ജയിലുകളില്‍ സമാന്തര സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സുപ്രീം കോടതി

Posted on: November 22, 2018 10:15 pm | Last updated: November 22, 2018 at 10:19 pm

ന്യൂഡല്‍ഹി: രാജ്യത്തെ ജയിലുകളില്‍ സമാന്തര സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സുപ്രീം കോടതി. തിഹാര്‍ ജയിലില്‍ കഴിയുന്ന യൂനിടെക് എംഡി സഞ്ജയ് ചന്ദ്രക്കും സഹോദരനും അജയിനും ആഡംബര സൗകര്യങ്ങള്‍ ഒരുക്കി നലകിയെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ ചോദ്യം. ഇരുവര്‍ക്കും എല്‍ഇഡി ടിവി, സോഫ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. സംഭവത്തില്‍ നടപടി സ്വികരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ നിര്‍ദേശം നല്‍കി.

ആരോപണങ്ങളെ തുടര്‍ന്ന് സെപ്തംബര്‍ നാലിന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജയിലില്‍ പരിശോധന നടത്തിയിരുന്നു. യൂനിടെക് ഉടമകള്‍ക്ക് ജയിലില്‍ ആഡംബര സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയതായി പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിരീക്ഷണം.

ജയിലില്‍ സമാന്തര സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടോ? യൂനിടെക് ഉടമകള്‍ക്ക് ജയിലില്‍ എന്തെങ്കിലും പ്രത്യേക അവകാശങ്ങള്‍ ഉണ്ടോ? ഇതുമായി ബന്ധപ്പെട്ട് നിങ്ങള്‍ എന്ത് ചെയ്തു – കോണ്‍സുലിനോട് കോടതി ചോദിച്ചു.