Connect with us

Kerala

കേന്ദ്രമന്ത്രിയുടെ വാഹന വ്യൂഹം പമ്പയില്‍ പോലീസ് തടഞ്ഞു; വിവാദം

Published

|

Last Updated

പത്തനംതിട്ട: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹന വ്യൂഹം പമ്പയില്‍ പോലീസ് തടഞ്ഞു. പമ്പ കെ എസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ശബരിമല പ്രക്ഷോഭത്തില്‍ പങ്കെടുത്ത ആള്‍ വാഹനത്തിലുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പോലീസ് വാഹനം തടഞ്ഞത്. മൂന്ന് വാഹനങ്ങളാണ് വാഹന വ്യൂഹത്തിലുണ്ടായിരുന്നത്. സ്വകാര്യ വാഹനങ്ങളായിരുന്നു ഇവ. മൂന്നാമത്തെ വാഹനം അല്‍പം വൈകിയാണ് എത്തിയത്. ഈ വാഹനമാണ് പോലീസ് തടഞ്ഞത്. എന്നാല്‍, പോലീസ് പരിശോധനയില്‍ പ്രതിഷേധക്കാരനെ കണ്ടെത്താനായില്ല.

സംശയത്തെ തുടര്‍ന്നാണ് വാഹനം തടഞ്ഞതെന്നും എന്താണ് സംഭവിച്ചതെന്ന് മന്ത്രിയെ ബോധ്യപ്പെടുത്തിയതായും ഇക്കാര്യം രേഖാ മൂലം എഴുതി നല്‍കിയെന്നും എസ്പി ഹരിശങ്കര്‍ അറിയിച്ചു. പോലീസ് കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞെന്ന രീതിയില്‍ വാര്‍ത്ത പരന്നതിനാലാണ് വിശദീകരണണെന്നും പോലീസ് അറിയിച്ചു. മന്ത്രിയുടെ വാഹനമാണെന്ന് അറിഞ്ഞതോടെ പോലീസ് മാപ്പ് പറഞ്ഞുവെന്ന് നേരത്തേ റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും മാപ്പ് പറഞ്ഞിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പമ്പയില്‍ പോലീസ് തടഞ്ഞെന്ന രീതിയിലായിരുന്നു പ്രചാരണം. തടഞ്ഞ വാഹനത്തിലുള്ളവര്‍ മന്ത്രിയെ തിരികെ വിളിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു.

ഇന്നലെ, മന്ത്രി പൊന്‍ രാധാകൃഷ്ണനെ നിലയ്ക്കലില്‍ എസ് പി യതീഷ് ചന്ദ്ര തടഞ്ഞത് വിവാദമായിരുന്നു. സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടണമെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും എസ് പി അതിന് അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് മന്ത്രിയും എസ്പിയും തമ്മില്‍ വാക്തകര്‍ക്കമുണ്ടായിരുന്നു. സ്വകാര്യവാഹനങ്ങള്‍ കടത്തിവിട്ട് ഗതാഗതക്കുരുക്ക് ഉണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്ന് എസ്പിയുടെ ചോദ്യത്തിന് മുന്നില്‍ മന്ത്രി പരുങ്ങി. എസ്പിയുടെ ചോദ്യങ്ങള്‍ ശരിയായിരുന്നില്ലെന്ന് മന്ത്രി പിന്നീട് പ്രതികരിച്ചു.

Latest