Connect with us

Editorial

നാടിനും ഉപകരിക്കണം പ്രവാസി സമ്പാദ്യം

Published

|

Last Updated

കഴിഞ്ഞ ദിവസം റിസര്‍വ് ബേങ്ക് പുറത്തുവിട്ട കണക്കനുസരിച്ച് അംഗീകൃത സംവിധാനങ്ങള്‍ വഴിയുള്ള പ്രവാസികളുടെ പണത്തിന്റെ വരവ് കൂടുതല്‍ കേരളത്തിലേക്കാണ്. 6900 കോടി ഡോളറാണ് (4,95,661 കോടി രൂപ) കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തിയ പ്രവാസി പണം. ഇതിന്റെ 19 ശതമാനവും (94,175 കോടി രൂപ)കേരളത്തിലേക്കായിരുന്നു. 16.7 ശതമാനവുമായി മഹാരാഷ്ട്ര രണ്ടാംസ്ഥാനത്തും 15 ശതമാനവുമായി കര്‍ണാടക മൂന്നാംസ്ഥാനത്തുമാണ്. തമിഴ്‌നാടും (എട്ട് ശതമാനം) ആന്ധ്രാപ്രദേശുമാണ് (നാല് ശതമാനം) തൊട്ടുപിന്നില്‍. മൊത്തം പ്രവാസിപ്പണത്തിന്റെ 26.9 ശതമാനവും വരുന്നത് യു എ ഇയില്‍ നിന്നാണ്. യു എസില്‍ നിന്ന് 22.9 ശതമാനവും സഊദി യില്‍ നിന്ന് 11.6 ശതമാനവും എത്തുന്നു. ഖത്വര്‍ (6.5), കുവൈത്ത് (5.5), ഒമാന്‍ (3), യു കെ(3) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. രാജ്യത്തെ പ്രവാസികളില്‍ 90 ശതമാനവും ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് വിദേശ പണത്തിന്റെ 50 ശതമാനവും എത്തുന്നതെന്നും ആര്‍ ബി ഐ വ്യക്തമാക്കുന്നു.

കേരളത്തിലെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 30 ശതമാനത്തോളവും കേന്ദ്രത്തില്‍ നിന്നുള്ള റവന്യൂ വരുമാനത്തിന്റെ ഏഴ് മടങ്ങും വരും പ്രവാസികളില്‍ നിന്നെത്തുന്ന തുക. കേരളത്തിലെ കാര്‍ഷിക വ്യാവസായിക മേഖലയില്‍ നിന്നുള്ള വരുമാനത്തെക്കാള്‍ കൂടുതല്‍ വരുമിത്. കേരളത്തിന്റെ സാമ്പത്തിക സാമൂഹിക മുന്നേറ്റത്തില്‍ അദ്വിതീയ പങ്കാണ് പ്രവാസി സമ്പാദ്യത്തിനുള്ളത്. ആറ് പതിറ്റാണ്ടിനു മുമ്പ് കേരളം രൂപവത്കൃതമായ കാലത്ത് ആളോഹരി വരുമാനത്തില്‍ ദേശീയ ശരാശരിയെക്കാള്‍ വളരെ പിന്നിലായിരുന്നു നമ്മുടെ സംസ്ഥാനം. ഇന്ന് ദേശീയ ശരാശരിയെക്കാള്‍ മുകളിലാണ്. ഗള്‍ഫ് കുടിയേറ്റം കേരള സമ്പദ്ഘടനയിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചറിയണമെങ്കില്‍ ഗള്‍ഫ് കുടിയേറ്റത്തിനു മുമ്പുള്ള കേരളത്തിന്റെ സമ്പദ്ഘടനയും നിലവിലെ സമ്പദ്ഘടനയും തുലനം ചെയ്താല്‍ മതി. പ്രവാസികളുടെ പണമാണ് ഈ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.

അതേസമയം, വിദേശ രാജ്യങ്ങളില്‍ നിന്ന് പണം നന്നായി ഒഴുകിയെത്തുമ്പോള്‍ തന്നെ കേരളത്തിന്റെ വികസനത്തില്‍ പ്രവാസികളുടെ പ്രത്യക്ഷമായ പങ്കാളിത്തം കുറവാണ്. വര്‍ഷങ്ങളോളം അധ്വാനിച്ചുണ്ടാക്കിയ പണം യുക്തിസഹമല്ലാത്ത രീതിയിലാണ് അവര്‍ ചെലവാക്കുന്നതെന്നാണ് ഇതിനിടെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് (സി ഡി എസ്) നടത്തിയ സര്‍വേയിലെ വെളിപ്പെടുത്തല്‍. സ്വന്തം രാജ്യത്തിന്റെ വളര്‍ച്ചക്കായുള്ള സംഭാവനകളില്‍ ചൈന, ഇസ്‌റാഈല്‍ രാജ്യങ്ങളിലെ പ്രവാസികളെക്കാള്‍ പിന്നിലാണ് ഇന്ത്യക്കാര്‍. കേരളത്തിലെ നിക്ഷേപാന്തരീക്ഷം വേണ്ടത്ര സുരക്ഷിതമല്ലാത്തതും പ്രവാസികളുടെ കഴിവുകളെയും സമ്പാദ്യത്തെയും വികസന മേഖലകളിലേക്ക് ആകര്‍ഷിക്കാനുതകുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതില്‍ ഭരണാധികാരികളില്‍ നിന്നുണ്ടായ വീഴ്ചയുമാണ് ഇതിന് കാരണം.

കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസ് മുതല്‍ രാജ്യത്തിന്റെ വിവിധ കോണുകളിലും വിദേശ രാജ്യങ്ങളിലും നടത്തുന്ന പ്രവാസി കണ്‍വെന്‍ഷനുകള്‍ വരെ ഒട്ടേറെ വേദികളുണ്ട് പ്രവാസി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍. ഇതിലൊക്കെയും ഇന്ത്യയിലെ നിക്ഷേപ സാധ്യതകളും പ്രവാസികളുടെ പ്രശ്‌നങ്ങളുമൊക്കെ ചര്‍ച്ചയാകുകയും പ്രവാസികളുടെ ക്ഷേമത്തിനും മടങ്ങിയത്തുന്നവരുടെ പുനരധിവാസത്തിനുമായി വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്യാറുണ്ട്. പക്ഷേ നേതാക്കള്‍ വേദിയില്‍ നിന്നിറങ്ങുന്നതോടെ അതെല്ലാം വിസ്മരിക്കുകയാണ് പതിവ്. ഈ വര്‍ഷാദ്യം നടന്ന കേരള ലോക സഭാ സമ്മേളനത്തില്‍, നിശ്ചിത തുകക്കുള്ള നിക്ഷേപം പ്രഖ്യാപിത പ്രവാസി സംരംഭങ്ങളില്‍ ഓഹരിയായി നിക്ഷേപിക്കുന്നവര്‍ക്ക്, പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചു വരുമ്പോള്‍ ഏതെങ്കിലുമൊരു സ്ഥാപനത്തില്‍ യോഗ്യതക്കനുസരിച്ച് തൊഴില്‍ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് അതേക്കുറിച്ചൊന്നും കേട്ടില്ല. ഇതാണ് അവസ്ഥ. ശരിയായ ആസൂത്രണത്തോടെ യുക്തിപൂര്‍വം വിനിയോഗിക്കാനായാല്‍ കേരളത്തിന് വലിയൊരു മുതല്‍ക്കൂട്ടാക്കാവുന്നതാണ് പ്രവാസിപണം.

ചെറുകിട സംരംഭങ്ങളിലാണ് വിദേശത്തെ തൊഴില്‍ അവസാനിപ്പിച്ച് നാട്ടില്‍ ജീവിതം തുടങ്ങാനാഗ്രഹിക്കുന്ന മിക്ക പേരുടെയും താത്പര്യം. അത്തരമൊന്ന് തുടങ്ങാമെന്നു വെച്ചാല്‍ ബേങ്കുകളില്‍ നിന്ന് മതിയായ പിന്തുണ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്ക് 15 ശതമാനം മൂലധന സബ്‌സിഡിയോടെ 20 ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. എന്നാല്‍, വായ്പക്കായി സമീപിക്കുമ്പോള്‍ ബേങ്ക് അധികൃതര്‍ നിഷേധ സമീപനം സ്വീകരിക്കുകയാണ്. സംസ്ഥാനത്തെ ബേങ്ക് നിക്ഷേപത്തില്‍ ഗണ്യഭാഗവും പ്രവാസികളുടേതാണ്. ഒരു വര്‍ഷം മുമ്പുള്ള കണക്കനുസരിച്ച് 1,54,253 കോടി രൂപ വരും സംസ്ഥാനത്തെ ബേങ്കുകളില്‍ പ്രവാസി നിക്ഷേപം. ഈ പണം വെച്ചുകൊണ്ടാണ് ബേങ്കുകള്‍ വായ്പ നിഷേധിക്കുന്നതെന്നതാണ് ഖേദകരം. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സ്വദേശത്ത് സംരംഭം തുടങ്ങുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ഫലപ്രദമായ സംവിധാനങ്ങളുമില്ല. ഇതു മൂലം ഇടനിലക്കാരും സ്വാര്‍ഥതാത്പര്യക്കാരും അവരെ ചൂഷണം ചെയ്യുകയാണ്. പ്രവാസികളുടെ കഴിവുകളെയും സമ്പാദ്യത്തെയും വികസന മേഖലകളിലേക്ക് ആകര്‍ഷിക്കാനുതകുന്ന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നതോടൊപ്പം അവരെ ഇതേക്കുറിച്ച് ബോധവത്കരിക്കുന്നതിനുള്ള ശക്തമായ ഒരു സര്‍ക്കാര്‍ തല ഏജന്‍സി ആവശ്യമാണ്.

Latest