സമരക്കാര്‍ ശബരിമല പിടിച്ചടക്കാനെത്തിയ കര്‍സേവകര്‍; പോലീസ് ഇടപെട്ടത് ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടപ്പോള്‍: മുഖ്യമന്ത്രി 

Posted on: November 20, 2018 10:48 am | Last updated: November 21, 2018 at 12:23 pm

തിരുവനന്തപുരം: ശബരിമല സമരക്കാരുടെ യഥാര്‍ഥ ഉദ്ദേശം വ്യക്തമായിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരത്തിന് നേത്യത്വം കൊടുക്കുന്നത്് ആര്‍എസഎസും ബിജെപിയും സംഘപരിവാറും ആണെങ്കിലും തങ്ങളും അവര്‍ക്കൊപ്പമുണ്ടെന്ന് കോണ്‍ഗ്രസ് ഇപ്പോള്‍ തെളിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയോടുള്ള പ്രതിബന്ധതയും ഭക്തിയും കൊണ്ടുമല്ല ഈ സമരം. ആദ്യഘട്ടങ്ങളില്‍ സമരക്കാരെ പോലീസ് തടഞ്ഞില്ല. പ്രതിഷേധിക്കാനവുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട് എന്നതിനാലാണിത്. എന്നാല്‍ പ്രക്ഷോഭകര്‍ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന സ്ഥിതിയുണ്ടായി. സംഘപരിവാറാണ് ഇത് ചെയ്തത്. മാധ്യമപ്രവര്‍ത്തകര്‍ ഇവിടെ അതി ഭീകരമായി ആക്രമിക്കപ്പെട്ടു. വനിതാ മാധ്യപ്രവര്‍ത്തകരടമുള്ളവരാണ് ആക്രമിക്കപ്പെട്ടത്. ഇത്തരത്തില്‍ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്ന സ്ഥിതി വന്നപ്പോഴാണ് പോലീസ് സമരക്കാരെ പിരിച്ചുവിടാന്‍ തയ്യാറായത്.

കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ മുമ്പൊരിക്കലും അനുഭവി്ച്ചിട്ടില്ലാത്ത ആക്രമണമാണ് ഇവിടെ നടന്നത്. എന്ത് റിപ്പോര്‍ട്ട് ചെയ്യണമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംഘപരിവാര്‍ നിര്‍ദേശിക്കുന്ന സ്ഥിതിവന്നു.ഇത്തരത്തില്‍ ശബരിമലയില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുകയായിരുന്നു. പിന്നീട് ഭക്തരെ തടയുന്ന സ്ഥിതി വന്നു.ഇവിടെ പോലീസ് ആത്മസംയമനം പാലിച്ചു നിലകൊള്ളുകയായിരുന്നു. ശാരീരികമായ വേദന സഹിച്ചാണ് പോലീസ് സംയമനം പാലിച്ചത്. ഭക്തര്‍ക്ക് അസൗകര്യമില്ലാതെ ദര്‍ശനമൊരുക്കാനാണ് പോലീസ് ഇത് ചെയ്തത്. ഈ ഘട്ടത്തില്‍ തടസം സ്യഷ്ടിക്കാനെത്തിയവരെ അറസ്റ്റ് ചെയ്യേണ്ടി വന്നു. പ്രശ്‌നമുണ്ടാക്കാന്‍ മാത്രമായി എത്തിയവരെയാണ് ശബരിമലയില്‍ തടഞ്ഞത്. ശബരിമലയെ പിടിച്ചെടുക്കാനുള്ള കര്‍സേവകരായാണ് ഇവരെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയാനന്തര കേരളത്തിന് കേന്ദ്രത്തിന്റെ പുതിയ സഹായമില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ഇത് ഗൗരവമായി കാണണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.