Connect with us

Prathivaram

പരിചയം നടുക്കം മാറാതെ...

Published

|

Last Updated

ശറഫുദ്ദീന്‍ മുനക്കകടവ് തൃശൂര്‍ മെഡിക്കല്‍ കോളജിന് സമീപം വെച്ച് സംഭവം വിശദീകരിക്കുന്നു

അപകടങ്ങളില്‍ പെട്ട് ശരീരം ചതഞ്ഞരഞ്ഞ മൃതദേഹങ്ങള്‍, പഴക്കം ചെന്ന് വികൃതമായവ, കത്തിക്കരിഞ്ഞ് മാംസം പോലും അവശേഷിച്ചിട്ടില്ലാത്തവ, മാരകരോഗങ്ങളെ തുടര്‍ന്ന് ജീര്‍ണിച്ചവ… ഇതുപോലെയുള്ള എണ്ണിയാലൊടുങ്ങാത്ത മൃതദേഹങ്ങള്‍ വേണ്ടവിധം പരിപാലിച്ച് പരിചയമുള്ളയാളാണ് തൃശൂര്‍ മുനക്കക്കടവ് സ്വദേശി ശറഫുദ്ദീന്‍. അസ്വാഭാവിക മരണത്തിന് കീഴടങ്ങി പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കപ്പെട്ട നൂറുകണക്കിന് മൃതദേഹങ്ങളാണ് തൃശൂരിലെ ജീവകാരുണ്യ സാന്ത്വന മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കുളിപ്പിച്ചിട്ടുള്ളത്. എത്ര പഴകി ജീര്‍ണിച്ചവയാണെങ്കിലും മരണാനന്തര കര്‍മത്തിലെ പ്രധാന കാര്യമായ കുളിപ്പിക്കലിന് മുന്‍പന്തിയിലുണ്ടാകും. ഇതിനായി ശറഫുദ്ദീന്‍ എത്താത്ത ആശുപത്രികള്‍ തൃശൂര്‍ നഗരത്തിലില്ല.

1825 ദിവസങ്ങള്‍ക്ക് മുമ്പ് ആ കാഴ്ച
വര്‍ഷങ്ങളായുള്ള ഇടപഴക്കത്തില്‍ നിന്ന് ആര്‍ജിച്ച പതറാത്ത മനസ്സും ഉള്‍ക്കരുത്തുമാണ് ശറഫുദ്ദീന്. എന്നാല്‍, അഞ്ച് വര്‍ഷം മുമ്പ് നടന്ന മണ്ണാര്‍ക്കാട് കല്ലാംകുഴി ഇരട്ട കൊലപാതകത്തില്‍ മരിച്ചവരുടെ മയ്യിത്ത് കുളിപ്പിച്ചതിനെ കുറിച്ച് എപ്പോള്‍ ചോദിച്ചാലും ശറഫുദ്ദീന്റെ കണ്ഠമിടറും. വാക്കുകള്‍ നിലക്കും. കണ്ണുകള്‍ നിറയും. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആ ദിവസങ്ങള്‍ ഓര്‍ക്കാന്‍ ഭയമാണ്. ജീവിത യാത്രക്കിടെ ഇതുപോലുള്ള നടുക്കങ്ങള്‍ക്ക് മൂകസാക്ഷിയാകേണ്ടി വരുമെന്ന് ചിന്തിക്കുക പോലും ചെയ്തിരുന്നില്ല. കാപാലികരുടെ വെട്ടേറ്റ് മരിച്ച സുന്നി പ്രവര്‍ത്തകരായ സഹോദരന്മാരുടെ ഛിന്നഭിന്നമായ മയ്യിത്തുകളുടെ ദാരുണ ദൃശ്യം കണ്ട് അത്രമേല്‍ നടുങ്ങിയിരുന്നുവെന്ന് ശറഫുദ്ദീന്‍ പറയുന്നു.

2013 നവംബര്‍ 21നാണ് ആ ദാരുണ രംഗത്തിന് ശറഫുദ്ദീന് സാക്ഷിയാകേണ്ടി വന്നത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിനടുത്ത് രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റെന്ന വാര്‍ത്തയാണ് ആദ്യം ലഭിച്ചത്. സ്വാഭാവികമായും പരുക്കേറ്റവരെ വിദഗ്ധ ചികിത്സക്കായി തൃശൂരില്‍ കൊണ്ടുവരുമെന്ന് ശറഫുദ്ദീന് അറിയാമായിരുന്നു. അല്‍പ്പ സമയത്തിനകം രണ്ട് പേരും മരിച്ചെന്നും പോസ്റ്റുമോര്‍ട്ടം നടപടിക്രമങ്ങള്‍ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിക്കുമെന്നും വിവരം ലഭിച്ചു. പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ ശറഫുദ്ദീന്‍ ആശുപത്രി ലക്ഷ്യമാക്കി പുറപ്പെട്ടു. സമയം രാവിലെ 8.30 കഴിഞ്ഞുകാണും. അക്രമികളുടെ നിഷ്ഠുരമായ ആക്രമണത്തില്‍ ശരീരമാസകലം വെട്ടിപ്പൊളിഞ്ഞ് കല്ലാംകുഴി പള്ളത്ത്‌വീട്ടില്‍ കുഞ്ഞുഹംസുവിന്റെയും സഹോദരന്‍ നൂറുദ്ദീന്റെയും മയ്യിത്തുകളുമായി മെഡിക്കല്‍ കോളജിലേക്ക് ആംബുലന്‍സുകള്‍ പാഞ്ഞെത്തി. ശറഫുദ്ദീനും കൂടെയുണ്ടായിരുന്നവരും ആശുപത്രി ജീവനക്കാര്‍ക്കൊപ്പം വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു. ആംബുലന്‍സില്‍ നിന്ന് ഇറക്കാനും പോസ്റ്റുമോര്‍ട്ടത്തിന് കയറ്റാനുമെല്ലാം ഒപ്പം കൂടി. ആദ്യം കുഞ്ഞുഹംസുവിന്റെ മയ്യിത്താണ് കൊണ്ടുവന്നത്. ഒറ്റത്തവണ മാത്രമേ നോക്കാന്‍ പറ്റിയുള്ളൂ. അത്രമാത്രം ആഴമേറിയ വെട്ടുകള്‍ ശരീരത്തിലുണ്ടായിരുന്നു. സംഭവം വിശദീകരിക്കുന്നതിനിടെ ശറഫുദ്ദീന്റെ തൊണ്ട ഇടറി.

വെട്ടേറ്റ് പൊളിഞ്ഞ തല നിരവധി തവണ തുന്നിക്കെട്ടിയിട്ടും രക്തപ്രവാഹം തുടര്‍ന്നുകൊണ്ടേയിരുന്നു. പൗഡര്‍ ഒരുപാട് വാരിപ്പൊത്തിയാണ് രക്തമൊഴുക്ക് ഒരുവിധം തടഞ്ഞത്. കാലുകള്‍ തുന്നിച്ചേര്‍ത്തത് കണ്ടപ്പോള്‍ ആകെ നടുങ്ങി വിറങ്ങലിച്ചുപോയെന്ന് ശറഫുദ്ദീന്‍ പറയുന്നു. സഹോദരന്‍ നൂറുദ്ദീന്റെ മയ്യിത്തും താമസിയാതെ ആശുപത്രിയിലെത്തി. ഇരുമ്പ് പൈപ്പ് കൊണ്ട് മുഖത്ത് വിലങ്ങനെ അതിശക്തമായി അടിയേറ്റതിന്റെ പാടുകള്‍ ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു.

അടിയുടെ ആഘാതത്തില്‍ മുഖവും മൂക്കും കണ്ണും അകത്തേക്ക് തള്ളിപ്പോയ നിലയിലായിരുന്നു. ഒരു കണ്ണ് ചോരച്ച് പാതി തുറന്നുകിടന്നിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് സാധാരണ പോലെ തൊട്ടടുത്ത മുസ്‌ലിം പള്ളിയിലേക്ക് ഇരുവരുടെയും മയ്യിത്തുകള്‍ കൊണ്ടുവന്നപ്പോള്‍ കുളിപ്പിക്കാന്‍ നേതൃത്വം നല്‍കിയതും ശറഫുദ്ദീന്‍ മുനക്കക്കടവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.

ഇറച്ചിവെട്ടുന്നത് പോലെ…
2013 നവംബര്‍ 20ന് രാത്രിയാണ് പാലക്കാട് കല്ലാംകുഴിയെ ദുഃഖത്തിലാഴ്ത്തിയ ഇരട്ട കൊലപാതകം അരങ്ങേറിയത്. കാഞ്ഞിരപ്പുഴ ജുമുഅ മസ്ജിദിലുണ്ടായ പിരിവുമായുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിനായി ഇശാഅ് നിസ്‌കാരത്തിന് ശേഷം പള്ളിയുടെ തൊട്ടടുത്തുള്ള മുസ്‌ലിം ലീഗ് കോങ്ങാട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ലക്കോയ തങ്ങളുടെ വീട്ടില്‍ പോകുന്നതിനിടെയായിരുന്നു ആയുധധാരികള്‍ ഇരുവരെയും കുത്തിക്കീറിയത്. കാഞ്ഞിരപ്പുഴ കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസു (48)വും സഹോദരന്‍ നൂറൂദ്ദീനും (42) കൊലയാളികളുടെ വാള്‍മുനയില്‍ പിടഞ്ഞുവീണു. എസ് വൈ എസ് യൂനിറ്റ് സെക്രട്ടറിയായിരുന്നു കൊല്ലപ്പെടുമ്പോള്‍ പള്ളത്ത് നൂറുദ്ദീന്‍. ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു സംഘം തടഞ്ഞുനിര്‍ത്തി വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന ജ്യേഷ്ഠ സഹോദരന്‍ കുഞ്ഞുമുഹമ്മദിനെയും അക്രമികള്‍ വകവരുത്താന്‍ ശ്രമിച്ചെങ്കിലും വെട്ടേറ്റതോടെ പ്രാണ രക്ഷാര്‍ഥം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതിനാലാണ് ജീവന്‍ തിരിച്ചുകിട്ടിയത്. ആദ്യം കുഞ്ഞു ഹംസുവിനാണ് വെട്ടേറ്റത്. തടയാനുള്ള ശ്രമത്തിനിടെ നൂറുദ്ദീനെ സമീപത്തെ വിറകുപുരയുടെ പുറകില്‍ കൊണ്ടുപോയി പലതവണ വെട്ടി. പിന്നീട് ആയുധധാരികള്‍ കുഞ്ഞു ഹംസുവിനെയും നൂറുദ്ദീനെയും വളഞ്ഞിട്ട് വെട്ടുകയായിരുന്നു. പ്രതികളില്‍ 12 പേര്‍ നാട്ടിലെ ഇറച്ചിവെട്ടുകാരായിരുന്നു. നാല്‍ക്കാലികളെ അറുക്കുന്നതിനെക്കാള്‍ ക്രൂരമായിരുന്നു മനുഷ്യപ്പിശാചുക്കള്‍ നടത്തിയ അരും കശാപ്പ്. ഇരുവരുടെയും കാലും കൈയും വെട്ടി തല നെടുകെ പൊളിച്ചിട്ടും കലിപ്പ് തീരാതെ കണ്ണ് ചൂഴ്‌ന്നെടുത്തായിരുന്നു കൃത്യം അവസാനിപ്പിച്ചത്. മരണത്തോട് മല്ലടിക്കുന്നതിനിടെ നെഞ്ചില്‍ കയറി നിന്ന് ആഞ്ഞു ചവിട്ടാനും ആക്രമികള്‍ക്ക് മടിയുണ്ടായില്ല. വേദനയില്‍ പുളഞ്ഞ് നിരങ്ങി നീങ്ങുന്നതിനിടെ കുഞ്ഞു ഹംസു വെള്ളം ആവശ്യപ്പെട്ടപ്പോള്‍ വായില്‍ മൂത്രമൊഴിച്ച് റോഡിലേക്ക് വലിച്ചിഴച്ചിട്ടാണ് കാപാലികര്‍ മടങ്ങിയത്.

എന്തിനായിരുന്നു ആ അരുംകൊല?
കല്ലാംകുഴിയിലെ നല്ല കാര്യങ്ങള്‍ക്കെല്ലാം മുന്‍പന്തിയിലുണ്ടാകുമായിരുന്നു കുഞ്ഞുഹംസുവും നൂറുദ്ദീനും. സമ്പന്ന കുടുംബത്തില്‍ പിറന്ന ഇവര്‍ക്ക് നിരാലംബരെ സഹായിക്കുന്നതിന് പരിധികളില്ലായിരുന്നു. ഇതിന് മാതൃക പിതാവായിരുന്നു. 77 വര്‍ഷം മുമ്പ് പുറന്നൂര്‍ മനയില്‍ നിന്ന് ഇവരുടെ ഉപ്പ മുഹമ്മദ് ഹാജി വില കൊടുത്ത് വാങ്ങിയ സ്ഥലത്താണ് പള്ളിയും ഖബര്‍സ്ഥാനും ഉള്‍പ്പെടെ നാട്ടിലെ ഏറിയ സ്ഥലവും. ഉപ്പ ദാനമായി നല്‍കിയ സ്ഥലത്ത് താമസിക്കുന്നവരാണ് കല്ലാംകുഴിയിലെ ബഹുഭൂരിപക്ഷം പേരും. മരണം വരെ കുഞ്ഞിമുഹമ്മദ് ഹാജിയായിരുന്നു മഹല്ല് മുതവല്ലി. ദീര്‍ഘകാലം സെക്രട്ടറി സ്ഥാനവും അലങ്കരിച്ചു. നാട്ടിലെ സമാധാനം തകര്‍ക്കുന്ന ഒന്നിനും ഇവര്‍ ഇറങ്ങിത്തിരിക്കാറുണ്ടായിരുന്നില്ല. എന്നുമാത്രമല്ല. അശാന്തി പടരുന്നതിന് സാഹചര്യമുണ്ടാകുമ്പോഴെല്ലാം സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കും. മരണത്തിലേക്കുള്ള വഴികളിലും അവര്‍ ഒരു പ്രശ്‌ന പരിഹാരത്തിനുള്ള പുറപ്പാടിലായിരുന്നു.

ഇരുവിഭാഗം സുന്നികളും ഒരുമിച്ച് ഭരിക്കുന്ന മഹല്ല്. ഇതിനിടെ ഒരു വിഭാഗം പള്ളിയില്‍ വെച്ച് തണല്‍ എന്ന സംഘടനയുടെ പിരിവ് നടത്താന്‍ ശ്രമിച്ചു. പള്ളിക്കമ്മിറ്റിയിലെ ഭൂരിപക്ഷം പേരും ഇതിനെതിരായിരുന്നു. ഒരു വിഭാഗത്തിന്റെയും പിരിവ് പള്ളിയില്‍ പാടില്ലെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. ഇതൊന്നും ഗൗനിക്കാതെ പ്രദേശത്തെ ലീഗ് നേതാക്കളുടെ സഹകരണത്തോടെ ഇവര്‍ പിരിവ് തുടങ്ങി. ഇതിനെതിരെ കുഞ്ഞു ഹംസു വഖ്ഫ് ട്രൈബ്യൂണലിനെ സമീപിക്കുകയും പിരിവിന് സ്റ്റേ വാങ്ങുകയും ചെയ്തു. ഇതോടെ കുഞ്ഞുഹംസുവിനോടും കുടുംബത്തോടും പ്രദേശത്തെ ഒരു പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്ക് പകയുടലെടുത്തിരുന്നു. വിധി നിലനില്‍ക്കുമ്പോള്‍ തന്നെ വീണ്ടും പിരിവിന് ശ്രമം നടത്തിയതോടെ കുഞ്ഞുഹംസു ഹൈക്കോടതിയില്‍ നിന്ന് അനൂകൂല വിധിയും സമ്പാദിച്ചു. തണലിന് ആവശ്യമായ പണം പള്ളിയുടെ പുറത്ത് നിന്ന് എല്ലാ വെള്ളിയാഴ്ചയും തങ്ങള്‍ പിരിച്ചു നല്‍കാമെന്ന് വരെ കുഞ്ഞുഹംസ ഉറപ്പുനല്‍കിയെങ്കിലും പള്ളിക്കമ്മിറ്റിയുടെ തീരുമാനവും ഹൈക്കോടതി വിധിയും ലംഘിച്ച് പിരിവ് തുടര്‍ന്നു.

പ്രദേശത്ത് സ്വന്തം ആശയം പറയാന്‍ ധൈര്യപ്പെട്ടത് മാത്രമായിരുന്നു ഇവര്‍ക്കെതിരെ കൊലപാതകികള്‍ കണ്ട കുറ്റം. ഹംസയും നൂറുദ്ദീനും കൊല്ലപ്പെടേണ്ടവരായിരുന്നുവെന്ന് കൊലപാതകികള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തവര്‍ അതിസമര്‍ഥമായി പ്രചരിപ്പിച്ചിരുന്നു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു കേസിലെ ഒന്നാം പ്രതി. സംഭവത്തില്‍ 27 പ്രതികളെ വിവിധ ഘട്ടങ്ങളില്‍ പോലീസ് പിടികൂടിയിരുന്നു. ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയവര്‍ക്ക് തക്കതായ ശിക്ഷ ലഭിച്ചില്ലെങ്കിലും കണ്ണീരുണങ്ങാതെ ഇരുവരുടെയും കുടുംബം പ്രതീക്ഷയിലാണ്.
.

Latest