കെഎം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാം; ആനുകൂല്യങ്ങള്‍ ലഭിക്കില്ല: സുപ്രീം കോടതി

Posted on: November 22, 2018 11:12 am | Last updated: November 22, 2018 at 1:26 pm

ന്യൂഡല്‍ഹി: അയോഗ്യനാക്കപ്പെട്ട എംഎല്‍എ കെഎം ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് സുപ്രീം കോടതി.
ഹൈക്കോടതി അയോഗ്യനാക്കിയ നടപടിക്കെതിരെ ഷാജി നല്‍കിയ ഹരജി ഉടന്‍ പരിഗണിക്കില്ല. സ്റ്റേ ഉത്തരവിന്റെ ബലത്തില്‍ എംഎല്‍എ ആയി തുടരാനാകില്ലെന്നും ആനൂകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് നടത്തിയത് വാക്കാലുള്ള നിരീക്ഷണം. സ്‌റ്റേ ഓര്‍ഡറിന്റെ ബലത്തില്‍ എംഎല്‍എ ആയിരിക്കാന്‍ ആണോ ആഗ്രഹിക്കുന്നതെന്ന് ഷാജിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. ഷാജിയെ അയോഗ്യനാക്കിയ ഉത്തരവിന് ഹൈക്കോടതി അനുവദിച്ച സ്‌റ്റേ നാളെയാണ് തീരുന്നത്.

തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അഴീക്കോട് എം എല്‍ എയും മുസ്‌ലിം യൂത്ത് ലീഗ് നേതാവുമായ കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്ന കേസിലാണ് നടപടി. ആറ് വര്‍ഷത്തേക്കാണ് അയോഗ്യനാക്കിയത്. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എം വി നികേഷ് കുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ എം ഷാജി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചതിനെ തുടര്‍ന്ന് ഉത്തരവ് കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

അയോഗ്യനാക്കി വിധിച്ചതിന് മണിക്കൂറുകള്‍ക്കകമാണ് സ്റ്റേ ഉത്തരവുമുണ്ടായത്.
ഷാജി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വര്‍ഗീയ ധ്രുവീകരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന എം വി നികേഷ് കുമാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം ഹൈക്കോടതി തള്ളി.