മന്ത്രിയെ മാറ്റണമെന്ന് ആവശ്യം; പാര്‍ട്ടി നേതാക്കളെ ദേവഗൗഡ വിളിപ്പിച്ചു

Posted on: November 22, 2018 5:23 pm | Last updated: November 23, 2018 at 10:33 am

ബെംഗളൂരു: ജനതാദള്‍ എസിനുള്ളില്‍ മന്ത്രിസ്ഥാന സംബന്ധിച്ച തര്‍ക്കം രൂക്ഷമാകുന്നു. മന്ത്രി മാത്യു ടി തോമസിനെ മാറ്റണമെന്ന് ആവശ്യം ചര്‍ച്ച ചെയ്യുന്നതിന് നേതാക്കളെ പാര്‍ട്ടി തലവന്‍ ദേവഗൗഡ ബെംഗളൂരുവിലേക്ക് വിളിപ്പിച്ചു. കെ കൃഷ്ണന്‍കുട്ടി, സി കെ നാണു, മാത്യു ടി തോമസ് എന്നിവരെയാണ് വിളിപ്പിച്ചത്. ഇന്ന് രാത്രി എട്ടു മണിക്ക് ദേവഗൗഡയുടെ വസതിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായി കൃഷ്ണന്‍കുട്ടിയും സി കെ നാണുവും ബെംഗളൂരുവിലെത്തി. എന്നാല്‍, മാത്യു ടി തോമസ് ഇതേവരെ യാത്ര തിരിച്ചിട്ടില്ല. അദ്ദേഹം പോകുമോയെന്ന കാര്യം ഉറപ്പായിട്ടുമില്ല.

മാത്യു ടി തോമസിനെ മന്ത്രി സ്ഥാനത്തു നിന്നു മാറ്റണമെന്ന് ദീര്‍ഘകാലമായി പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ട്. പകരം കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന്റെ കത്ത് ദേവഗൗഡക്ക് നല്‍കിയിരുന്നു. ദേവഗൗഡ വിദേശത്തായിരുന്നതിനാലാണ് വിഷയത്തില്‍ ഇതേവരെ ചര്‍ച്ച നടക്കാതിരുന്നത്.