെ മന്ത്രിയാക്കണമെന്ന ദേശീയ നേത്യത്വത്തിന്റെ തീരുമാനം അംഗീകരിക്കുകയായിരുന്നു. ക്യഷ്ണന്‍കുട്ടി മന്ത്രിയാകുന്നതില്‍ മാത്യു ടി തോമസിന് പരാതിയുണ്ടാകാന്‍ വഴിയില്ല. പരാതിയുണ്ടെങ്കില്‍ത്തന്നെ അത് ചായയില്‍ പഞ്ചസാര കുറഞ്ഞെന്ന തരത്തിലുള്ള പെട്ടന്നുള്ള ഒന്നുമാത്രമാണ്. ഗൗരവമായി കാണേണ്ടതില്ലെന്നും സികെ നാണു പറഞ്ഞു.

മാത്യു ടി തോമസിനെ മാറ്റി കെ ക്യഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് കാണിച്ചുള്ള പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ദേവഗൗഡയുടെ കത്ത് കോഴിക്കോട് വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കത്ത് കിട്ടിയതായും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് പറഞ്ഞു.

അതേ സമയം തന്നെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാനുള്ള തീരുമാനം മനസിനെ മുറിവേല്‍പ്പിച്ചുവെന്നും നടപടി ഇടതുപക്ഷ രീതിക്ക് വിരുദ്ധമാണെന്നും മാത്യു ടി തോമസ് ഇന്നലെ പറഞ്ഞിരുന്നു.

Latest