Connect with us

Gulf

തൊഴില്‍ വിസ: ഇന്ത്യയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

Published

|

Last Updated

ദുബൈ: ഇന്ത്യയില്‍ നിന്ന് തൊഴില്‍ വിസയില്‍ വിദേശത്ത് പോകുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ഗള്‍ഫ് രാജ്യങ്ങളിലേക്കും ബാധകം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

2019 ജനുവരി ഒന്നു മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ടാണ് വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയത്. നോണ്‍-ഇ സി ആര്‍ (എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്തവര്‍) വിഭാഗത്തില്‍ പെടുന്നവര്‍ക്കാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പെങ്കിലും വെബ്‌സൈറ്റ് വഴി വിവരങ്ങള്‍ നല്‍കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവരെ 2019 ജനുവരി ഒന്നു മുതല്‍ വിമാനത്താവളങ്ങളില്‍ നിന്ന് തിരിച്ചയക്കും. എന്നാല്‍ സന്ദര്‍ശക വിസ ഉള്‍പ്പെടെയുള്ള മറ്റ് വിസകളില്‍ പോകുന്നവര്‍ക്ക് ഇത് ബാധകമല്ല.

വിദേശത്തുള്ള ഇന്ത്യക്കാരുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്. യു എ ഇ, അഫ്ഗാനിസ്ഥാന്‍, ബഹറൈന്‍, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, ലെബനന്‍, ലിബിയ, മലേഷ്യ, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, സുഡാന്‍, സൗത്ത് സുഡാന്‍, സിറിയ, തായ്‌ലന്റ്, യമന്‍ എന്നീ രാജ്യങ്ങളില്‍ തൊഴിലിനായി പോകുന്നവരാണ് ഇ-മൈഗ്രേറ്റ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യേണ്ടത്.

വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ തൊഴില്‍ സുരക്ഷ ലക്ഷ്യമിട്ട് 2015ലാണ് ഇ-മൈഗ്രേറ്റ് പോര്‍ട്ടല്‍ തുടങ്ങിയത്. നിലവില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവരുടെ (ഇ സി ആര്‍ കാറ്റഗറി പാസ്‌പോര്‍ട്ടുള്ളവര്‍) തൊഴില്‍ വിവരങ്ങള്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത ശേഷമേ വിദേശത്ത് പോകാനാവൂ. വിദ്യാഭ്യാസം കുറഞ്ഞ ഇന്ത്യക്കാര്‍ വിദേശത്ത് ചൂഷണങ്ങള്‍ക്ക് ഇരയാവുന്നത് തടയാനായിരുന്നു ഇത്. എന്നാല്‍ ഇ സി എന്‍ ആര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരും വിദേശത്ത് വിവിധതരം തൊഴില്‍ ചൂഷണങ്ങള്‍ക്ക് ഇരയാവുന്ന സാഹചര്യത്തിലാണ് എല്ലാവര്‍ക്കും ഇ-മൈഗ്രേറ്റ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത്. ഇതോടെ നിലവില്‍ എല്ലാവരും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ വിദേശത്ത് ജോലി ചെയ്യാനാവൂ.