കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളും മാറ്റിവെച്ചു, നേതാക്കള്‍ അനുശോചിച്ചു

Posted on: November 21, 2018 8:19 am | Last updated: November 21, 2018 at 10:07 am

തിരുവനന്തപുരം: വയനാട് എംപിയും കോണ്‍ഗ്രസ് വര്‍കിങ് പ്രസിഡന്‍ഡുമായ എംഐ ഷാനവാസ് എപിയുടെ നിര്യാണത്തെ തുടര്‍ന്ന് ആദരസൂചകമായി കോണ്‍ഗ്രസ് നടത്താനിരുന്ന മുഴുവന്‍ പരിപാടികളും മാറ്റിവെച്ചു. മൂന്ന് ദിവസം ദുഖാചരണം നടത്തും.

വികസന കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു ഷാനവാസെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പാര്‍ട്ടിക്ക് കനത്ത നഷ്ടമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നഷ്ടമായത് പ്രഗല്‍ഭനായ നേതാവിനെയാണെന്ന് എംഎം ഹസന്‍ പറഞ്ഞു. ഷാനവാസിന്റെ വേര്‍പാട് തന്നെ തനിച്ചാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 24 മണിക്കൂറും പാര്‍ട്ടിയുടെ വിജയത്തിന് വേണ്ടി ചിന്തിക്കുന്ന നേതാവാണ് ഷാനവാസ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. പ്രത്യേക സന്ദര്‍ഭത്തില്‍ കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക നിലപാട് സ്വീകരിച്ചതു വഴി തിരുത്തല്‍വാദികളെന്ന് അറിയപ്പട്ടവരാണ് താനും ജി. കാര്‍ത്തികേയനും ഷാനവാസും. ഇതില്‍ രണ്ടു പേര്‍ വിട്ടുപിരിഞ്ഞു. ഷാനവാസിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്നതായും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജിഹ്വയായിരുന്നു അന്തരിച്ച എം.ഐ ഷാനവാസ് എന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. പാര്‍ട്ടിയുടെ നയവും പരിപാടികളും ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച ശക്തനായ നേതാവായിരുന്നു അദ്ധേഹം. ഷാനവാസിന്റെ സഹായ സഹകരണങ്ങള്‍ വളരെയേറെ ആഗ്രഹിച്ച സന്ദര്‍ഭത്തിലാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ആത്മസുഹൃത്തിന്റെ ദേഹവിയോഗത്തില്‍ ദുഃഖിക്കുന്നുവെന്നും മുല്ലപള്ളി പറഞ്ഞു.