എം ഐ ഷാനവാസ് എം പി അന്തരിച്ചു

Posted on: November 21, 2018 2:00 am | Last updated: November 21, 2018 at 12:26 pm

ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ എം.ഐ ഷാനവാസ് (67) അന്തരിച്ചു. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അന്ത്യം. ശസ്ത്രക്രിയക്കുശേഷമുണ്ടായ അണുബാധയെ തുടര്‍ന്നാണ് ആരോഗ്യനില വഷളായത്. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റു കൂടിയായിരുന്നു ഷാനവാസ്. കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 31നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവംബര്‍ രണ്ടിനായിരുന്നു ശസ്ത്രക്രിയ. ആലപ്പുഴ സ്വദേശിയായ ഷാനവാസ് കഴിഞ്ഞ രണ്ട് തവണയും വയനാടിനെ പ്രതിനിധീകരിച്ചാണ് ലോകസഭയിലെത്തിയത്.

ഭാര്യ: ജുബൈരിയത്ത് ബീഗം. മക്കള്‍: അമീന ഷാനവാസ്, ഹസീബ് ഷാനവാസ്. മരുമകന്‍: മുഹമ്മദ് ഹനീഷ് ഐ.എ.എസ്. മൃതദേഹം ഉച്ചയോടെ വിമാന മാര്‍ഗം കൊച്ചിയിലെത്തിക്കും. ഖബറടക്കം നാളെ രാവിലെ 10 ന് എസ്.ആര്‍.എം റോഡിലെ തോട്ടത്തുംപടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.