Connect with us

International

വിവാദ പരാമര്‍ശം; ആസ്‌ത്രേലിയ വിളിച്ചു ചേര്‍ത്ത സമ്മേളനം മുസ്‌ലിം പണ്ഡിതര്‍ ബഹിഷ്‌കരിച്ചു

Published

|

Last Updated

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായുള്ള വട്ടമേശാ ചര്‍ച്ച ആസ്‌ത്രേലിയയിലെ മുസ്‌ലിം നേതാക്കള്‍ ബഹിഷ്‌കരിച്ചു. ഭീകരവാദ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സ്‌കോട്ട് മോറിസണ്‍ ഇവര്‍ക്കയച്ച കത്തിലെ വിവാദ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണം.

മെല്‍ബണില്‍ നടന്ന തീവ്രവാദി ആക്രമണ പശ്ചാത്തലത്തില്‍ രാജ്യത്തെ മുസ് ലിം നേതാക്കളുമായി വട്ടമേശാ ചര്‍ച്ചക്ക് സ്‌കോട്ട് മോറിസണ്‍ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, ഭീകരവാദ ആശയം പേറുന്നവര്‍ക്കെതിരെ പ്രതിരോധനിര തീര്‍ക്കാന്‍ മുസ്‌ലിം നേതാക്കള്‍ക്ക് ബാധ്യതയുണ്ടെന്ന്, മുസ്‌ലിംകളെ മാത്രം ലക്ഷ്യമാക്കി മോറിസണ്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഇതേ തുടര്‍ന്ന് വട്ടമേശാ ചര്‍ച്ചക്ക് താത്പര്യമില്ലെന്ന് ആസ്‌ത്രേലിയയിലെ ഗ്രാന്‍ഡ് മുഫ്തി ഇബ്‌റാഹിം അബൂ മുഹമ്മദും മറ്റു മത നേതാക്കളും പ്രധാനമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയും സര്‍ക്കാറിലെ മുതിര്‍ന്ന നേതാവും പുറത്തുവിട്ട പ്രസ്താവനയില്‍ ആസ്‌ത്രേലിയയിലെ മുസ്‌ലിംകള്‍ക്കാകെ ആശങ്കയുണ്ട്്. ഇതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു.

ഒരു സമുദായത്തിലെ ഒരംഗം ചെയ്യുന്ന തെറ്റിന്റെ പേരില്‍ ആ സമുദായത്തെ മുഴുവന്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതും കുറ്റവാളികളാണെന്ന് പ്രഖ്യാപിക്കുന്നതും ശരിയായ രീതിയല്ല. ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കണ്ടില്ലെന്ന് നടിക്കുകയല്ല. മറിച്ച് ഒരു വിഭാഗത്തെ അരിക്‌വത്കരിച്ചുകൊണ്ടുള്ള പ്രസ്താവനകളിലുള്ള എതിര്‍പ്പ് വ്യക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ ഇവര്‍ വ്യക്തമാക്കി. തങ്ങളുടെ ആവശ്യങ്ങളും ന്യായങ്ങളും പ്രധാനമന്ത്രി ഉള്‍ക്കൊള്ളാന്‍ തയ്യാറായാല്‍, മറ്റൊരു ദിവസം വട്ടമേശാ ചര്‍ച്ചക്ക് ഒരുക്കമാണെന്നും കത്തില്‍ പറയുന്നു.

നവംബര്‍ ഒമ്പതിനാണ് മെല്‍ബണില്‍ ഇസില്‍ തീവ്രവാദി ആശയങ്ങളില്‍ ആകൃഷ്ടനായ സോമാലി വംശജനായ ഒരാള്‍ ആക്രമണം നടത്തിയത്. കത്തിക്കൊണ്ടുള്ള ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. അക്രമിയെ പിന്നീട് പോലീസ് വെടിവെച്ചു കീഴ്‌പ്പെടുത്തിയിരുന്നു. ആക്രമണത്തിന് പദ്ധതിയിട്ട മറ്റു മൂന്ന് പേരെ കൂടി ഈ ആ്‌ഴ്ച മെല്‍ബണ്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.