Connect with us

Gulf

സൗദിയ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി; ആദ്യ വിമാനം 5 ന് ജിദ്ദയിൽ നിന്ന്

Published

|

Last Updated

ജിദ്ദ: കരിപ്പൂരിലേക്കുള്ള സൗദി എയർലൈൻസ് ടിക്കറ്റുകൾ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. ആദ്യ വിമാനം ഡിസംബർ 5ന് ബുധനാഴ്ച പുലർച്ചെ 3.15 ന് ജിദ്ദയിൽ നിന്ന് പറക്കും. 11.10 ന് കോഴിക്കോട്ടിറങ്ങുന്ന വിമാനം ഉച്ചതിരിഞ്ഞ് 1.10 ന് തിരിച്ച് ജിദ്ദയിലേക്കും പറക്കും.
നേരത്തേ 4 ന് റിയാദിൽ നിന്നാകും ആദ്യ വിമാനം എന്നായിരുന്നു അറിയിച്ചിരുന്നത്. അത് മാറ്റി 5 ന് ജിദ്ദയിൽ നിന്നാക്കുകയായിരുന്നു. ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചതോടെ ആദ്യ വിമാനത്തിൽ യാത്ര ചെയ്യാൻ ടിക്കറ്റു ബുക്ക് ചെയ്യുന്ന തിരക്കിലാണ് നാട്ടിലേക്കു പോകാനൊരുങ്ങുന്നവർ. കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളെല്ലാം ഇതിനകം തന്നെ വിറ്റഴിഞ്ഞു.
ജിദ്ദയിൽ നിന്ന് അഞ്ച് സർവീസുകളും റിയാദിൽ നിന്ന് രണ്ട് സർവീസുകളുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഞായർ, തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് ജിദ്ദയിൽ നിന്നുനുള്ള സർവീസുകൾ. ചൊവ്വ, വെള്ളി ദിവസങ്ങളിൽ റിയാദിൽ നിന്നും. ജിദ്ദാ വിമാനം പുലർച്ചെ 3.15 ന് പുറപ്പെട്ട് രാവിലെ 11.10 ന് കോഴിക്കോട്ടെത്തുകയും, ഉച്ചതിരിഞ്ഞ് 1.10 ന് മടങ്ങുന്ന വിമാനം 4.05 ന് ജിദ്ദയിലെത്തുകയും ചെയ്യും. റിയാദിൽ നിന്നുള്ള സമയക്രമം ഇങ്ങനെ: കാലത്ത് 4 മണിക്ക് പുറപ്പെടുന്ന വിമാനം 11.10 ന് കോഴിക്കോട്ടും, തിരിച്ച് ഉച്ചക്ക് 12.50 ന് പുറപ്പെട്ട് വൈകുന്നേരം സൗദി സമയം 3 ന് റിയാദിലെത്തുകയും ചെയ്യും.
മാർച്ച് മാസത്തോടെ തിരുവനന്തപുരം സർവീസ് സൗദി എയർലൈൻസ് നിർത്തുന്നതോടെ കൂടുതൽ സർവീസുകൾ കോഴിക്കോട്ടേക്ക് ലഭ്യമാകുമെന്നാണ് സൗദിയ വൃത്തങ്ങൾ അറിയിക്കുന്നത്. ഉംറ സീസൺ തുടങ്ങിയതിനാൽ കർപ്പൂർ – ജിദ്ദാ ഫ്ലൈറ്റുകൾക്ക് വൻ ഡിമാന്റാണ് പ്രതീക്ഷിക്കപ്പെടുന്നത്. അത് ടിക്കറ്റ് നിരക്കിനെ ബാധിക്കുമോ എന്ന ആശങ്കയും യാത്രക്കാർ പങ്കു വയ്ക്കുന്നുണ്ട്.

Latest