കേന്ദ്രമന്ത്രി പൊന്‍ രാധാക്യഷ്ണന്‍ നിലക്കലിലെത്തി; സുപ്രീം കോടതി വിധിയോട് പ്രതികരിക്കാന്‍ സമയമില്ലെന്ന്

Posted on: November 21, 2018 11:11 am | Last updated: November 21, 2018 at 1:07 pm

നിലക്കല്‍: കേന്ദ്രമന്ത്രി പൊന്‍ രാധാക്യഷ്ണന്‍ നിലക്കലിലെത്തി . അടിസ്ഥാന സൗകര്യങ്ങള്‍ മന്ത്രി വിലയിരുത്തും. ശബരിമലയിലേക്ക് എല്ലാ വാഹനങ്ങളും കടത്തിവിടാത്തതു സംബന്ധിച്ച് കേന്ദ്രമന്ത്രി എസ്പി യതീഷ് ചന്ദ്രയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു.

വാഹനങ്ങള്‍ കടത്തി വിടാത്തത് കുട്ടികളടക്കമുള്ള ഭക്തര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ എല്ലാ വാഹനങ്ങളും കടത്തിവിടുന്നത് ഗതാഗത തടസമുണ്ടാക്കുമെന്നും വിഐപികളുടെ വാഹനം കടത്തിവിടുന്നുണ്ടെന്നും എസ് പി യതീഷ് ചന്ദ്ര മറുപടി നല്‍കി .എന്നാല്‍ എല്ലാ വാഹനങ്ങളും കടത്തിവിടണമെന്ന് കേന്ദ്രമന്ത്രി വീണ്ടും നിലപാടെടുത്തു. അങ്ങിനെയെന്നാല്‍ താങ്കള്‍ ഉത്തരവിട്ടാല്‍ എല്ലാ വാഹനങ്ങളും കടത്തിവിടാമെന്ന് എസ് പി പറഞ്ഞപ്പോള്‍ അതിന് തനിക്ക് അധികാരമില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. തന്നെ കണ്ട മാധ്യമങ്ങളോടും നിലക്കലില്‍നിന്നും ശബരിമലയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാത്തതുകൊണ്ട് ഭക്തര്‍ക്കുണ്ടാകുന്ന പ്രയാസം മാത്രമാണ് മന്ത്രി പറഞ്ഞത്. ശബരിമല യുവതീ പ്രവേശന വിധി സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഇപ്പോള്‍ അത് സംബന്ധിച്ച് അഭിപ്രായം പറയാന്‍ സമയമില്ലെന്നായിരുന്നു പൊന്‍ രാധാക്യഷ്ണന്റെ മറുപടി. തുടര്‍ന്ന് അദ്ദേഹം ബിജെപി നേതാക്കള്‍ക്കൊപ്പം കെഎസ്ആര്‍ടിസി ബസില്‍ പമ്പയിലേക്ക് പുറപ്പെട്ടു