രാഷ്ട്രീയ പ്രതിയോഗികള്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു: കെജ്‌രിവാള്‍

Posted on: November 21, 2018 7:11 pm | Last updated: November 22, 2018 at 9:27 am

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രതിയോഗികള്‍ തന്നെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇന്നലെ സെക്രട്ടേറിയറ്റിലെ ഓഫീസിനു പുറത്തു വെച്ച് തനിക്കെതിരെ നടന്ന മുളകുപൊടി ആക്രമണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ, നാലു തവണയാണ് ഞാന്‍ ആക്രമിക്കപ്പെട്ടത്. ഇതൊരു നിസ്സാര പ്രശ്‌നമല്ല. കൃത്യമായ ആജ്ഞകളനുസരിച്ചാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നത്. എന്നെ പോലുള്ളവര്‍ ഇവരുടെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ്. എന്നെ കൊലപ്പെടുത്തുക തന്നെയാണ് ലക്ഷ്യം- മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ കെജ്‌രിവാള്‍ പറഞ്ഞു.

ആക്രമണം ബി ജെ പി നേതാക്കളുടെ അറിവോടെയാണെന്നും മുഖ്യമന്ത്രിയുടെ ജനകീയ പ്രവര്‍ത്തനങ്ങള്‍ക്കു തടയിടുകയാണ് അവരുടെ ലക്ഷ്യമെന്നും നേരത്തെ ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചിരുന്നു. ഒരു പരാതി ഫയല്‍ ചെയ്യാനാണ് മുഖ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത്. ഈ രീതിയിലാണോ ഒരു മുഖ്യമന്ത്രിക്കെതിരെ ആക്രമണം നടന്നാല്‍ പ്രതികരിക്കേണ്ടത്? പ്രതി ബി ജെ പി പ്രവര്‍ത്തകനാണെന്ന് അയാളുടെ ഫേസ് ബുക്ക് പ്രൊഫൈലില്‍ നിന്നു വ്യക്തമാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ സിസോദിയ പറഞ്ഞു.
അതേസമയം, ഇതെല്ലാം കെജ്‌രിവാളിന്റെ നാടകമാണെന്നും സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും ഡല്‍ഹിയിലെ ബി ജെ പി നേതാവ് മനോജ് തിവാരി ആവശ്യപ്പെട്ടു.

ആക്രമണം നടത്തിയ അനില്‍ കുമാര്‍ ശര്‍മ എന്നയാളെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.