ജാതിയെ ആക്ഷേപിക്കുന്ന പരാമര്‍ശം; സി പി ജോഷിക്കെതിരെ രാഹുല്‍

Posted on: November 23, 2018 5:00 pm | Last updated: November 23, 2018 at 5:00 pm

ജയ്പൂര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെങ്കില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി അധികാരത്തില്‍ വരണമെന്ന കോണ്‍. നേതാവ് സി പി ജോഷിയുടെ പ്രസ്താവന വിവാദമായി. 1986ല്‍ ബാബ്‌രി മസ്ജിദ് ഹിന്ദുക്കള്‍ക്കായി തുറന്നുകൊടുത്തത് മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. വിവാദം കൂടുതല്‍ കൊഴുപ്പിച്ച് ബ്രാഹ്മണരല്ലാത്ത നരേന്ദ്ര മോദിക്കും ഉമാഭാരതിക്കും ഹിന്ദു മതത്തെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്നും ജോഷി പറഞ്ഞു. പ്രസ്താവനക്കെതിരെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയതോടെ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറഞ്ഞിരിക്കുകയാണ് ജോഷി.

‘ഒരു കോണ്‍ഗ്രസുകാരന് ഹിന്ദുവാകാന്‍ കഴിയില്ലെന്നാണ് അവരുടെ വാദം. ഇത്തരം സാക്ഷ്യപത്രങ്ങള്‍ പുറപ്പെടുവിക്കാന്‍ ആരാണ് അവര്‍ക്ക് അധികാരം കൊടുത്തത്. അവര്‍ സര്‍വകലാശാലയോ മറ്റോ ആരംഭിച്ചിട്ടുണ്ടോ. പണ്ഡിതന്മാര്‍ക്കും ബ്രാഹ്മണര്‍ക്കും മാത്രമാണ് മതത്തെ കുറിച്ച് അറിവുള്ളത്. ഹിന്ദു മതത്തെ കുറിച്ച് എങ്ങനെയാണ് അബ്രാഹ്മണരായ മോദിക്കും സാധ്വി റിതംബരക്കും ഉമാഭാരതിക്കും സംസാരിക്കാന്‍ കഴിയുക?’-

കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന ആശയാദര്‍ശങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വിരുദ്ധമായ പ്രസ്താവനയാണ് ജോഷി നടത്തിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സമൂഹത്തിലെ ആരുടെയും വികാരങ്ങളെ ഹനിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ പാര്‍ട്ടി നേതാക്കള്‍ നടത്താന്‍ പാടില്ല.
രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് ജോഷി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്‌.