നിരോധനാജ്ഞ സംഘര്‍ഷ സാധ്യത കണക്കിലെടുത്തെന്ന് എ ജി ; നടപ്പാക്കിയത് ശരിയായ രീതിയിലാണോയെന്ന്  ഹൈക്കോടതി

Posted on: November 21, 2018 3:39 pm | Last updated: November 21, 2018 at 5:26 pm

കൊച്ചി: ശബരിമലയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മണ്ഡലകാലത്തും സംഘര്‍ഷമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ വിശദീകരിച്ചു. ശബരിമലയില്‍ ചുമതലയുള്ള ഐജിക്കും എസ്പിക്കും മലയാളം എഴുതാനും വായിക്കാനും അറിയുമോ. എസ്പി തന്നെയല്ലെ പണ്ട് സ്ത്രീകളേയും കുട്ടികളേയും അടിച്ചത്. ശബരിമല ഡ്യൂട്ടിക്ക് വേറെയാരേയും കിട്ടിയില്ലെ. ഇവരെ എന്തിന് നിയമിച്ചുവെന്ന  സര്‍ക്കാര്‍ വിശദീകരിക്കണം. ഐജിക്കും എസ്പിക്കും എതിരെ ക്രിമിനല്‍ കേസുള്ളതല്ലെയെന്നും കോടതി ചോദിച്ചു. മുംബൈയില്‍നിന്നുള്ള ഭക്തരുടെ സംഘം തിരിച്ചുപോകേണ്ടിവന്ന അവസ്ഥയെ കോടതി അപലപിച്ചു.

നിയന്ത്രണങ്ങളുടേ പേരില്‍ യഥാര്‍ഥ ഭക്തരെ ബുദ്ധിമുട്ടിക്കരുത്. നിരോധനാജ്ഞ നടപ്പാക്കിയത് ശരിയായ രീതിയിലാണോയെന്ന് പരിശോധിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. അതേ സമയം നിരോധനാജ്ഞ ചോദ്യം ചെയ്തുള്ള ഹരജിയില്‍ ഹരജിക്കാരനേയും ഹൈക്കോടതി വിമര്‍ശിച്ചു. ഹരജിക്കാരനെതിരെ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച ബിജെപിയുടെ സര്‍ക്കുലര്‍ എടുത്തുയര്‍ത്തിയായിരുന്നു വിമര്‍ശം. ശബരിമലയില്‍ എത്തേണ്ടവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്ന് സര്‍ക്കുലറില്‍ പറയുന്നത് എന്താണെന്ന് കോടതി ഹരജിക്കാരനോട് ചോദിച്ചു. കൊണ്ടുവരേണ്ട സാധന സാമഗ്രികള്‍ എന്തൊക്കെയാണെന്ന്ും എറിയാനുള്ള തേങ്ങയാണോയെന്നും അത് പരിശോധിക്കാന്‍ പോലീസിന് ഉത്തരവാദിത്വമില്ലേയെന്നും കോടതി ചോദിച്ചു. നിരോധനാജ്ഞ സംബന്ധി്ച വിവരങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്.ഇത് സംബന്ധിച്ച വിവരങ്ങള്‍ കൈ്മാറാന്‍ കോടതി രാവിലെ ഉത്തരവിട്ടിരുന്നു.