ഹെയ്തിയില്‍ അഴിമതി വിരുദ്ധ പ്രതിഷേധം; ആറ് പേര്‍ കൊല്ലപ്പെട്ടു

Posted on: November 19, 2018 11:47 pm | Last updated: November 20, 2018 at 11:04 am

പോര്‍ട്ട് ഓ പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ അഴിമതി വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടെ ആറ് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഹെയ്തിയിലുടനീളം അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങള്‍ അരങ്ങേറുകയാണ്. പബ്ലിക് ഫിനാന്‍സ് പദ്ധതികള്‍ക്ക് വേണ്ടിയുള്ള ഫണ്ടില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ അപ്രത്യക്ഷമായതാണ് അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പെട്ടെന്ന് കാരണമായത്.

പതിനായിരക്കണക്കിന് ആളുകള്‍ ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വെനിസ്വാലയില്‍ നിന്ന് പൊതുജനാവശ്യാര്‍ഥം കൈപറ്റിയ ഫണ്ടില്‍ നിന്ന് 3.8 ബില്യന്‍ ഡോളര്‍ അപ്രത്യക്ഷമായിരുന്നു. ഇതിനെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും അഴിമതി നടത്തിയവരെ ഉടന്‍ നിയമത്തിന് മുമ്പിലെത്തിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ജനങ്ങള്‍ തെരുവിലിറങ്ങിയത്. ഹെയ്തി പ്രസിഡന്റ് ജൊവേനല്‍ മോയ്‌സ് പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചെങ്കിലും ഇവര്‍ വഴങ്ങിയിട്ടില്ല. പ്രസിഡന്റ് രാജിവെക്കുന്നത് വരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

പ്രതിഷേധക്കാര്‍ റോഡ് ഗതാഗതം തടസ്സപ്പെടുത്തുകയും സ്ഥാപനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. വിവിധ സ്ഥലങ്ങളില്‍ ഇവര്‍ പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. പോലീസുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ആറ് പേര്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിഷേധക്കാരായ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്ത് തടവിലിട്ടു. തലസ്ഥാന നഗരിയില്‍ സുരക്ഷക്ക് വേണ്ടി മൂവായിരത്തിലധികം പോലീസുകാരെയാണ് അധികൃതര്‍ നിയോഗിച്ചിട്ടുള്ളത്.