കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അപമാനിച്ചെന്ന് ആരോപണം: കന്യാകുമാരിയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

Posted on: November 22, 2018 1:38 pm | Last updated: November 22, 2018 at 1:38 pm

കന്യാകുമാരി: ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ പോലീസ് അധിക്ഷേപിച്ചെന്ന് ആരോപിച്ച് കന്യാകുമാരിയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പൊന്‍ രാധാകൃഷ്ണനെയും സംഘത്തെയും പോലീസ് ശബരിമലയില്‍ തടഞ്ഞിരുന്നു. എസ്പി യതീഷ് ചന്ദ്രയും കേന്ദ്ര മന്ത്രിയും തമ്മില്‍ വാഗ്വാദവുമുണ്ടായി.

സ്വകാര്യവാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. സ്വകാര്യവാഹനങ്ങള്‍ കടത്തിവിട്ട് ഗതാഗതക്കുരുക്ക് ഉണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്ന എസ് പിയുടെ ചോദ്യത്തിന് മുന്നില്‍ മന്ത്രി പരുങ്ങി. മന്ത്രിയെ ഭീഷണിപ്പെടുത്തുകയാണോയെന്ന് ചോദിച്ച് പ്രശ്‌നത്തില്‍ ഇടപെട്ട ബി ജെ പി ജനറല്‍സെക്രട്ടറി എ എന്‍ രാധാകൃഷ്ണനെ എസ് പി തുറിച്ച് നോക്കിയതോടെ സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. കേരളത്തിലെ ഒരു മന്ത്രിയോട് എസ് പി ഇങ്ങിനെ പെരുമാറുമോയെന്ന് പൊന്‍ രാധാകൃഷ്ണനും പിന്നീട് ചോദിച്ചിരുന്നു.

അതിനിടെ, മന്ത്രിയുടെ വാഹന വ്യൂഹത്തിലെ ഒരു വാഹനം ഇന്ന് പുലര്‍ച്ചെ പമ്പയില്‍ വെച്ച് പോലീസ് തടഞ്ഞിരുന്നു. എസ്പിക്കെതിരെ സംസ്ഥാനത്തും കന്യാകുമാരി ജില്ലയിലും ഇന്നലെ പ്രതിഷേധം അരങ്ങേറിയിരുന്നു.