ശബരിമലയില്‍ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി

Posted on: November 22, 2018 9:11 pm | Last updated: November 23, 2018 at 10:33 am

പത്തനംതിട്ട: ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി. തിങ്കളാഴ്ച അര്‍ധരാത്രി 12 മണിവരെ നിരോധനാജ്ഞ തുടരുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു. ഇലവുങ്കൽ, നിലക്കൽ, സന്നിധാനം, പമ്പ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.

നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശബരിമല ഉള്‍പ്പെടെ നാല് സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയുടെ കാലാവധി ഇന്ന് തീരാനിരിക്കെയാണ് പോലീസ് ഈ ആവശ്യമുന്നയിച്ചത്.

നേരത്തെ ഒരാഴ്ചത്തേക്കാണ് ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നത്. നേരത്തെ തുലാമസാ പൂജക്കും ചിത്തിര ആട്ടവിശേഷത്തിനും നട തുറന്നപ്പോഴും നിരോധനാജ്ഞ ഉണ്ടായിരുന്നു. എന്നാല്‍ നീണ്ട കാലത്തേക്കാണ് ഇപ്പോള്‍ നിരോധനാജ്ഞ നീട്ടാന്‍ പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.