കുട്ടികളുടെ സുരക്ഷ: പ്രത്യേക പദ്ധതികള്‍ രൂപപ്പെടണം- കാന്തപുരം

Posted on: November 22, 2018 9:33 am | Last updated: November 22, 2018 at 9:33 am
അബുദാബിയില്‍ ഇന്റര്‍ഫെയ്ത് അലയന്‍സ് ഫോറത്തില്‍ യു എ ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാനും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും

അബുദാബി: ഡിജിറ്റല്‍ സാങ്കേതികവിദ്യാ കാലഘട്ടത്തില്‍ കുട്ടികളുടെ സംരക്ഷണവും സുരക്ഷയും നഷ്ടപ്പെടാതിരിക്കാന്‍ മതസമൂഹങ്ങള്‍ക്കിടയില്‍ പ്രത്യേക പദ്ധതികള്‍ രൂപപ്പെടണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. അബുദാബിയില്‍ ഇന്റര്‍ ഫെയ്ത്ത് അലയന്‍സ് ഫോറം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ ശുദ്ധപ്രകൃതിയില്‍ ജനിക്കുന്നവരാണ്. അല്ലാഹുവിന്റെ അനുഗ്രഹമായാണ് കുട്ടികളെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. വീടുകളെയും സമൂഹത്തെയും സന്തോഷിക്കുന്നതും പ്രതീക്ഷ നല്‍കുന്നതും അവരുടെ സാന്നിധ്യം കൊണ്ടാണ്.

നിഷ്‌കളങ്കരായ കുട്ടികളുടെ ജീവിതപരിസരം നിര്‍ണയിക്കുന്നതും രൂപപ്പെടുത്തുന്നതും രക്ഷിതാക്കളും അധ്യാപകരും ഉള്‍പെടുന്ന സമൂഹമാണ്. അവരുടെ അന്തസ്സിനും അഭിമാനത്തിനും അനുഗുണമായ പഠനം നല്‍കി കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ സമൂഹം ശ്രദ്ധിക്കേണ്ടതുണ്ട്. ഉന്നതമായ മൂല്യങ്ങള്‍ അവരില്‍ സന്നിവേശിപ്പിക്കാനും ധാര്‍മികമൂല്യങ്ങള്‍ ജീവിതത്തിലുടനീളം സൂക്ഷിക്കുന്നതിനുള്ള പാഠങ്ങള്‍ അവര്‍ക്ക് പകര്‍ന്നു നല്‍കാനും ശ്രദ്ധിക്കണം.
സോഷ്യല്‍ മീഡിയ അടക്കമുള്ള നവമാധ്യമങ്ങള്‍ നിഷ്‌കളങ്കരായ നമ്മുടെ കുട്ടികളെ വഴിപിഴപ്പിക്കുന്നതും ജീവന്‍ കവരുന്നതുമായ സാഹചര്യങ്ങള്‍ വര്‍ധിച്ചു വരുന്നത് ആശങ്കയോടെയാണ് കാണാനാവുക. വ്യാപകമായി വരുന്ന ഇത്തരം നെറ്റ്‌വര്‍ക്കുകളുടെ സ്വാധീനത്തില്‍ പെട്ട് കുട്ടികള്‍ വഴിപിഴക്കുന്ന സാഹചര്യം അനുദിനം വര്‍ധിച്ചുവരികയാണ്.

ബ്ലൂവെയില്‍ ഗെയിമുകള്‍, മരണ ഗ്രൂപ്പുകള്‍ തുടങ്ങി കുട്ടികളെ കെണിവലയിലാക്കാന്‍ അനുദിനം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംവിധാനങ്ങളെക്കുറിച്ച് നാം ബോധവാന്മാരാകണം. ഫലപ്രദമായി ഉപയോഗിക്കേണ്ട സോഷ്യല്‍ മീഡിയ അടക്കമുള്ള സാങ്കേതിക വിദ്യകളെ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ രാജ്യങ്ങള്‍ കര്‍ശനമായി നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. കുട്ടികള്‍ക്ക് സൈബര്‍ സുരക്ഷ ഒരുക്കുന്നതില്‍ യുഎഇ ഭരണകൂടം കാണിക്കുന്ന നിതാന്ത ജാഗ്രതയും ഫലപ്രദമായ ഇടപെടലും ഈ അവസരത്തില്‍ പ്രത്യേകം എടുത്തുപറയേണ്ടതാണെന്ന് കാന്തപുരം പറഞ്ഞു

രണ്ടുദിവസങ്ങളിലായി അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ ലോകപ്രശസ്തരായ പണ്ഡിതരും നേതാക്കളുമാണ് സംബന്ധിച്ചത്.