ശബരിമല ഓണ്‍ലൈന്‍ ക്യൂ ബുക്കിംഗ്: കൂടുതല്‍ സ്ലോട്ടുകള്‍ തുറന്നു

Posted on: November 23, 2018 11:12 pm | Last updated: November 23, 2018 at 11:12 pm

പത്തനംതിട്ട: കേരളാ പോലീസിന്‍റെ ശബരിമല ഓണ്‍ലൈന്‍ ബുക്കിംഗ് പോര്‍ട്ടലില്‍ ഒന്നാം ഘട്ടത്തില്‍ തുറന്നു കൊടുത്ത മുഴുവന്‍ സ്ലോട്ടുകളും ബുക്കിംഗ് ആയതിനെതുടര്‍ന്നു രണ്ടാം ഘട്ടമായി കൂടുതല്‍ സ്ലോട്ടുകള്‍ തീര്‍ത്ഥാടകര്‍ക്കായി തുറന്നു. നവംബര്‍ 25 മുതലുള്ള ദിവസങ്ങള്‍ക്കു ഇപ്പോള്‍ ബുക്കിംഗ് ലഭ്യമാണ്.

ബുക്ക്‌ ചെയ്യുന്നതിനായി www.sabarimalaq.com എന്ന വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. ഈ പോര്‍ട്ടലില്‍ തീര്‍ത്ഥാടകരുടെ പേര്, വയസ്സ്, ഫോട്ടോ, അഡ്രസ്സ്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്. ബുക്ക്‌ ചെയ്യുന്ന എല്ലാ തീര്‍ത്ഥാടകരുടെയും വിവരങ്ങള്‍ പ്രത്യേകമായി രേഖപ്പെടുത്തേണ്ടതാണ് .

വെബ് പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന കലണ്ടറില്‍ നിന്നും ലഭ്യതയ്ക്കനുസരിച്ച് ദര്‍ശന ദിവസവും സമയവും തിരഞ്ഞെടുക്കാം. ബുക്കിംഗ് പൂര്‍ത്തിയാക്കിയ ശേഷം ദര്‍ശന സമയവും തീയതിയും തീര്‍ത്ഥാടകന്‍റെ പേരും ഫോട്ടോയും മറ്റ് വിവരങ്ങളുമടങ്ങിയ ക്യൂ കൂപ്പണ്‍ സേവ് ചെയ്ത് പ്രിന്റ് എടുക്കേണ്ടതാണ്. ഈ കൂപ്പണ്‍ ദര്‍ശന ദിവസം പമ്പയില്‍ പ്രവര്‍ത്തിക്കുന്ന പോലീസിന്‍റെ വെരിഫിക്കേഷന്‍ കൗണ്ടറില്‍ കാണിച്ച് പ്രവേശനത്തിനുള്ള സീല്‍ പതിപ്പിക്കേണ്ടതാണ്. തീര്‍ത്ഥാടകര്‍ തങ്ങളുടെ ഫോട്ടോ ഐഡന്‍റി കാര്‍ഡ് കൈവശം കരുതേണ്ടതും വെരിഫിക്കേഷന്‍ കൗണ്ടറില്‍ കാണിക്കേണ്ടതുമാണ്.

കൂപ്പണില്‍ രേഖപ്പെടുത്തിയിരിക്കുന്ന ദിവസം കൃത്യസമയത്ത് പമ്പയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കു മാത്രമെ ചന്ദ്രാനന്‍ റോഡ് വഴി പ്രവേശനം അനുവദിക്കുകയുള്ളു. ഈ സൗകര്യം ഉപയോഗിക്കുന്ന തീര്‍ത്ഥാടകര്‍ നിലയ്ക്കല്‍-പമ്പ കെഎസ്ആര്‍ടിസി ബസ്‌ ടിക്കറ്റ് പ്രത്യേകം എടുക്കേണ്ടതാണ്.