കന്യാസ്ത്രീക്കായി കൂടുതല്‍ സുരക്ഷയൊരുക്കാനാകില്ല; സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാമെന്ന് മദര്‍ സുപ്പീരിയര്‍

Posted on: November 23, 2018 12:53 pm | Last updated: November 23, 2018 at 1:45 pm

കോട്ടയം: ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പീഡനക്കേസ് നല്‍കിയ കന്യാസ്ത്രീക്ക് കൂടുതല്‍ സുരക്ഷയൊരുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ച് മിഷണറീസ് ഓഫ് ജീസസിന്റെ മദര്‍ സുപ്പീരിയര്‍ പോലീസിന് കത്ത് നല്‍കി. ജലന്തര്‍ രൂപതയിലെ വൈദികനായിരുന്ന കുര്യാക്കോസ് കാട്ടുതറയുടെ മരണത്തെത്തുടര്‍ന്ന് കന്യാസ്ത്രീ മഠത്തിന് കൂടുതല്‍ സുരക്ഷയൊരുക്കണമെന്ന് പോലീസ് മഠം അധിക്യതരോട് ആവശ്യപ്പെട്ടിരുന്നു.

പോലീസ് നിര്‍ദേശങ്ങള്‍ പാലിക്കാനുള്ള സാമ്പത്തിക ശേഷിയും അധികാരവും ഇല്ല എന്ന മദര്‍ സുപ്പീരിയര്‍ പോലീസിന് നല്‍കിയ കത്തില്‍ പറയുന്നു. കൂടാതെ നിര്‍ദേശങ്ങള്‍ പാലിക്കുന്നത് മൂലം മഠത്തിലെ മറ്റ് കന്യാസ്ത്രീകളുടെ സ്വകാര്യത നഷ്ടപ്പെടുമെന്നും കത്തിലുണ്ട്. പരാതിക്കാരിയുടേയും ബന്ധപ്പെട്ട സാക്ഷികളുടേയും സുരക്ഷയില്‍ ആശങ്കയുണ്ടെങ്കില്‍ ഇവരെ സര്‍ക്കാറിന് കീഴിലുള്ള ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാമെന്നും ഇക്കാര്യത്തില്‍ മഠം തടസംനില്‍ക്കില്ലെന്നും മദര്‍ സുപ്പീരിയര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മഠത്തിലെ സിസിടിവി സൗകര്യം മെച്ചപ്പെടുത്തുക, കന്യാസ്ത്രീകള്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ പ്രത്യേകം ആളുകളെ നിയമിക്കുക, പോലീസ് ഗാര്‍ഡ് റൂമിനായി മുറി നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പോലീസ് നല്‍കിയിരിക്കുന്നത്.