Connect with us

Book Review

ഫാസിസത്തിനെതിരെ സൈറണ്‍ മുഴക്കിയ 'സാമൂഹ്യപാഠം'

Published

|

Last Updated

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍പ്പ് സി എന്‍ എന്‍ വിദ്യാലയത്തില്‍ നിന്നായിരുന്നു മലയാളിയുടെ നവോത്ഥാനനാട്യങ്ങളുടെ ഉടുമുണ്ടൂരിയ ആ വാര്‍ത്ത പുറംലോകത്തെത്തിയത്. സവര്‍ണ ഹിന്ദുക്കള്‍ മാത്രം നടത്തുന്ന ഗുരുപൂജയുടെ വാര്‍ത്തയായിരുന്നു അത്. നവമാധ്യമങ്ങള്‍ വഴി കേരളം മുഴുവന്‍ പരന്നൊഴുകുകയും ഫാസിസം കതകില്‍ മുട്ടുന്നവെന്ന അരക്ഷിതബോധം സൃഷ്ടിക്കുകയും ചെയ്ത ആ ചിത്രങ്ങള്‍ ഒരര്‍ഥശങ്കക്കിടയില്ലാത്ത വിധം ഓര്‍മയിലെത്തിച്ചത് പി സുരേന്ദ്രന്റെ “സാമൂഹ്യപാഠം” എന്ന നോവലാണ്. ഫാസിസം അത്രയൊന്നും കേരളത്തില്‍ വേരുറപ്പിച്ചിട്ടില്ലാത്തൊരു കാലത്ത് (1991) സമഗ്രാധികാരത്തിന്റെയും സവര്‍ണാധികാരത്തിന്റെയും പ്രതീകങ്ങളാകാന്‍ സ്‌കൂളുകള്‍ക്കാവുമെന്നതിലേക്കുള്ള ദൂരദര്‍ശനമായിരുന്നീ നോവല്‍. കീഴാളര്‍ മാത്രം പാര്‍ക്കുന്ന കോളനികളില്‍ ഭാഷ പഠിപ്പിക്കാനെത്തുന്ന അധ്യാപകന്‍ ബലാല്‍ക്കാരമായി പിടിച്ചു കൊണ്ടുവന്ന കുട്ടികളെ നോക്കി ഇങ്ങനെ പറയുന്നുണ്ട് “ഇവരുടെ കണ്ണുകളിലെ പൊള്ളിക്കുന്ന വെളിച്ചം ഞാന്‍ കെടുത്തും”. മണ്ണിന്റെയും പ്രകൃതിയുടെയും വിശാലതയില്‍ നിന്ന് പാരതന്ത്ര്യത്തിന്റെ കലാലയച്ചുമരുകള്‍ക്കുള്ളിലേക്ക് തളക്കപ്പെട്ട ഒരു കൂട്ടം കുട്ടികളാണ് ഈ കഥയില്‍ നമ്മുടെ തലച്ചോറുകളെ പൊള്ളിക്കുന്നത്.

ആദ്യം അവരെ അതിരുകള്‍ക്കുള്ളിലിട്ട് മെരുക്കിയെടുക്കുകയായിരുന്നു. പിന്നെ ഭീമാകാരമായ ഓട്ടുമണിയുടെ ശബ്ദഘടികാരം വെച്ച് സമയത്തിന്റെയും കാലത്തിന്റെയും കെട്ടുപാടുകളില്‍ അപനിര്‍മിക്കാന്‍ ശ്രമിച്ചു. സമയത്തെ അനുസരിക്കല്‍ നേതാജിയെ അനുസരിക്കലാണെന്ന് പഠിപ്പിച്ചു. സമയം തെറ്റിച്ചവര്‍ക്ക് കണക്കിന് ശിക്ഷ വിധിച്ചു. ചൂരല്‍ പ്രഹരങ്ങള്‍ ചമ്മട്ടിയേക്കാള്‍ സംഹാരശേഷിയോടെ മുതുകില്‍ പതിച്ചു. പിന്നീടുള്ള ഘട്ടം ഭാഷ നന്നാക്കലായിരുന്നു. ഗ്രാമീണ ഭാഷയില്‍ നിന്നും നഗരനാട്യങ്ങളുടെ ഭാഷ ബലാല്‍ക്കാരമായി അവിടെ പഠിപ്പിക്കപ്പെട്ടു. അതിനവരുടെ നാവ് വഴങ്ങുന്നില്ലായിരുന്നു. വ്യത്യസ്തങ്ങളായ ഉപകരണങ്ങള്‍ വെച്ച് കുട്ടികളുടെ നാക്ക് വഴക്കിയെടുക്കാന്‍ അധ്യാപകന്‍ അവിടെയും നേതാജിയുടെ ശിഷ്യനാകുന്നുണ്ട്. ഫാസിസം നമുക്കിടയിലേക്ക് അരിച്ചു കേറുകയല്ല, ഇരച്ചു കേറുകയാണെന്ന അപകടത്തിന്റെ സൈറണ്‍ ഈ നോവല്‍ പലയിടത്തായി മുഴക്കുന്നത് കാണാം.

അതിരുകള്‍ കെട്ടി വേര്‍തിരിച്ച തുറസ്സുള്ള ക്ലാസ്മുറികളില്‍ നിന്ന് സ്‌കൂളിനായി തയ്യാറാക്കിയ കരിങ്കല്‍ച്ചുമരുകള്‍ക്കുള്ളിലേക്ക് കുട്ടികളെ കൊണ്ടു പോകുന്നതോടെ അധികാര പ്രയോഗത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുകയാണ്. നേതാജിയുടെ പിറന്നാള്‍ ആഘോഷവും മൗനപ്രാര്‍ഥനയും പിന്നീടവിടെ നടക്കുന്നുണ്ട്. നേതാജിയുടെ നിര്‍ദേശമനുസരിച്ചെത്തിയ കാവി വസ്ത്രധാരിയായ സ്വാമിയാണ് പിന്നീട് അധ്യാപകന് കൂട്ടിനെത്തുന്നത്. സ്വാമിയെ അതിഥിപൂജ നടത്താന്‍ കുട്ടികള്‍ നിര്‍ബന്ധിപ്പിക്കപ്പെടുന്നു. നേതാജി സ്ഥാപിക്കുന്ന രാഷ്ട്രത്തിന്റെ തത്വസംഹിതയടങ്ങുന്ന പുസ്തകം അധ്യാപകന് കൈമാറിയാണ് സ്വാമി സ്‌കൂള്‍ വിടുന്നത്. അധ്യാപകന്റെ അധീശത്വം അതോടെ താത്വികതലത്തിലേക്കുയരുകയാണ്. കീഴാളരെ എങ്ങനെ അടിച്ചമര്‍ത്തി കാല്‍ച്ചുവട്ടില്‍ ഞെരിച്ചമര്‍ത്തി നിര്‍ത്താമെന്ന തന്ത്രം അധ്യാപകന്‍ അതിലൂടെ പഠിച്ചെടുക്കുന്നു. അങ്ങനെയാണ് ചൂരലില്ലാത്ത ക്ലാസ് മുറിയെക്കുറിച്ച് അധ്യാപകന്‍ ചിന്തിക്കുന്നത്. മൂന്നാം മുറകളില്ലാത്ത നിശ്ശബ്ദഫാസിസം ക്ലാസ് മുറിയില്‍ ആവിഷ്‌കരിക്കപ്പെടുകയാണ് ശേഷം. വിദ്യാര്‍ഥികളുടെ നിറമുള്ള സ്വപ്‌നങ്ങള്‍ക്ക് മേല്‍ അധ്യാപകന്‍ ഇടിത്തീ വര്‍ഷിച്ചു. മനുഷ്യന്റെ പാദസ്പര്‍ശമേല്‍ക്കാത്ത വനാന്തരങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ഒരപൂര്‍വ്വ സസ്യത്തിന്റെ കറകൊണ്ടുണ്ടാക്കിയ പച്ചമരുന്നുമായി നാടോടിയുടെ ആഭിചാര ക്രിയകളും പച്ചമുദ്രയും കുട്ടികളെ പരീക്ഷിക്കാനെത്തി. ലഹരി ചാലിച്ച ഗോതമ്പും പാല്‍ക്കഞ്ഞിയുമാണ് അധ്യാപകന്‍ തൊടുക്കുന്ന അവസാനാസ്ത്രം.

ഈ അധികാരതന്ത്രങ്ങളെയൊക്കെ ആ കുട്ടികള്‍ എങ്ങനെ നേരിട്ടു എന്ന ചോദ്യത്തിനുത്തരമായാണ് നോവലിലെ പ്രധാന കഥാപാത്രമായ യോഹന്നാന്‍ കടന്നു വരുന്നത്. ഓട്ടുമണിയടിയൊച്ച മുതല്‍ പാല്‍ക്കഞ്ഞി വിതരണം വരെയുള്ള ഓരോ ദുരന്തമുഖത്തും കുട്ടികള്‍ക്ക് പ്രതിരോധതന്ത്രങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ യോഹന്നാന് മാത്രമേ സാധിക്കുമായിരുന്നുള്ളൂ. അച്ചനും അമ്മയും ചെറുപ്പത്തിലേ നഷ്ടപ്പെട്ട യോഹന്നാന്‍ മുത്തശ്ശിയുടെ ധീരകഥകള്‍ കേട്ടാണ് വളര്‍ന്നത്. പ്രകൃതിയുടെ നിഗൂഢതയിലേക്ക് ഒറ്റക്ക് യാത്ര ചെയ്യുന്നവനാണവന്‍. രാത്രി കൂളികളെയും നട്ടുച്ചക്ക് ജലപിശാച്ചുക്കളെയും യോഹന്നാന്‍ നേരിട്ടു കണ്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ അവന്റെ ഇച്ചാശക്തിയെ അതിജയിക്കാന്‍ മാത്രം ഒരു അധികാര പ്രയോഗങ്ങള്‍ക്കും സാധിച്ചില്ല. ഫാസിസം ഒരു ഹിംസ്രജീവിയെപ്പോലെ ഉഗ്രസംഹാരശക്തിയോടെ നമ്മെ തുറിച്ചു നോക്കി ഭയപ്പെടുത്തുമ്പോള്‍ അധ്യാപകന്റെ അധികാരതന്ത്രങ്ങള്‍ക്ക് മുമ്പില്‍ ചെറുത്തു നില്‍പ്പിന്റെ ചിത്രശലഭച്ചിറകുവിരിച്ച സുരേന്ദ്രന്റെ യോഹന്നാനുമാര്‍ പുനര്‍ജനിക്കാതെ വയ്യ… കൈരളി ബുക്‌സാണ് പ്രസാധകര്‍. വില 110.
.

Latest