കുപ്പയിലെ കുഞ്ഞ്

കഥ
Posted on: November 21, 2018 8:05 pm | Last updated: November 21, 2018 at 8:05 pm

ചാറ്റല്‍ മഴയുള്ള രാത്രിയുടെ രണ്ടാം യാമത്തിലാണ് കുട്ടി കുപ്പയിലേക്ക് തള്ളപ്പെടുന്നത്. ഒരു നേര്‍ത്ത പഞ്ഞിക്കെട്ട് പോലെ ചപ്പുചവറുകള്‍ക്ക് മീതെ രാത്രിയുടെ പകുതിയോളം അവന്‍ നിദ്രയിലായിരുന്നു. സൂര്യന്‍ വെളിച്ചം വീശുന്നതിനും എത്രയോ മുമ്പ് അവന്‍ ഉണരുകയും വാവിട്ട് കരയുകയും ചെയ്തു.
ഗര്‍ഭപാത്രത്തിന്റെ വഴുവഴുപ്പില്‍ നിന്നും പുറത്തേക്ക് വന്നിട്ട് മണിക്കൂറുകള്‍ ആവുന്നതേ ഉള്ളൂ. ചുരുണ്ട മുടിയുള്ള ചുവപ്പ് കലര്‍ന്ന വെളുത്ത കുഞ്ഞ്. കറുത്ത് നീലിച്ച ചുണ്ടില്‍ ദീനമായ ഒരു രോദനം പ്രത്യക്ഷപ്പെടുകയും സൂര്യ വെളിച്ചം ചൂട് പിടിച്ച് തുടങ്ങിയതോടെ അത് ശക്തിയാര്‍ജിക്കുകയും ചെയ്തു.
ഒരു നേര്‍ത്ത കാറ്റ് രൂക്ഷ ഗന്ധം പരത്തി അവനെ കടന്ന് പോയി. നീണ്ട് മെലിഞ്ഞ് അലസനായ ഒരു തെരുവ് പട്ടി ചപ്പ് ചവറുകള്‍ക്കിടയിലൂടെ അന്നം തേടി പരതി നടന്നു. കുഞ്ഞ് നീലിച്ച ചുണ്ടുകള്‍ പിളര്‍ത്തി ഒച്ചയില്ലാതെ ഞരങ്ങി. പട്ടി ഒരു വൃത്തികെട്ട ശബ്ദം പുറപ്പെടുവിച്ച് കുഞ്ഞിനോരം ചേര്‍ന്ന് ചുരുണ്ട തലമുടി ഒന്ന് മണപ്പിച്ചു നോക്കി.
കുഞ്ഞ് നേര്‍ത്ത വരപോലുള്ള കണ്ണുകള്‍ തുറന്നടച്ച് ഞരങ്ങി. പട്ടി കുഞ്ഞിനെ വലം വെക്കുകയും നീണ്ട നാസിക നീട്ടി മണപ്പിക്കുകയും ചെയ്തു. ചോരയുടെ തുളച്ചുകയറുന്ന മണം സിരകളെ ത്രസിപ്പിച്ചതിനാലാകണം പട്ടി ഒന്ന് മുരണ്ട്, തല വലിച്ചു.
വെയിലിന് ചൂട് കൂടിക്കൊണ്ടിരുന്നു. ‘ ക്രാ… ക്രാ…’ ശബ്ദം പുറപ്പെടുവിച്ച് ഒരു കാക്ക കുഞ്ഞിനോരം ചേര്‍ന്ന് പറന്നിറങ്ങി. നരച്ച ചിറകുകളുള്ള കാക്ക തല ചരിച്ച് കുഞ്ഞിന്റെ മുടികളിലൊന്ന് കൊത്തി വലിച്ചു. പട്ടി നീണ്ട നാസിക നീട്ടി മുരണ്ടു.
അപ്പോഴാണ് മഴയെത്തിയത്. ദയയില്ലാതെ അവള്‍ തുള്ളി ച്ചാടി. കറുത്തൊട്ടിയ ചുണ്ട് പിളര്‍ത്തി കുഞ്ഞ് ഒരിറ്റ് വെള്ളം കുടിച്ചിറക്കി.
നരച്ച കാക്കകള്‍ പറ്റം പറ്റമായി പറന്നിറങ്ങുകയും ‘ക്രാ… ക്രാ…’ ശബ്ദം പുറപ്പെടുവിച്ച് കുഞ്ഞിനെ വലം വെക്കുകയും ചെയ്തു. പട്ടി നാവ് നീട്ടി അന്തിച്ച് നിന്നു. കാക്കകളിലൊന്ന് കുഞ്ഞിന്റെ ഒട്ടിയ വയറില്‍ കാലൂന്നി അമര്‍ന്നിരുന്നു. നാവ് നീട്ടി പട്ടി കിതച്ചു. നരച്ച ചിറക് വിടര്‍ത്തി കാക്ക ദൂരേക്ക് പറന്ന് പോയി.
ഒന്ന്, രണ്ട്, മൂന്ന്..
മണിക്കൂറുകള്‍ വേഗത്തില്‍ കടന്നുപോയി. സൂര്യ വെളിച്ചം വീണ്ടും ചൂട് പകര്‍ന്നു. പട്ടി നാവ് നീട്ടി കിതച്ച് കുഞ്ഞിനെ വലം വെച്ചു കൊണ്ടിരുന്നു. ചോര നിറമുള്ള ശരീരത്തില്‍ ഗര്‍ഭപാത്രത്തിന്റെ വഴുവഴുപ്പൊട്ടി വെയിലില്‍ തിളങ്ങി. രക്തക്കറയുള്ള പൊക്കിള്‍ക്കൊടിയില്‍ ഒരു ചോണനുറുമ്പ് പ്രത്യക്ഷപ്പെട്ടു. പട്ടി നാസിക നീട്ടി മുന്നോട്ടായുകയും നിസ്സഹായനായി തല തിരിച്ച് മോങ്ങുകയും ചെയ്തു. അതിവേഗം ചോണനുറുമ്പുകള്‍ കൂട്ടം കൂട്ടമായി വന്നു ചേരുകയും പൊക്കിള്‍കൊടിയില്‍ കുമിഞ്ഞ് കൂടുകയും ചെയ്തു.
വരണ്ട തൊണ്ടയില്‍ വീണ്ടും ശക്തി ക്ഷയിച്ച ഒരു കരച്ചില്‍ പ്രത്യക്ഷപ്പെടുകയും കറുത്തൊട്ടിയ ചുണ്ടുകളിലെത്തി നിശ്ശബ്ദമാവുകയും ചെയ്തു. പോള കീറിയാ വരപോലുള്ള കണ്ണുകള്‍ തുറന്നടച്ച് കൈകാലുകളൊന്ന് ആഞ്ഞു നീട്ടി, കുഞ്ഞ് നിശ്ചലം മലര്‍ന്ന് കിടന്നു.
സൂര്യന്‍ അസ്തമിക്കുകയും നിലാവ് പരക്കുകയും ചെയ്തു. അപ്പോഴും ദയനീയമായി മോങ്ങി പട്ടി കുഞ്ഞിനെ വലം വെച്ചു കൊണ്ടിരുന്നു. ഇടക്ക് കൈ നീട്ടി ഒന്നിളക്കി നോക്കി. നിശ്ചലമായ ശരീരം കണ്ട് അന്തിച്ച് നിന്നു.
ഒന്ന്, രണ്ട്, മൂന്ന്
മണിക്കൂറുകള്‍ വീണ്ടും കടന്ന് പോയി. പട്ടി, കിതച്ച് മണ്ണ് മണത്തു. കൈ നീട്ടി മണ്ണ് മാന്തി വേഗത്തില്‍ ഒരു ചെറിയ കുഴി തീര്‍ത്തു. നിലാവ് വെളിച്ചം പകര്‍ന്നു.
മെലിഞ്ഞ് ശോഷിച്ച കൈ നീട്ടി പട്ടി കുഞ്ഞിനെ ഉരുട്ടി. അനക്കമില്ലാത്ത വിറങ്ങലിച്ച ആ പിഞ്ചു ശരീരം നാസിക കൊണ്ട് തള്ളി കുഴിയിലാഴ്ത്തി. ഇരു കൈ കൊണ്ടും മണ്ണ് മാന്തി കുഴിയിലേക്ക് തള്ളി. മിനുട്ടുകള്‍ കൊണ്ട് അവിടെ ഒരു കുഞ്ഞ് മണ്‍കൂന ഉയര്‍ന്നു വന്നു.

നിലാവ് മാഞ്ഞു. മഴ വീണ്ടും ശക്തിയാര്‍ജിച്ച് പെയ്തു തുടങ്ങി. നീണ്ടു മെലിഞ്ഞ ആ തെരുവ് പട്ടി അപ്പോഴും നാവ് നീട്ടി കിതച്ച് ആ മണ്‍കൂനയെ വലം വെച്ചുകൊണ്ടിരുന്നു.
.