അലോക് വര്‍മ സിവിസി റിപ്പോര്‍ട്ടിന് നല്‍കിയ മറുപടി ചോര്‍ന്നു; കടുത്ത വിമര്‍ശവുമായി സുപ്രീം കോടതി

Posted on: November 20, 2018 1:15 pm | Last updated: November 21, 2018 at 10:16 am

ന്യൂഡല്‍ഹി: സിബിഐ മുന്‍ ഡയറക്ടര്‍ ആലോക് വര്‍മ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ റിപ്പോര്‍ട്ടിനു നല്‍കിയ മറുപടി ചോര്‍ന്നതില്‍ അത്യപ്തി അറിയിച്ച് സുപ്രീം കോടതി. ഇക്കാര്യത്തില്‍ ആലോക് വര്‍മയുടെ അഭിഭാഷകരെ ചീഫ് ജസ്റ്റിസ് രഞ്്ജന്‍ ഗൊഗോയി കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. കേസ് നവംബര്‍ 29ലേക്കു മാറ്റി.തിങ്കളാഴ്ചയാണ് മുദ്ര വെച്ച കവറില്‍ സെക്രട്ടറി ജനറലിന് ആലോക് വര്‍മ മറുപടി കൈമാറിയത്.

എന്നാല്‍ ഈ റിപ്പോര്‍ട്ട് ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ എസ്‌കെകൗളും കെഎംജോസഫും ആലോകിന്റെ അഭിഭാഷകനായ ഫാലി എസ്.നരിമാനെ അറിയിക്കുകയും വാര്‍ത്തയുടെ പകര്‍പ്പ് കൈമാറുകയും ചെയ്തു. റിപ്പോര്‍ട്ട് കണ്ടു താന്‍ ഞെട്ടിപ്പോയെന്നായിരുന്നു നരിമാന്റെ മറുപടി. ഇതിനു കാരണക്കാരായ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണമെന്നും നരിമാന്‍ ആവശ്യപ്പെട്ടു. സിബിഐ ഡയറക്ടറുടെ ചുമതലയില്‍നിന്ന് ആലോക് വര്‍മയെ മാറ്റിയ നടപടിക്കെതിരെയുള്ള പരാതിയാണു സുപ്രീംകോടതി പരിഗണിക്കുന്നത്.

അതേ സമയം സിവിസി റിപ്പോര്‍ട്ടിന് നല്‍കിയ മറുപടി ചോര്‍ന്നിട്ടില്ലെന്ന് അലോകിന്റെ അഭിഭാഷകരും റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ന്യൂസ് പോര്‍ട്ടലും നിലപാടെടുത്തു