ശബരിമലയിലെ അക്രമസമരങ്ങള്‍ സുപ്രീം കോടതിക്കെതിരെയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Posted on: November 23, 2018 12:02 pm | Last updated: November 23, 2018 at 3:32 pm

കൊച്ചി: ശബരിമലയിലെ അക്രമങ്ങളും പ്രതിഷേധങ്ങളും സുപ്രീം കോടതി വിധിക്കെതിരെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അക്രമങ്ങള്‍ സര്‍ക്കാറിനെതിരല്ല. പോലീസ് ശബരിമലയില്‍ പ്രകോപനപരമായി പെരുമാറിയിട്ടില്ല. ഒരു യഥാര്‍ഥ ഭക്തനേപ്പോലും അക്രമിച്ചെന്ന് പരാതിയില്ലെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ഭക്തര്‍ കിടക്കാതിരിക്കാന്‍ നടപ്പന്തലില്‍ വെള്ളമൊഴിച്ചെന്ന ആരോപണം തെറ്റാണ്. നടപ്പന്തലില്‍ വെള്ളമൊഴിച്ച് കഴുകുന്ന പതിവ് നേരത്തേയും ഉണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ഇതിന്റെ ദ്യശ്യങ്ങള്‍ സര്ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. നടപ്പന്തല്‍ പ്രതിഷേധക്കാര്‍ താവളമാക്കാതിരിക്കാനാണ് ഇവിടെ വിരി വെക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. ശബരിമയില്‍ കരുതിക്കൂട്ടി പ്രശ്്‌നങ്ങളുണ്ടാക്കിയ ക്രിമിനലുകളെയാണ് അറസ്റ്റ് ചെയ്്തത്. ചിത്തിര ആട്ട സമയത്ത് പ്രശ്‌നങ്ങളുണ്ടാക്കിയവരാണ് മണ്്ഡലകാലത്തും പ്രശ്്‌നങ്ങളുണ്ടാക്കിയത് . ഇത് സംബന്ധിച്ച ദ്യശ്യങ്ങളും മാധ്യമ വാര്‍ത്തകളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താലാണ് ബേസ് ക്യാമ്പ് നിലക്കലിലേക്ക് മാറ്റിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.