നടപ്പാക്കാന്‍ ‘കഴിയുന്ന’ വിധികള്‍

നടപ്പാക്കാന്‍ കഴിയുന്ന വിധികളേ കോടതികള്‍ പുറപ്പെടുവിക്കാവൂ'' -നീതിന്യായ സംവിധാനം, ഹിന്ദുത്വ അജന്‍ഡകള്‍ക്കും അതിന് നേതൃത്വം നല്‍കുന്നവരുടെ ക്രമവിരുദ്ധമായ നടപടികള്‍ക്കും അരുനില്‍ക്കും വിധത്തിലേ ചിന്തിക്കാവൂ എന്ന് പരോക്ഷമായി പറയുകയാണ് അമിത് ഷാ. എങ്ങനെ തീരുമാനമെടുക്കണമെന്ന കല്‍പ്പന കേട്ടിട്ടും നീതിന്യായ സംവിധാനം മൗനം അവലംബിക്കുന്നത് ആ സംവിധാനത്തിന്റെ പ്രൗഢമായ പക്വത കൊണ്ടായിരിക്കാം. പക്ഷേ, ആ മൗനം ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം മറ്റൊന്നാണ്. വര്‍ഗീയ ഫാസിസത്തെ ചെറുക്കുന്നതില്‍, നീതിന്യായ സംവിധാനത്തെ വലിയതോതില്‍ ആശ്രയിക്കേണ്ടതില്ലെന്ന സന്ദേശം.
Posted on: November 22, 2018 11:08 am | Last updated: November 22, 2018 at 11:08 am

”നടപ്പാക്കാന്‍ കഴിയുന്ന വിധികളേ കോടതികള്‍ പുറപ്പെടുവിക്കാവൂ” – സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിനോട് ഇവ്വിധം പറയാന്‍ അമിത് ഷാക്ക് ധൈര്യം പകരുന്നത് എന്തായിരിക്കും? രാജ്യഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ പരമാധ്യക്ഷനാണ് എന്നതോ? ആരോടും ഉത്തരം പറയേണ്ട ബാധ്യത തനിക്കില്ലെന്ന് കരുതുന്ന പരമാധികാരി കഴിഞ്ഞാല്‍ താനാണ് എന്ന തോന്നലോ? ഭരണഘടന തിരുത്തിയെഴുതാന്‍ പാകത്തില്‍ അധികാരം കൈപ്പിടിയിലൊതുങ്ങുന്ന കാലം അധികം അകലെയല്ലെന്ന മിഥ്യാ ധാരണയോ?

കോടതിവിധികള്‍ വിമര്‍ശനത്തിന് അതീതമല്ല. അതുകൊണ്ടുതന്നെ ശബരിമലയില്‍ പ്രവേശിക്കുന്നതിന് സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ വിധിയും വിമര്‍ശിക്കപ്പെടാം, യുക്തിയുടെ അടിസ്ഥാനത്തില്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഒക്കെ. ഏത് വിധത്തിലുള്ള വിധികളായിരിക്കണം കോടതികളില്‍ നിന്ന് ഉണ്ടാകേണ്ടത് എന്ന് നിര്‍ദേശിക്കുമ്പോള്‍ കഥമാറുകയാണ്. സുപ്രീം കോടതി മുതലിങ്ങോട്ട് മജിസ്‌ട്രേറ്റ് കോടതി വരെയുള്ളവ ഏത് വിധത്തില്‍ പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശമാണ് നല്‍കുന്നത്. ന്യായാന്യായ വിചാരങ്ങള്‍ക്ക് അപ്പുറത്ത് നടപ്പാക്കാന്‍ കഴിയുന്നതാണോ എന്നത് പരിശോധിക്കപ്പെടണം. ഇന്ത്യന്‍ യൂണിയനില്‍ ഹിന്ദുത്വ അജന്‍ഡക്കൊപ്പിച്ചുള്ള ഭരണമാണ് നിലവില്‍. അത്തരമൊരു ഭരണം നിലനില്‍ക്കെ പ്രാഥമികമായ പരിഗണന വേണ്ടത് ഹിന്ദുത്വവാദികള്‍ വിശ്വാസമെന്നോ ആചാരമെന്നോ ഒക്കെ കരുതുന്നവക്കാണ്. അതിനെ വിഗണിക്കാനും വസ്തുതകളെ ആധാരമാക്കി അഭിപ്രായം പ്രകടിപ്പിക്കാനും ശ്രമിച്ചപ്പോഴൊക്കെ അസഹിഷ്ണുത പ്രകടമാക്കിയിട്ടുണ്ട്. അക്രമോത്സുകമായ അസഹിഷ്ണുത അടുക്കളയിലും അങ്ങാടിയിലും പാര്‍ലിമെന്റിലുമൊക്കെ അരങ്ങേറി, ജീവനുകളെടുക്കാന്‍ മടിക്കാതെ. അതിന്റെ ആവര്‍ത്തനം ജുഡീഷ്യറിയിലുമുണ്ടാകണമെന്നാണ് ആഗ്രഹം. അതിനുള്ള ശ്രമം നേരത്തെ ആരംഭിക്കുകയും ചെയ്തു.

ഹിന്ദുത്വ അജന്‍ഡകളില്‍ അടിയുറച്ചവരെ ജുഡീഷ്യറിയിലെത്തിക്കുക എന്നതൊരു വഴി. അത് ഫലം കണ്ടതിന്റെ തെളിവാണ് ഗോമാതാവിന്റെ മഹത്വം വാഴ്ത്തിപ്പാടുന്നവരും മയിലിന്റെ ബ്രഹ്മചര്യം ഘോഷിക്കുന്നവരും ജഡ്ജിമാരായത്. ഹിന്ദുത്വ ഭീകരവാദക്കേസുകളില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നവരെ മുഴുവന്‍ കുറ്റവിമുക്തരാക്കിയ ശേഷം, അധികം വൈകാതെ ബി ജെ പിയിലെ അംഗത്വത്തിന് ‘മിസ് കോള്‍’ അടിച്ച ജഡ്ജിമാരും ഇതിന്റെ ഫലം തന്നെ. ജഡ്ജി നിയമനത്തിന്റെ രീതി മാറ്റാന്‍ ശ്രമിച്ചത് ജുഡീഷ്യറിയിലെ ഹിന്ദുത്വവാദികളുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തിലായിരുന്നു. അതിന് പൂര്‍ണമായും വഴങ്ങാന്‍ സുപ്രീം കോടതി തയ്യാറാകാതിരിക്കുകയും ജഡ്ജി നിയമനത്തിന് കൊണ്ടുവന്ന വ്യവസ്ഥകളെ റദ്ദുചെയ്യുകയും ചെയ്തതോടെ, നിലവില്‍ നിയമനത്തിന് ആശ്രയിക്കുന്ന കൊളീജിയം സമ്പ്രദായത്തെ അട്ടിമറിക്കാന്‍ നിശ്ചയിച്ചു. ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം ശിപാര്‍ശ ചെയ്യുന്ന പട്ടിക അംഗീകരിക്കാതിരിക്കുകയോ ഭാഗികമായി അംഗീകരിക്കുകയോ ഒക്കെ ചെയ്തത് അതിന്റെ ഭാഗമായാണ്.

കോടതികളെ അപ്രസക്തമാക്കുക എന്നതാണ് മറ്റൊരു വഴി. അതിന് വ്യവസ്ഥാപിതമോ അല്ലാത്തതോ ആയ മാര്‍ഗങ്ങളെ ആശ്രയിക്കാം. അതിനും ഗുജറാത്ത് മാതൃകയുണ്ട്. 2002ലെ വംശഹത്യാ ശ്രമത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളെ അട്ടിമറിച്ച്, കോടതികളെ അപ്രസക്തമാക്കിയത് ഉദാഹരണം. രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കോടതിയിലെത്തുമ്പോള്‍, വേണ്ട തെളിവുകള്‍ ഹാജരാക്കപ്പെടില്ല. സാക്ഷികള്‍ ഹാജരുണ്ടാവില്ല. ഹാജരാവുന്ന സാക്ഷികള്‍ തന്നെ മൊഴിമാറ്റും. യഥാവിധി അന്വേഷിക്കാത്തതിനെക്കുറിച്ചോ, ശേഖരിക്കാത്ത തെളിവുകളെക്കുറിച്ചോ, സാക്ഷികള്‍ മൊഴിമാറ്റാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ചോ ചോദ്യങ്ങളൊന്നുമുന്നയിക്കാതെ കോടതികള്‍ വിധി പുറപ്പെടുവിക്കും.

നിയമം അനുശാസിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചുവെന്ന് കോടതികള്‍ക്ക് അവകാശപ്പെടാം. അതിനപ്പുറത്തുള്ള ബാധ്യത തങ്ങള്‍ക്കില്ലെന്ന് ജഡ്ജിമാര്‍ക്ക് വിശദീകരിക്കുകയും ചെയ്യാം. അവ്വിധത്തില്‍, കോടതിക്ക് പുറത്തുള്ള ഇടപെടലുകളിലൂടെ അവയെ അപ്രസക്തമാക്കുന്നതാണ് ഒരു വഴി. ഇതില്‍ ചിലത് ഫലം കാണാതെ പോയപ്പോഴാണ് സാഹിറ ശൈഖ്, ബില്‍ക്കിസ് ബാനു കേസുകള്‍ ഗുജറാത്തിന് പുറത്തെ കോടതികളിലേക്ക് മാറ്റപ്പെട്ടതും വിധികളുണ്ടായതും. വംശഹത്യാ ശ്രമത്തിലെ നരേന്ദ്ര മോദിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള സാകിയ ജഫ്‌രിയുടെ ഹരജി കെടാതെ നില്‍ക്കുന്നതും.

കോടതികള്‍ വഴി തന്നെ കോടതികളെ അപ്രസക്തമാക്കുക എന്നതാണ് മറ്റൊരു വഴി. അതിനുമുണ്ട് ഗുജറാത്ത് മാതൃക. ഇപ്പോള്‍ രാജ്യത്തിന്റെ പരമാധികാരിയായിരിക്കുന്ന വ്യക്തി ഗുജറാത്തിന്റെ മാത്രം പരമാധികാരിയായിരിക്കെ, ആറേഴു വര്‍ഷം ലോകായുക്തയെ നിയമിച്ചില്ല. എന്തിനെയും അട്ടിമറിക്കാന്‍ കരുത്തുള്ളവര്‍ അധികാരം കൈയാളുമ്പോള്‍ ലോകായുക്തക്ക് എന്ത് പ്രസക്തിയെന്ന ചോദ്യം നില്‍ക്കുമ്പോള്‍ തന്നെ, ആ പദവിയിലേക്ക് നിയമനം നടത്തുക എന്നത് സര്‍ക്കാറിന്റെ നിയമപരമായ ഉത്തരവാദിത്തമാണ്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ കമ്മിറ്റിക്കാണ് നിയമനച്ചുമതല. ഈ കമ്മിറ്റി വിളിച്ചുകൂട്ടാന്‍ പലകുറി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി തയ്യാറായില്ല. സഹികെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ലോകായുക്ത സ്ഥാനത്തേക്ക് ഒരു പേര് നിര്‍ദേശിച്ചു. ഉടന്‍ വിയോജിച്ചു മുഖ്യമന്ത്രി. പകരം പേര് നിര്‍ദേശിക്കാന്‍ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. അതിന് മറുപടി നല്‍കിയുമില്ല. ഒടുവില്‍ ഒരു വിരമിച്ച ജഡ്ജിയെ ലോകായുക്തയായി നിയമിച്ച് ചീഫ് ജസ്റ്റിസ് ഉത്തരവിറക്കി. ഈ ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ തന്നെ ചെന്നു. ചീഫ് ജസ്റ്റിസ് നടത്തിയ നിയമനം അസാധുവെന്ന് സിംഗിള്‍ ബഞ്ച് വിധിച്ചു. അതിന്‍മേല്‍ അപ്പീലുണ്ടായപ്പോള്‍ നിയമനം സാധുവെന്നായി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. ഉടന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി ഗുജറാത്ത് സര്‍ക്കാര്‍. നിയമനം സാധുവെന്ന് സുപ്രീം കോടതി വിധിച്ചപ്പോള്‍ അതിന്‍മേല്‍ റിവ്യു ഹരജി നല്‍കി. അതും തള്ളിയപ്പോള്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചയാളെ നിയമിക്കേണ്ടി വന്നു. യുദ്ധത്തിനൊടുവില്‍ തോല്‍വിയായിരുന്നു ഫലമെങ്കിലും നീതിന്യായ സംവിധാനത്തെ നിയമവ്യവസ്ഥകളിലൂടെ തന്നെ അപ്രസക്തമാക്കാന്‍ (കുറച്ചുകാലത്തേക്കെങ്കിലും) വഴികളുണ്ടെന്ന് തെളിയിച്ചു.

പിന്നെയുള്ളത് പ്രലോഭനത്തിന്റെയും സ്വാധീനത്തിന്റെയും ഭീഷണിയുടെയും വഴിയാണ്. പ്രയോഗിച്ച് ഫലം കണ്ട അതിലുമുണ്ട് ഗുജറാത്ത് മാതൃക. സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നു അമിത് ഷാ. കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ പലകുറി നോട്ടീസ് നല്‍കിയിട്ടും പാലിക്കാന്‍ തയ്യാറാകാത്ത ആരോപണവിധേയന്‍. അവ്വിധം നോട്ടീസുകള്‍ നല്‍കിയ ജഡ്ജിമാരില്‍ ഒരാളെ സ്ഥലം മാറ്റിയത്, അമിത് ഷാ നേരിട്ട് ഹാജരായേ മതിയാകൂ എന്ന് അന്ത്യശാസനം നല്‍കിയതിന് തൊട്ടുപിറകെ. പകരം ചുമതലയേറ്റ ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയും കര്‍ക്കശക്കാരനായിരുന്നു. 100 കോടി രൂപ കോഴയായിരുന്നു പ്രലോഭനം. അതിന് വഴങ്ങാതെ, അമിത് ഷാ നേരിട്ട് ഹാജരായേ പറ്റൂ എന്ന് ജഡ്ജി ലോയ നിലപാടെടുത്തു. ദുരൂഹ സാഹചര്യത്തില്‍ മരിക്കാനായിരുന്നു ജഡ്ജിയുടെ വിധി. തുടര്‍ന്ന് ചുമതലയേറ്റ ജഡ്ജി, അമിത് ഷായുടെ വിടുതല്‍ ഹരജി മാത്രമല്ല, കേസില്‍ ആരോപണ വിധേയരായ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെയൊക്കെ വിടുതല്‍ ഹരജി അനുവദിച്ച് ഇനിയൊരു ഭീഷണി നേരിടാന്‍ ബാല്യമില്ലെന്ന് തെളിയിച്ചു. നടപ്പാക്കാന്‍ കഴിയുന്ന തീരുമാനങ്ങളെ എടുക്കാവൂ എന്നാണ് അന്ന് മുംബൈയിലെ പ്രത്യേക കോടതിയോട് അമിത് ഷാ പറയാതെ പറഞ്ഞത്. നടപ്പാക്കാന്‍ കഴിയാത്ത തീരുമാനങ്ങളെടുത്ത് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ദുരൂഹ സാഹചര്യത്തിലുള്ള സ്വാഭാവിക മരണം അസാധ്യമല്ലെന്ന് തെളിയിക്കുകയും.

നീതിന്യായ സംവിധാനത്തില്‍ ഇവ്വിധം ഇടപെട്ടതിന്റെ അനുഭവ പരിചയമുള്ളതുകൊണ്ടാണ് ‘നടപ്പാക്കാന്‍ കഴിയുന്ന വിധികളേ പുറപ്പെടുവിക്കാവൂ’ എന്ന് സുപ്രീം കോടതിയോട് പറയാനുള്ള ധൈര്യം അമിത് ഷാക്ക് ഉണ്ടാകുന്നത്. ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ പ്രസിഡന്റ്, അധികാര ശ്രേണിയിലെ രണ്ടാമന്‍ എന്നിവ നല്‍കുന്ന സാധ്യതകള്‍ക്കുപരിയായി ഏത് മാര്‍ഗവും സ്വീകരിക്കാനുള്ള അറപ്പില്ലായ്മയാണ് അതിന് ആധാരം. അതറിയാവുന്നതുകൊണ്ടാണ് സംഗതി കോടതിയലക്ഷ്യമല്ലേ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ മറുപടി നല്‍കാന്‍ താനില്ലെന്ന് പറഞ്ഞ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഒഴിഞ്ഞത്. കോടതിയലക്ഷ്യം പോയിട്ട് കോടതി ലക്ഷ്യം പോലുമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മൊഴിഞ്ഞത്. തുഷാര്‍ മേത്തക്ക് ഇത്തരം കാര്യങ്ങളിലുള്ള മുന്‍ പരിചയവും (കു)പ്രസിദ്ധം. ഗുജറാത്ത് വംശഹത്യാ ശ്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രോസിക്യൂഷന്‍ രേഖകള്‍ പ്രതിഭാഗത്തിന് ചോര്‍ത്തി നല്‍കി, കേസുകള്‍ അട്ടിമറിക്കുന്നതിന് മുന്‍കൈ എടുത്തയാളാണ് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനായ തുഷാര്‍ മേത്തയെന്ന ആരോപണം നേരത്തെയുണ്ട്. ചോര്‍ത്തിയെടുത്ത ഇ മെയിലുകള്‍ ഹാജരാക്കി ഈ ആരോപണം ഉന്നയിച്ചത്, ഐ പി എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടാകയാല്‍ ആരോപണത്തില്‍ അന്വേഷണമേതുമുണ്ടായില്ല. രണ്ട് ദശകം പിന്നിട്ട ഒരു കേസ് പൊടിതട്ടിയെടുത്ത് ഭട്ടിനെ ജയിലില്‍ അടച്ച് പലതിനും പ്രതികാരം ചെയ്യുമ്പോള്‍ കോടതികള്‍ അതിന് അനുവാദം നല്‍കുന്നതും അറപ്പില്ലായ്മകളെക്കുറിച്ച് അറിവുള്ളതുകൊണ്ടാണ്.

ശബരിമലയുടെ കാര്യത്തില്‍, വര്‍ഗീയ ധ്രുവീകരണത്തിനൊരു വഴി തുറന്നുകിട്ടുമെന്ന പ്രതീക്ഷയുള്ളതുകൊണ്ടു മാത്രമാണ് നടപ്പാക്കാവുന്ന വിധി മാത്രമേ പുറപ്പെടുവിക്കാവൂ എന്ന് മുന്നറിയിപ്പ് നല്‍കുന്നത്. പക്ഷേ, മുന്നറിയിപ്പ് നല്‍കുന്നത് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിനാണ്, ഭരണഘടനാ ദത്തമായ മൗലികാവകാശം അംഗീകരിച്ചേ മതിയാകൂ എന്ന് വിധിക്കുന്നവര്‍ക്കാണ്. വരും കാലത്ത് പുറപ്പെടുവിക്കാനിരിക്കുന്ന വിധികളെക്കൂടി ലക്ഷ്യമിടുന്നുണ്ടാകണം അമിത് ഷാ. ബാബരി മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി വിഭജിക്കണമെന്ന അലഹാബാദ് ഹൈക്കോടതിയുടെ വിധിയിന്‍മേലുള്ള അപ്പീലില്‍ തീര്‍പ്പുണ്ടാക്കുമ്പോള്‍ അത് നടപ്പാക്കാന്‍ കഴിയുന്നതാകണം. റാഫേലില്‍ അഴിമതി ആരോപിച്ച്, അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളില്‍ നടപ്പാക്കാന്‍ കഴിയുന്നത് മാത്രമേ വിധിക്കാവൂ. സി ബി ഐയിലെ അധികാരത്തര്‍ക്കത്തില്‍ തീരുമാനമെടുക്കുമ്പോള്‍ അത് നടപ്പാക്കാന്‍ സാധിക്കുന്നതാകണം. അങ്ങനെ പലത്.

നീതിന്യായ സംവിധാനം, ഹിന്ദുത്വ അജന്‍ഡകള്‍ക്കും അതിന് നേതൃത്വം നല്‍കുന്നവരുടെ ക്രമവിരുദ്ധമായ നടപടികള്‍ക്കും അരുനില്‍ക്കും വിധത്തിലേ ചിന്തിക്കാവൂ എന്ന് പരോക്ഷമായി പറയുകയാണ് അമിത് ഷാ. ഇനിയും പൂര്‍ണമായി വരുതിയിലാക്കാന്‍ ബാക്കിയുള്ളത് ജുഡീഷ്യറി മാത്രമാണെന്ന് മനസ്സിലാക്കിക്കൊണ്ടുള്ള പ്രയോഗമായി അമിത് ഷായുടെ വാക്കുകളെ കാണണം. നീതിന്യായ വ്യവസ്ഥയിലുള്ളവരെ പലതും ഓര്‍മിപ്പിക്കാനുള്ളതായും. ജുഡീഷ്യറിയിലുള്ള കൈകടത്തലുകളും അതിന് വിധേയരാകുന്നവരും ആത്യന്തികമായി ജനാധിപത്യത്തെ ഇല്ലാതാക്കുമെന്ന് പരസ്യമായി പറയാന്‍ ഇനിയാരും തയ്യാറാകേണ്ടതില്ലെന്ന താക്കീത് കൂടിയുണ്ട് ഈ വാക്കുകളില്‍. എങ്ങനെ തീരുമാനമെടുക്കണമെന്ന കല്‍പ്പന കേട്ടിട്ടും നീതിന്യായ സംവിധാനം മൗനം അവലംബിക്കുന്നത് ആ സംവിധാനത്തിന്റെ പ്രൗഢമായ പക്വത കൊണ്ടായിരിക്കാം. പക്ഷേ, ആ മൗനം ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം മറ്റൊന്നാണ്. വര്‍ഗീയ ഫാസിസത്തെ ചെറുക്കുന്നതില്‍, നീതിന്യായ സംവിധാനത്തെ വലിയതോതില്‍ ആശ്രയിക്കേണ്ടതില്ലെന്ന സന്ദേശം. ഏതായാലും, നിരോധനാജ്ഞ ശരിയാംവിധമാണോ നടപ്പിലാക്കുന്നത് എന്ന് സന്ദേഹിക്കുന്ന ഹൈക്കോടതികള്‍ ഷാമാരുടെ ഉത്തരവുകളെ ശരിയാംവിധം മനസ്സിലാക്കുന്നുണ്ട് എന്നുവേണം അനുമാനിക്കാന്‍.