ശിവസേന പരിപാടിയില്‍ ലീഗ് ഗ്രാമപഞ്ചായത്ത് അംഗം പങ്കെടുത്തത് വിവാദത്തില്‍

Posted on: November 22, 2018 8:56 am | Last updated: November 22, 2018 at 8:56 am

മാവൂര്‍: ശിവസേന സംഘടിപ്പിച്ച പരിപാടിയില്‍ മുസ്‌ലിം ലീഗിലെ പെരുവയല്‍ ഗ്രാമ പഞ്ചായത്ത് അംഗം പങ്കെടുത്തത് വിവാദത്തില്‍. കഴിഞ്ഞ ദിവസം കുറ്റിക്കാട്ടൂര്‍ ചെമ്മലത്തൂരില്‍ നടന്ന ശിവസേനയുടെ പരിപാടിയില്‍ പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ സഫിയ മാക്കിനിയാട്ട് പങ്കെടുത്തതാണ് വിവാദത്തിലായത്. പരിപാടിയില്‍ ശിവസേന നേതാവായിരുന്ന ബാല്‍ താക്കറെയുടെ ആറാം ചരമ വാര്‍ഷികം ഉദ്ഘാടനം ചെയ്തത് അംഗമാണ്. നടപടി മുസ്‌ലിം ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചതായാണ് വിവരം.

മെമ്പറുടെ നടപടി അപരാധമാണെന്ന് കാണിച്ച് മുസ്‌ലിം ലീഗുകാരനായ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. സംഘ് പരിവാര്‍ സംഘടനകളുടെ വേദിയിലും എസ് ഡി പി ഐ പരിപാടികളിലും ലീഗ് നേതാക്കള്‍ പങ്കെടുക്കരുതെന്ന ലീഗിന്റെ നയമാണ് സഫിയ ലംഘിച്ചതെന്ന് പോസ്റ്റില്‍ ഉണ്ട്. ഇതില്‍ ശിവസേനയും പെടുമെന്ന് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.

സഫിയക്കെതിരെ നടപടി വേണമെന്ന് ലീഗ് അണികള്‍ പോസ്റ്റിനു താഴെ കമന്റിടുകയും ചെയ്തിട്ടുണ്ട്. നേരെത്തെ എസ് ഡി പി ഐ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത പഞ്ചായത്ത് അംഗത്തിനെതിരെ ലീഗ് നടപടി എടുത്തിരുന്നു. പരുക്കേറ്റ് കിടക്കുന്ന ആളിനുള്ള സഹായ വിതരണത്തിന് ക്ഷണിച്ചത് കൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും പരിപാടിക്കിടെ താക്കറെയുടെ ചരമ വാര്‍ഷികം നിര്‍വഹിക്കേണ്ടി വന്നത് അറിയാതെ സംഭവിച്ചതാണെന്നും സഫിയ പറഞ്ഞു.