Connect with us

Editorial

ഒത്തുതീര്‍പ്പോ കീഴടങ്ങലോ?

Published

|

Last Updated

കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബേങ്കും തമ്മിലുള്ള ശീതയുദ്ധത്തിന് താത്കാലിക വിരാമം വന്നിരിക്കുകയാണ്. തിങ്കളാഴ്ച ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ബേങ്ക് നിലപാട് മയപ്പെടുത്തിയതോടെയാണ് പ്രശ്‌നം പരിഹൃതമായതെന്നാണ് റിപ്പോര്‍ട്ട്. റിസര്‍വ് ബേങ്കിന്റെ 9.6 ലക്ഷം കോടി രൂപ കരുതല്‍ധനത്തിന്റെ മൂന്നിലൊന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതും വായ്പയുടെ കാര്യത്തില്‍ ബേങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശനചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ നിര്‍ദേശം നല്‍കിയതുമാണ് ഭിന്നതക്ക് മുഖ്യകാരണം. ആര്‍ ബി ഐ ആക്ടിലെ സെക്ഷന്‍ ഏഴ് പ്രകാരം പൊതുജന താത്പര്യാര്‍ഥമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാറിന് ആര്‍ ബി ഐക്ക് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കാമെങ്കിലും ഇക്കാലമത്രയും മറ്റൊരു സര്‍ക്കാറും ഇത്തരമൊരു ഇടപെടല്‍ നടത്തിയിട്ടില്ല. തൊണ്ണൂറുകളുടെ ആദ്യത്തില്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോള്‍ പോലും സര്‍ക്കാര്‍ ഈ അധികാരം പ്രയോഗിച്ചിട്ടില്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു ഇടപെടല്‍.

റിസര്‍വ് ബേങ്കിന്റെ കരുതല്‍ ശേഖരവും ബേങ്കുകള്‍ നിയമപ്രകാരം സൂക്ഷിക്കേണ്ട മൂലധനശേഖരവും രാജ്യാന്തര മാനദണ്ഡങ്ങളനുസരിച്ച് പരിഷ്‌കരിക്കുക വഴി വികസനാവശ്യങ്ങള്‍ നിറവേറാന്‍ വേണ്ടത്ര പണം ലഭ്യമാക്കണമെന്നാണ് സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍, ഇത് ആപത്കരമാണെന്നാണ് ബേങ്കിന്റെ വാദം. വികസ്വരരാജ്യമായ ഇന്ത്യയിലെ സാഹചര്യം വികസന രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമാണ്. ആഗോള സാമ്പത്തികാഘാതങ്ങള്‍ ഇന്ത്യയെ ബാധിക്കാതിരിക്കണമെങ്കില്‍ കൂടിയ കരുതല്‍ വേണം. കേന്ദ്രസര്‍ക്കാര്‍ ദുര്‍ബലമാണെങ്കില്‍ കേന്ദ്രബേങ്ക് അതിശക്തമായിരിക്കണം. കര്‍ക്കശ ആഭ്യന്തര മാനദണ്ഡങ്ങളാണ് രാജ്യത്തെ ബാങ്കിങ് വ്യവസായത്തെപിടിച്ചുനിര്‍ത്തുന്നത്.

രാജ്യത്തെ പൊതുമേഖലാ ബേങ്കുകള്‍ കടുത്ത പ്രതിസന്ധിയിലാണിന്ന്. ഇതുമൂലമുണ്ടായ വിപണിയിലെ ധനലഭ്യതയുടെ ഇടിവ് സര്‍ക്കാറിനെയുംപ്രയാസത്തിലാക്കിയിട്ടുണ്ട്. ആര്‍ ബിഐയുടെ കര്‍ക്കശ നിയന്ത്രണങ്ങളാണ് ഇതിന് കാരണമെന്നാണ് കേന്ദ്ര ധനമന്ത്രാലയം ആരോപിക്കുന്നത്. യഥാര്‍ഥത്തില്‍ ഇത് സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ ആര്‍ ബി ഐയുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം. കിട്ടാക്കടങ്ങളാണ് ബേങ്കുകളെ പ്രതിസന്ധിയിലാക്കിയത്. ഇതിനുത്തരവാദി റിസര്‍വ് ബേങ്കല്ല. കടങ്ങള്‍ തിരിച്ചു പിടിക്കുന്നതില്‍ കാണിക്കുന്ന അനാസ്ഥയാണ്. പൊതുമേഖലാ ബേങ്കുകളെ നിയന്ത്രിക്കുന്ന സര്‍ക്കാറാണ് ഇതിന് മുന്‍കൈയെടുക്കേണ്ടത്. കിട്ടാക്കടങ്ങളില്‍ 80 ശതമാനത്തിന് മുകളില്‍ കോര്‍പറേറ്റുകളുടേതാണ്. ഇവരെ തൊടാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാകുന്നില്ല. ഇങ്ങനെ കടം തിരിച്ചുപിടിക്കുന്നതില്‍ കടുത്ത വീഴ്ച വരുത്തിയ ബേങ്കുകളോട് ഇനിയും വായ്പയുടെ കാര്യത്തില്‍ ഉദാരത കാണിച്ചാല്‍ ബേങ്കുകളുടെ സാമ്പത്തിക ഭദ്രത തകരും. വലിയ വായ്പകള്‍ പുതുതായി നല്‍കുന്നതില്‍ നിന്ന് ബേങ്കുകളെ ആര്‍ ബി ഐ വിലക്കിയതിന്റെ കാരണമിതാണ്.

സാമ്പത്തിക രംഗത്തെ മന്ദീഭാവം ഒഴിവാക്കി ഉണര്‍വ് സൃഷ്ടിക്കാനാണ് റിസര്‍വ് ബേങ്കിനോട് പണം ആവശ്യപ്പെടുന്നതെന്നും ഹൗസിഗ്, ഫിനാന്‍സിംഗ് കമ്പനികള്‍ തകരുന്നത് ഒഴിവാക്കാന്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് കൂടുതല്‍ പണം ലഭ്യമാക്കേണ്ടതുണ്ടെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിപണിയിലെ മാന്ദ്യം സര്‍ക്കാറിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കമാണിത്. കഴിഞ്ഞ നാലര വര്‍ഷവും വികസന കാര്യങ്ങളില്‍ ചിന്തിക്കാതെ കേവല ഹിന്ദുത്വ അജന്‍ഡ നടപ്പിലാക്കുന്നതിലായിരുന്നു മോദി സര്‍ക്കാറിന്റെ മുഖ്യശ്രദ്ധ. ഇത് ഭരണത്തിനെതിരെ ജന വികാരം രൂപപ്പെടാനിടയാക്കിയിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സംഘ്പരിവാര്‍ സഹയാത്രികരായ വ്യവസായികളെ സഹായിക്കാനാണ് വായ്പാ നിയമങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ വാശിപിടിക്കുന്നതെന്നും പറയപ്പെടുന്നുണ്ട്. ഇങ്ങനെ രാഷട്രീയ താത്പര്യങ്ങള്‍ക്കായി മൂലബേങ്കിലെ സമ്പാദ്യം ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ രാജ്യത്തിന്റെ സാമ്പത്തിക നില എന്താകും?

കരുതല്‍ ധനശേഖരം കുറച്ച് മൂന്നിലൊന്ന് സര്‍ക്കാറിന് വിട്ടുകൊടുക്കുന്ന കാര്യവും ചെറുകിട, ബേങ്കുകളോട് ഉദാര സമീപനം സ്വീകരിക്കുന്നതിനെക്കുറിച്ചും പഠിക്കാനായി വിദഗ്ധ സമിതി രൂപവത്കരിക്കാനാണ് ആര്‍ ബി ഐ യോഗത്തിലെ തീരുമാനം. ഇത്‌സംബന്ധിച്ച് വിദഗ്ധ സമിതി മൂന്ന് മാസത്തിനുള്ളില്‍ പഠിച്ചു റിപ്പോര്‍ട്ട് നല്‍കും. വായ്പാ തട്ടിപ്പുകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ പൊതുമേഖലാ ബേങ്കുകളുടെ പ്രവര്‍ത്തനത്തില്‍ നിര്‍ദേശിച്ച നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കാനും വിപണിയിലെ മാന്ദ്യം പരിഹരിക്കുന്നതിന് 8000 കോടി രൂപയുടെ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വാങ്ങാനും ആര്‍ ബി ഐ സമ്മതിച്ചിട്ടുണ്ട്. മൂന്ന് മാസം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ ആര്‍ ബി ഐ ഡയറക്ടറേറ്റിലേക്ക് നോമിനേറ്റ് ചെയ്ത ആര്‍ എസ് എസ് സൈദ്ധാന്തികന്‍ സ്വാമിനാഥന്‍ ഗുരുമൂര്‍ത്തിയുടെ ശക്തമായ ഇടപെടലും ആര്‍ ബി ഐയുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുമെന്ന സര്‍ക്കാര്‍ ഭീഷണിയുമാണ് നിലപാടില്‍ കടുത്ത അയവ് വരുത്താന്‍ ബേങ്കിനെ നിര്‍ബന്ധിതനാക്കിയത്. യഥാര്‍ഥത്തില്‍ ഇതൊരു ഒത്തുതീര്‍പ്പല്ല, ബേങ്കിന്റെ കീഴടങ്ങലാണ്. ആര്‍ ബി ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ബേങ്കിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഗത്യന്തരമില്ലാതെ അദ്ദേഹം സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് വഴങ്ങുകയാണുണ്ടായത്.