വീണ്ടും അവസാന ഓവര്‍ ആവേശം; ഒടുവില്‍ ഇന്ത്യക്ക് നാല് റണ്‍സ് തോല്‍വി

Posted on: November 21, 2018 4:15 pm | Last updated: November 21, 2018 at 7:12 pm

ബ്രിസ്‌ബെയ്ന്‍: ആസ്‌ത്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. 17 ഓവര്‍ മത്സരത്തില്‍ നാല് റണ്‍സിനാണ് ഇന്ത്യ തോറ്റത്. ജയിക്കാമായിരുന്ന മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ ബാറ്റ്‌സ്മാന്മാര്‍ അലക്ഷ്യമായ ഷോട്ടുകളിലൂടെ വിക്കറ്റുകള്‍ കളഞ്ഞുകളിച്ചതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇതോടെ, മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആസ്‌ത്രേലിയ 1-0ത്തിന് മുന്നിലെത്തി.

ഓസീസ് മുന്നോട്ടുവെച്ച 174 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഏഴ് വിക്കറ്റിന് 169 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ജയിക്കാന്‍ അവസാന ഓവറില്‍ പതിമൂന്ന് റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യക്ക് കിട്ടിയത് എട്ട് റണ്‍സ്. ഈ ഓവറില്‍ ക്രൂനാല്‍ പാണ്ഡ്യയുടേയും ദിനേശ് കാര്‍ത്തിക്കിന്റേയും വിക്കറ്റുകള്‍ നഷ്ടമായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

42 പന്തുകളില്‍ രണ്ട് സിക്‌സറും പത്ത് ബൗണ്ടറിയും അടക്കം 76 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യയെ മുന്നോട്ടു നയിച്ചത്. ഋഷഭ് പന്ത് 15 പന്തില്‍ 20ഉം ദിനേശ് കാര്‍ത്തിക്ക് 13 പന്തില്‍ 30ഉം റണ്‍സെടുത്തു. രോഹിത് ശര്‍മ (ഏഴ്), വിരാട് കോഹ്‌ലി (നാല്), കെ എല്‍ രാഹുല്‍ (13) എന്നീ ബാറ്റ്‌സ്മാന്മാര്‍ക്ക് തിളങ്ങാനായില്ല. ആസ്‌ത്രേലിയക്കായി സ്‌റ്റോയിനിസും സാംപയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

മഴമൂലം 17 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 17 ഓവറില്‍ നാല് വിക്കറ്റിന് 158 റണ്‍സെടുത്തു. തുടര്‍ന്ന് ഡെക്ക്‌വര്‍ത്ത്‌ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 174 റണ്‍സായി പുനര്‍ നിശ്ചയിക്കുകയായിരുന്നു.
24 പന്തില്‍ നാല് സിക്‌സറുകളുടെ അകമ്പടിയോടെ 46 റണ്‍സ് അടിച്ചുകൂട്ടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ടോപ് സ്‌കോറര്‍. ക്രിസ്‌ലിന്‍ 20 പന്തില്‍ 37ഉം മാര്‍ക്കസ് സ്‌റ്റോയിനിസ് 19 പന്തില്‍ പുറത്താകെ 33ഉം ആരോണ്‍ ഫിഞ്ച് 24 പന്തില്‍ 27ഉം റണ്‍സെടുത്തു.

16.1 ഓവര്‍ എത്തിയപ്പോഴേയ്ക്കും മഴയെത്തി. പിന്നെ മഴ മാറിയതോടെ മത്സരം 17 ഓവറാക്കി വെട്ടിച്ചുരുക്കുകയും ചെയ്തു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും ഖലീല്‍ അഹ്മദ്, ബുംറ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.