ഹരിതഗൃഹ വാതക തോത് ഉയരുന്നു; ലോകം ദുരന്ത മുഖത്തേക്കെന്ന് മുന്നറിയിപ്പ്

Posted on: November 24, 2018 8:35 am | Last updated: November 23, 2018 at 10:15 pm

യു എന്‍: ഭൂമിയിലെ ഹരിതഗൃഹ വാതകത്തിന്റെ തോത് കഴിഞ്ഞ 50 ലക്ഷം വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന തോതിലെന്ന് യു എന്‍. ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (ഡബ്ല്യൂ എം ഒ)യാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതുപോലെ, കാലാവസ്ഥാ വ്യതിയാനം കൊണ്ട് ഭൂമിക്ക് ഉണ്ടായേക്കാവുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കാനുള്ള സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.

വ്യത്യസ്ത ഹരിതഗൃഹ വാതകങ്ങള്‍ കാരണം 1990 മുതല്‍ പ്രപഞ്ചത്തിലെ താപനിലയില്‍ 41 ശതമാനം വര്‍ധനവുണ്ടായി. ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ വളരെ കൃത്യമാണ്. കാര്‍ബണ്‍ വാതകങ്ങളുടെ ബഹിര്‍ഗമനത്തിലെ തോത് വെട്ടിക്കുറക്കണം. അതുപോലെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും അവസാനിപ്പിക്കണം. അല്ലെങ്കില്‍ ഉണ്ടായേക്കാവുന്ന കാലാവസ്ഥാ വ്യതിയാനം അപകടകരമായിരിക്കും. ഇത് ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്‍പ്പിനെ തന്നെ പ്രതികൂലമായി ബാധിച്ചേക്കും. പ്രവര്‍ത്തിക്കാനുള്ള അവസരങ്ങളുടെ വാതിലുകളെല്ലാം ഭൂരിഭാഗവും അടഞ്ഞുകഴിഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ട് ഡബ്ല്യൂ എം ഒ സെക്രട്ടറി ജനറല്‍ പാട്ടേരി താലസ് പറഞ്ഞു.

ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ വീണ്ടും വര്‍ധിക്കുകയാണ്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ് 2016ല്‍ ദശലക്ഷത്തില്‍ 403.3 ഭാഗം (പാര്‍ട്സ് പെര്‍ മില്യണ്‍-പി പി എം) ആയിരുന്നതില്‍ നിന്നും 2017ല്‍ 405.5 പി പി എം ആയി ഉയര്‍ന്നു. 2015ല്‍ 400.1 പി പി എം ആയിരുന്നു ഭൗമാന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സെഡിന്റെ അളവ്. ഈ ദശകത്തില്‍ ഇത് ഏറ്റവും ഉയര്‍ന്ന ശരാശരിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വ്യവസായ വിപ്ലവം ആരംഭിച്ചതിന് ശേഷമുള്ള 250 വര്‍ഷംകൊണ്ട് കാര്‍ബണ്‍ഡയോക്‌സൈഡ് പുറന്തള്ളല്‍ 46 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ മാസം ഇന്റര്‍നാഷനല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്(ഐ പി സി സി)ഉം സമാനമായ മുന്നറിയിപ്പ് നല്‍കിയുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഈ നൂറ്റാണ്ടിന്റെ പകുതിയോടെ കാര്‍ബണ്‍ഡൈഓക്‌സൈഡ് പുറന്തള്ളുന്നത് പൂര്‍ണമായും അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഐ പി സി സി റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്ത് നടക്കാനിരിക്കുന്ന യു എന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തില്‍ രണ്ട് റിപ്പോര്‍ട്ടുകള്‍ സമഗ്ര ചര്‍ച്ചക്ക് കാരണമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. അടുത്ത മാസം രണ്ട് മുതല്‍ 14 വരെ പോളണ്ടില്‍ വെച്ചാണ് സി ഒ പി 24 സമ്മേളനം നടക്കുന്നത്.

രണ്ട് റിപ്പോര്‍ട്ടുകളും വളരെ വലിയ മുന്നറിയിപ്പാണ് മനുഷ്യകുലത്തിന് നല്‍കുന്നതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുഴുവന്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രകൃതിയിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയുന്നതിന്റെ ഒരു അടയാളവും കാണുന്നില്ലെന്നും വരും ഭാവിയില്‍ ഭൂമിയില്‍ ഉയര്‍ന്ന താപനില അനുഭവപ്പെടുമെന്നും ശാസ്ത്രജ്ഞര്‍ ഓര്‍മപ്പെടുത്തുന്നു. ഹരിതഗൃഹ വാതകങ്ങള്‍ ഇപ്പോഴത്തെ നിലയില്‍ പുറന്തള്ളിയാല്‍ 2030നും 2052നും ഇടയില്‍ ആഗോളതാപനം 1.5 ഡിഗ്രി എന്ന പരിധി കടക്കുമെന്ന് യു എന്നിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ മനുഷ്യ ഇടപെടലിന്റെ ഫലമായി വ്യവസായവത്കരണത്തിന് മുമ്പുള്ളതിനേക്കാള്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നിട്ടുണ്ട്.
ആഗോളതാപനം കുറക്കുക എന്ന പാരീസ് കാലാവസ്ഥാ ഉടമ്പടിയുടെ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്ക് കാര്‍ബണ്‍ഡൈഓക്‌സൈഡ് പുറന്തള്ളല്‍ തിരിച്ചടിയായിരിക്കുകയാണ്. യു എസ് അടക്കമുള്ള രാജ്യങ്ങളുടെ നിസഹകരണം കാരണം ആഗോളതാപനം കുറക്കുക എന്നത് അസാധ്യമായിട്ടുണ്ട്.

ആഗോള താപനത്തിന്റെ പ്രധാന കാരണമായ കാര്‍ബണ്‍ഡൈഓക്‌സൈഡ് മലിനീകരണത്തില്‍ ചൈനയാണ് ഒന്നാം സ്ഥാനത്ത്. ഈ സൂചികയില്‍ യു എസിന് പിന്നില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. കാര്‍ബണ്‍ഡൈഓക്‌സൈഡ് പുറന്തള്ളലില്‍ ഇപ്പോഴത്തെ ഗതി തുടര്‍ന്നാല്‍ ഇന്ത്യ വൈകാതെ തന്നെ യൂറോപ്പിനെ മറികടക്കുമെന്നും മുമ്പ് നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

പ്രകൃതി മലിനീകരിക്കുന്നവര്‍ക്കെതിരെ ചൈന നടപടി ശക്തമാക്കി
ബീജിംഗ്: പ്രകൃതിമലിനീകരണത്തിനെതിരെ ചൈനീസ് സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കുന്നു. ഈ വര്‍ഷം ആദ്യ പത്ത് മാസത്തിനിടെ തന്നെ പ്രകൃതി മലിനീകരണവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരില്‍ 85,00ലധികം പേരെ ചൈനീസ് അധികൃതര്‍ പിടികൂടി വിചാരണ ചെയ്തു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 ശതമാനം അധികമാണ് ഇത്. പ്രാദേശിക സര്‍ക്കാറുകള്‍ പ്രകൃതി മലിനീകരണം നടത്തുന്നവരെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു ഇതുവരെ. എന്നാല്‍ സര്‍ക്കാര്‍ നടപടി ശക്തമാക്കിയതോടെ പലരും പിടിയിലാകുകയായിരുന്നു.

മലിനീകരണത്തിന് കാരണമാകുന്ന മുഴുവന്‍ സംരംഭങ്ങളെയും അധികൃതര്‍ ഇപ്പോള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. പ്രകൃതി മലിനീകരണം നടത്തുന്നവര്‍ക്കെതിരെ ഒരു നിലക്കും സഹിഷ്ണുതാസമീപനം ഉണ്ടാകില്ലെന്ന് പ്രോസിക്യൂട്ടര്‍ ജനറലിന്റെ ഓഫീസ് അറിയിച്ചു. കോടതികളോടും പോലീസിനോടും കര്‍ശന നടപടി സ്വീകരിക്കാനും ചൈനീസ് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഇതിന് പുറമെ ഇത്തരക്കാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് നിയന്ത്രണം വരുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി ചൈന അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിമലിനീകരണ തോതിന്റെ ദുരന്തം കുറച്ചുകൊണ്ടുവരാന്‍ പരമാവധി ശ്രമിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നു.