കളിച്ചത് മഴ; ഇന്ത്യ- ആസ്‌ത്രേലിയ രണ്ടാം ട്വന്റി20 ഉപേക്ഷിച്ചു

Posted on: November 23, 2018 4:54 pm | Last updated: November 23, 2018 at 6:56 pm

മെല്‍ബണ്‍: കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യ- ആസ്‌ത്രേലിയ രണ്ടാം ട്വന്റി20 മത്സരം ഉപേക്ഷിച്ചു. ടോസ് നേടിയ ആസ്‌ത്രേലിയ 19 ഓവറില്‍ ഏഴ് വിക്കറ്റിന് 132 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് മഴയെത്തിയത്. പിന്നീട് അമ്പയര്‍മാര്‍ പിച്ചില്‍ പരിശോധന നടത്തിയെങ്കിലും മത്സരം നടത്താന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യക്കായി ഖലീല്‍ അഹ്മദ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ രണ്ട് വീതവും ജസ്പീത് ബംറ, കുല്‍ദീപ് യാദവ്, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 32 റണ്‍സുമായി മെക്‌ഡെര്‍മോട്ടും 12 റണ്‍സുമായി ആന്‍ഡ്രു ടൈയുമായിരുന്നു ക്രീസില്‍. ഗ്ലെന്‍ മാക്‌സ്‌വെല്‍ 19, ഷോര്‍ട്ട് 14, ക്രിസ് ലിന്‍ 13 റണ്‍സ് വീതം നേടി.

നേരിട്ട ആദ്യ പന്തില്‍ തന്നെ ആരോണ്‍ ഫിഞ്ചിനെ പന്തിന്റെ കൈകളിലെത്തിച്ച് ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യക്ക് മിന്നുന്ന തുടക്കമാണ് സമ്മാനിച്ചത്. പിന്നീട് ലിന്നിനേയും ഷോര്‍ട്ടിനേയും മടക്കി ഖലീല്‍ അഹ്മദ് ആസ്‌ത്രേലിയയെ പ്രതിരോധത്തിലാക്കി.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആസ്‌ത്രേലിയ 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരത്തില്‍ ഓസീസ് നാല് റണ്‍സിന് വിജയിച്ചിരുന്നു.