Connect with us

National

ബി ജെ പി-ശിവസേന പോര് മുറുകുന്നു; ഉദ്ധവ് താക്കറെയുടെ പരിപാടികള്‍ക്ക് ആദിത്യനാഥിന്റെ വിലക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: യു പി സന്ദര്‍ശിക്കുന്ന ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുടെ പൊതു പരിപാടികള്‍ക്ക് യോദി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇതോടെ നവം: 24ന് അയോധ്യയിലെ തര്‍ക്കഭൂമിക്കു സമീപം രാമകഥാ പാര്‍ക്കില്‍ റാലി സംഘടിപ്പിക്കാനുള്ള ശിവസേനയുടെ നീക്കത്തിന് തിരിച്ചടിയേറ്റു. അനുമതി നിഷേധിച്ച സാഹചര്യത്തില്‍ തര്‍ക്ക ഭൂമിയില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ഗുലാബ് ബറിയില്‍ പരിപാടി നടത്തുമെന്ന് ശിവസേന നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയമുയര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കാന്‍ ശിവസേന തീരുമാനിച്ചിരുന്നത്. മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ബി ജെ പി സര്‍ക്കാറിന്റെ ഭാഗമാണെങ്കിലും പല വിഷയത്തിലും രൂക്ഷമായ വാക്പോര് നടത്തി വരികയാണ് ഇരു കക്ഷികളും.
രാജ്യത്ത് അടിയന്തരാവസ്ഥ ആസന്നമായിരിക്കെ എങ്ങനെ നിശ്ശബ്ദനായിരിക്കാന്‍ സാധിക്കുമെന്ന് ഉദ്ധവ് താക്കറെ ഇന്നലെ ചോദിച്ചിരുന്നു.

രാഷ്ട്രപതി തിരഞ്ഞെടുപ്പിനിടെ ബാബ്രി
വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബി ജെ പി ശ്രമിച്ചിരുന്നു. ഇപ്പോള്‍ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാമക്ഷേത്ര വിഷയം ഉയര്‍ത്തി നേട്ടമുണ്ടാക്കാന്‍ കഴിയുമോയെന്ന് നോക്കുകയാണ്- 2017ല്‍ എല്‍ കെ അദ്വാനിയെ രാഷ്ട്രപതി പദവിയിലേക്കു പരിഗണിക്കുന്നതായി ബി ജെ പി പ്രചരിപ്പിച്ച കാര്യം ആരുടെയും പേരെടുത്തു പറയാതെ സൂചിപ്പിച്ച് താക്കറെ പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ എല്ലാവവരും ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്നും എന്നാല്‍, ഇക്കാര്യത്തില്‍ വിശ്വഹിന്ദു പരിഷത്തിനോട് ഒന്നും പറയാനില്ലെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.
രാമക്ഷേത്ര നിര്‍മാണത്തിനു സമ്മര്‍ദം ചെലുത്തുന്നതിന് 25ന് അയോധ്യയില്‍ റാലി നടത്തുമെന്ന് വി എച്ച് പി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ക്ഷത്രം നിര്‍മിക്കുന്നതിനു വേണ്ടിയുള്ള പാര്‍ട്ടി പ്രചാരണ പരിപാടികള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി പെഹ്ലെ മന്ദിര്‍, ഫിര്‍ സര്‍ക്കാര്‍ (ആദ്യം ക്ഷേത്രം, അതിനു ശേഷം സര്‍ക്കാര്‍) എന്ന മുദ്രാവാക്യം മുന്നോട്ടു വച്ചിരിക്കുകയാണ് താക്കറെ.

Latest