Connect with us

Prathivaram

സോഷ്യല്‍ മീഡിയയില്‍ കരുതലോടെ

Published

|

Last Updated

സമൂഹ മാധ്യമങ്ങള്‍ പതിവായി ഉപയോഗിക്കുന്നവര്‍ ചില അച്ചടക്കങ്ങള്‍ പാലിക്കുന്നത് നല്ലതാണ്. സന്തോഷവും സങ്കടവും അറിവും അനുഭവങ്ങളുമൊക്കെ പങ്കുവെക്കാന്‍ പുതുതലമുറ മുഖ്യമായി ആശ്രയിക്കുന്നത് സമൂഹ മാധ്യമങ്ങളെയാണ്. ചുരുങ്ങിയ കാലംകൊണ്ട് സമൂഹത്തിന്റെ പൊതുവേദിയായി അതു മാറി. പ്രതികരണശേഷി നഷ്ടമാകുന്നുവെന്ന പരിദേവനങ്ങള്‍ക്കിടെയാണ്, സമൂഹത്തിന് മനസ്സ് തുറന്നു പ്രതികരിക്കാനും ആശയങ്ങള്‍ പങ്കുവെക്കാനുമുള്ള ഇടമായത്. എന്നാല്‍, അതിനുവേണ്ടി ഉപയോഗിക്കുന്ന “സമയമാണ്” പ്രധാനം.

പുതിയ ലോകത്തിന്റെ പരിച്ഛേദമാണ് സോഷ്യല്‍ മീഡിയ. നന്മകളും തിന്മകളും ഉള്ള ഒരിടം. എന്നാല്‍ ഇവിടെ നിയന്ത്രിക്കാന്‍ ആരുമില്ല എന്നതാണ് ചിലപ്പോഴെങ്കിലും പ്രധാന പോരായ്മ. ദിവസത്തില്‍ ആറ് മണിക്കൂറിലേറെ സോഷ്യല്‍ മീഡിയയില്‍ ചെലവഴിച്ച് ശരീരത്തിന്റെ ഒരു അവയവംപോലെ ഒഴിച്ചു മാറ്റാന്‍ പറ്റാതെ, സമൂഹത്തോട് എങ്ങനെ പ്രതികരിക്കണമെന്നുപോലും അറിയാതെ, മാനസികപ്രശ്‌നം അനുഭവിക്കുന്നവര്‍ നമുക്കിടയില്‍ ഉണ്ട്. വളരാനും ചിന്തിക്കാനും അറിവ് നേടാനും അത് പകര്‍ന്നുനല്‍കാനും സ്വഭാവരൂപവത്കരണത്തിന് വേണ്ടിയും നല്ല ബന്ധങ്ങള്‍ ഉണ്ടാകുവാനുമുള്ള സമയം മുഴുവന്‍ പകലോ രാത്രിയോ എന്നില്ലാതെ ഒരു മുറിക്കുള്ളില്‍ വെറുതെ നഷ്ടപ്പെടുത്തുന്നു. നിങ്ങള്‍ക്കും എനിക്കും ഇന്ത്യന്‍ പ്രധാനമന്ത്രിക്കും അമേരിക്കന്‍ പ്രസിഡന്റിനും എല്ലാവര്‍ക്കും ഒരേപോലെ വിധിക്കപ്പെട്ട ഒറ്റ വിഭവമേ ഉള്ളു. അത് സമയമാണ്. സമയത്തെ ആര് ഭംഗിയായി ഉപയോഗിക്കുന്നോ അവര്‍ വിജയിക്കുന്നു എന്നതാണ് സത്യം.

തല ഉയര്‍ത്തിപ്പടിച്ചു നടക്കേണ്ട ഇന്നത്തെ യുവതലമുറയെ തലതാഴ്ത്തിനിര്‍ത്തുന്ന സമൂഹ മാധ്യമങ്ങളെ നാം കണ്ടില്ലെന്നു നടിക്കരുത്. പലപ്പോഴും തലതാഴ്ത്തി നില്‍ക്കുന്ന എട്ടും പത്തും വയസ്സുള്ള കുട്ടികളെ കാണുമ്പോള്‍ സന്തോഷമാണ്. എന്നാല്‍ അവര്‍ വായിക്കുന്നത് അറിവ് നേടാനുള്ള പുസ്തകമല്ല, മറിച്ച് മൊബൈല്‍ ഫോണിലെ കമന്റുകളാണെന്നറിയുമ്പോള്‍ മനസ്സിലാക്കുന്നു, സംസ്‌കാരത്തെ, പൈതൃകത്തെ നമ്മള്‍ മറന്നുകൊണ്ടിരിക്കുന്നുവെന്ന്.

കുടുംബങ്ങള്‍ സമൂഹത്തിന്റെ ആണിക്കല്ലായ കേരളസമൂഹത്തില്‍ പല കുടുംബങ്ങളുടെയും അടിത്തറ ഇളകുന്നതും സമൂഹമാധ്യമങ്ങള്‍ കാരണമാണ്. ജോലികഴിഞ്ഞുവരുന്ന ഭര്‍ത്താവ് മുഴുവന്‍ സമയം സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നു എന്നു പറയുന്ന ഭാര്യമാരുണ്ട്. ഭര്‍ത്താക്കന്മാരെ ശ്രദ്ധിക്കാതെ സോഷ്യല്‍മീഡിയയില്‍ ചെലവഴിക്കുന്ന ഭാര്യമാരും ഉണ്ട്. ഈ സ്വഭാവം കണ്ടുവളരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ നമ്മള്‍ മറന്നുപോകുന്നു. അധ്വാനത്തിലൂടെ മാത്രമേ ലോകത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പറ്റൂ. ചിന്തിച്ചും വായിച്ചും അധ്വാനിച്ചും ലോകം കെട്ടിപ്പടുത്തിയ നമ്മള്‍ ആദരവോടെ നോക്കിക്കാണുന്നവര്‍ ഏറെ. എന്നിട്ടും എന്തുകൊണ്ട് ഒരുപാടു പേര്‍ക്ക് അലസതയും മടിയും ഉണ്ടാകുന്നു എന്നു ചോദിച്ചാല്‍ വളരെ ലളിതമാണ് ഉത്തരം: അമിതമായ സോഷ്യല്‍മീഡിയ ഉപയോഗം.

രാത്രി അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം, രാവിലെ വൈകി എഴുന്നേക്കല്‍. തുടര്‍ന്ന് ഭക്ഷണക്രമത്തില്‍ വ്യത്യാസം, ക്ഷീണം. ഇതൊക്കെ ജീവിതത്തില്‍ എത്രമാത്രം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ചിന്തിക്കുന്നതുപോലുമില്ല. ചെറുപ്പംമുതലേ ഈ ക്രമത്തിലാണ് ജീവിക്കുന്നതെങ്കില്‍ ആ കുട്ടിയുടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ വളരെ വലുതാകും. ഇത് തീര്‍ച്ചയായും ആ കുട്ടിയുടെ മാതാപിതാക്കളുടെ കുറ്റം തന്നെയാണ്. കുട്ടി മൊബൈല്‍ ഫോണിലാണെങ്കില്‍ അച്ഛന്‍ ലാപ്പിലും അമ്മ ഓണ്‍ലൈനില്‍ പുതിയസാരി ബുക്ക് ചെയ്യുന്നതിന്റെ തിരക്കിലുമാകും. വീട്ടുകാരില്‍നിന്നും ഉണ്ടാകുന്ന ഇങ്ങനെയുള്ള അവഗണന തന്നെയാണ് കുട്ടികളെ മൊബൈല്‍ ഫോണിലേക്കും മറ്റ് സോഷ്യല്‍ മീഡിയയിലേക്കും അടിമയാക്കി മടി, അലസത, വാശി തുടങ്ങിയ മാനസികാവസ്ഥയിലേക്കെത്തിക്കുന്നത്.

ഇപ്പോഴെത്തെ കുട്ടികളില്‍ ഏറെയും പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണ്. പ്രഭാത ഭക്ഷണം തലച്ചോറിന്റെ ഭക്ഷണമാണ്. അതുകൊണ്ടുതന്നെ ശരീരത്തിനും തലച്ചോറിനും അത് അത്യന്താപേക്ഷിതമാണ്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന ഒരാള്‍ക്ക് സ്വാഭാവികമായും ഉച്ചയാകുമ്പോള്‍ നല്ല വിശപ്പും ക്ഷീണവും ആര്‍ത്തിയും ഉണ്ടാകും. ഇത് ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയായി മാറും. ഇതോടെ പ്രമേഹം ഉള്‍പ്പെടെ പലതരം ജീവിതശൈലീരോഗങ്ങള്‍ തേടിയെത്തും.

സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം മാനസികാരോഗ്യം മോശമാക്കാമെന്ന് ഫേസ്ബുക്ക് നേരത്തെ സമ്മതിച്ചതാണ്. വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അധികസമയം ഫേസ്ബുക്കില്‍ ചെലവിടുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് കമ്പനിക്ക് വേണ്ടി പഠനം നടത്തിയ ഗവേഷകര്‍ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. അതേസമയം കൂടുതല്‍ ആളുകളുമായി ചാറ്റിലൂടെയും മറ്റും ആശയവിനിമയം നടത്തുന്നത് ഗുണം ചെയ്യുമെന്നും ഫേസ്ബുക്ക് അവകാശപ്പെടുന്നു. ഫേസ്ബുക്ക് മുന്‍ എക്‌സിക്യൂട്ടീവ് അടക്കമുള്ളവര്‍ ഇത് സംബന്ധിച്ച് കമ്പനിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം യുവാക്കളെ വൈകാരികമായി വലിയ തോതില്‍ ബാധിക്കും. ഫേസ്ബുക്ക് ഉപയോഗത്തിന് ഗുണപരമായ നിരവധി വശങ്ങളുമുണ്ടെന്ന് പഠനം നടത്തിയ ഡേവിഡ് ഗിന്‍സ്ബര്‍ഗ്, മൊയ്‌റ ബൂര്‍ക് എന്നിവര്‍ പറയുന്നു. കൂടുതല്‍ പേരുമായുള്ള ആശയവിനിമയം, സുഹൃത്തുകളുമായി സന്ദേശങ്ങള്‍ കൈമാറല്‍, പോസ്റ്റുകള്‍, കമന്റുകള്‍, ചര്‍ച്ച ഇതെല്ലാം മാനസികമായി ഗുണം ചെയ്യുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. സ്വന്തം പ്രൊഫൈലിലൂടെ ആത്മവിശ്വാസം കണ്ടെത്തുന്നവരുണ്ട്. എന്നാല്‍ വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയത്തെ അമിത സോഷ്യല്‍ മീഡിയ ഉപയോഗം തടസപ്പെടുത്തുന്നുണ്ട് എന്നതും മറ്റൊരു വസ്തുതയാണ്.

ഗൂഗിള്‍ തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത കുറയ്ക്കുമെന്ന പഠനവും അടുത്തിടെ പുറത്തുവന്നിട്ടുണ്ട്. നിക്കോളാസ് കാറിന്റെ “ദ ഷാലോസ്: വാട്ട് ദ ഇന്റര്‍നെറ്റ് ഈസ് ഡൂയിംഗ് റ്റു ഔര്‍ ബ്രെയിന്‍സ്” എന്ന പുസ്തകത്തിലാണ് ഗൂഗിള്‍ വരുത്തുന്ന ദോഷങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗൂഗിളിനെ അമിതമായി ആശ്രയിക്കുന്നത് ഓര്‍മ ശക്തി കുറയ്ക്കുമെന്ന് കാര്‍ പറയുന്നു. ഗൂഗിളിന്റെ അമിതോപയോഗം മൂലം തലച്ചോറിലെ എല്ലാ ഭാഗങ്ങളും പ്രവര്‍ത്തനക്ഷമമാവുന്നില്ല, തലച്ചോറിന്റെ ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളെ അത് മന്ദീഭവിപ്പിക്കുന്നു ഇതൊക്കെയാണ് നിക്കോളാസിന്റെ ഗൗരവമാര്‍ന്ന കണ്ടെത്തലുകള്‍.
.