ശബരിമല: സാമൂഹിക മാധ്യമങ്ങള്‍ വഴി മതസ്പര്‍ധക്ക് ശ്രമിച്ച 40 പേരെ തിരിച്ചറിഞ്ഞു; നടപടിയുണ്ടാകും

Posted on: November 21, 2018 10:43 am | Last updated: November 21, 2018 at 12:52 pm

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്യുകയും മതസ്പര്‍ധയുണ്ടാക്കുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന 40 പേരെ പോലീസ് തിരിച്ചറിഞ്ഞു. മതവിദ്വേഷം പ്രചരിപ്പിക്കുന്ന അറനൂറോളം സന്ദേശങ്ങള്‍ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടുണ്ട്. പോലീസ് തിരിച്ചറിഞ്ഞ 40 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

സംസ്ഥാന പോലീസിലെ സൈബര്‍ സെല്ലാണ് ഇത് സംബന്ധിച്ച പരിശോധന നടത്തുന്നത്. തല്‍കാലം ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ലെങ്കിലും സന്ദേശങ്ങളുടെ ഗൗരവം നോക്കി ഐടി നിയമപ്രകാരമായിരിക്കും കേസെടുക്കുക. പോലീസിന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ നല്‍കുക, പണ്ട് നടന്ന ലാത്തിച്ചാര്‍ജിന്റെ ചിത്രമെടുത്ത് അയ്യപ്പഭക്തരെ മര്‍ദിക്കുന്നുവെന്ന രീതിയില്‍ പ്രചാരണം നടത്തുക, കലാപത്തിന് ആഹ്വാനം ചെയ്യുക തുടങ്ങിയ സന്ദേശങ്ങളാണ് പ്രചരിപ്പിക്കുന്നത്.