അടിയന്തരാവസ്ഥ ആസന്നം: ഉദ്ദവ് താക്കറെ

Posted on: November 21, 2018 2:05 pm | Last updated: November 21, 2018 at 4:28 pm

മുംബൈ: രാജ്യത്ത് അടിയന്തരാവസ്ഥ ആസന്നമായ സാഹചര്യത്തില്‍ എങ്ങനെ നിശ്ശബ്ദനായിരിക്കാന്‍ സാധിക്കുമെന്ന് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ. മുംബൈ നഗരത്തില്‍ നടന്ന രണ്ട് പരിപാടികളില്‍ പ്രസംഗിക്കവെയാണ് താക്കറെ ബി ജെ പിക്കെതിരെ പരസ്യമായി ആഞ്ഞടിച്ചത്.
മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ബി ജെ പി സര്‍ക്കാറിന്റെ ഭാഗമാണെങ്കിലും പല വിഷയത്തിലും രൂക്ഷമായ വാക്‌പോര് നടത്തി വരികയാണ് ഇരു കക്ഷികളും.

ഉദ്ദേശ ശുദ്ധിയോടെയുള്ളതാണെങ്കില്‍ വിമര്‍ശനം നടത്തുമ്പോള്‍ കടുത്ത വാക്കുകള്‍ ഉപയോഗിക്കുന്നതിന് മാധ്യമ പ്രവര്‍ത്തകര്‍ മടിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതി തിരഞ്ഞെടുപ്പിനിടെ ബാബ്‌രി വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബി ജെ പി ശ്രമിച്ചിരുന്നു. ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാമക്ഷേത്ര വിഷയം ഉയര്‍ത്തി നേട്ടമുണ്ടാക്കാന്‍ കഴിയുമോയെന്ന് നോക്കുകയാണ്- 2017ല്‍ എല്‍ കെ അദ്വാനിയെ രാഷ്ട്രപതി പദവിയിലേക്കു പരിഗണിക്കുന്നതായി ബി ജെ പി പ്രചരിപ്പിച്ച കാര്യം ആരുടെയും പേരെടുത്തു പറയാതെ സൂചിപ്പിച്ച് താക്കറെ പറഞ്ഞു.

നവം: 25ന് അയോധ്യ സന്ദര്‍ശിക്കുമെന്ന് അറിയിച്ച താക്കറെ അവിടെ റാലിയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഇതേവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ എല്ലാവവരും ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്നും എന്നാല്‍, ഇക്കാര്യത്തില്‍ വിശ്വഹിന്ദു പരിഷത്തിനോട് ഒന്നും പറയാനില്ലെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. രാമക്ഷേത്ര നിര്‍മാണത്തിനു സമ്മര്‍ദം ചെലുത്തുന്നതിന് 25ന് അയോധ്യയില്‍ റാലി നടത്തുമെന്ന് വി എച്ച് പി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ക്ഷേത്രം നിര്‍മിക്കുന്നതിനു വേണ്ടിയുള്ള പാര്‍ട്ടി പ്രചാരണ പരിപാടികള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി പെഹ്‌ലെ മന്ദിര്‍, ഫിര്‍ സര്‍ക്കാര്‍ (ആദ്യം ക്ഷേത്രം, അതിനു ശേഷം സര്‍ക്കാര്‍) എന്ന മുദ്രാവാക്യം മുന്നോട്ടു വച്ചിരിക്കുകയാണ് താക്കറെ.