രാജസ്ഥാന്‍ ബി ജെ പിയില്‍ വിമത ശല്യം രൂക്ഷം; നാലു മന്ത്രിമാരുള്‍പ്പടെ 11 ഉന്നത നേതാക്കള്‍ക്കു സസ്‌പെന്‍ഷന്‍

Posted on: November 23, 2018 12:46 pm | Last updated: November 23, 2018 at 1:45 pm

ജയ്പൂര്‍: രാജസ്ഥാനില്‍ വസുന്ധര രാജ് മന്ത്രിസഭയിലെ നാലു മന്ത്രിമാരുള്‍പ്പടെ 11 ഉന്നത നേതാക്കളെ ബി ജെ പി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനം അവഗണിച്ച് നല്‍കിയ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
സുരേന്ദ്ര ഗോയല്‍, ലക്ഷ്്മി നാരായണ്‍ ദാവെ, രാധേശ്യാം ഗംഗാനഗര്‍, ഹേംസിംഗ് ബദന, രാജ്കുമാര്‍ റിനാവ, രാമേശ്വര്‍ ഭട്ടി, കുല്‍ദീപ് ധന്‍ഖഡ്, ദീന്‍ദയാല്‍ കുമാവത്, കിഷന്റാം നായി, ധന്‍സിംഗ് റാവത്ത്, അനിത കതാര എന്നിവരെയാണ് ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തത്.
ഡിസം: ഏഴിനു നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയിലെ നിരവധി വിമതന്മാര്‍ പത്രിക നല്‍കിയിട്ടുണ്ട്. പുറത്താക്കപ്പെട്ട പല എം എല്‍ എമാരും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിട്ടുമുണ്ട്. രൂക്ഷമായ വിമത ശല്യത്തെയാണ് വസുന്ധര രാജ് സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബി ജെ പി സംസ്ഥാനത്ത് അഭിമുഖീകരിക്കുന്നത്.