നോട്ടു നിരോധനം: സി എ ജി റിപ്പോര്‍ട്ട് ബജറ്റ് സമ്മേളനത്തിനു മുമ്പു സമര്‍പ്പിച്ചേക്കും

Posted on: November 19, 2018 8:53 pm | Last updated: November 19, 2018 at 8:53 pm

ന്യൂഡല്‍ഹി: കടുത്ത വിവാദങ്ങള്‍ക്കും രൂക്ഷ വിമര്‍ശനങ്ങള്‍ക്കും ഇടവരുത്തിയ നോട്ടു നിരോധന നടപടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയ സ്വാധീനം സംബന്ധിച്ച കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) റിപ്പോര്‍ട്ട് 2019ലെ പാര്‍ലിമെന്റ് ബജറ്റ് സമ്മേളനത്തിനു മുമ്പ് സമര്‍പ്പിച്ചേക്കുമെന്ന് സൂചന. അതേസമയം, 2019 തിരഞ്ഞെടുപ്പു വര്‍ഷമായതിനാല്‍ സമ്പൂര്‍ണ ബജറ്റ് സെഷന്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നിരിക്കെ റിപ്പോര്‍ട്ട് സഭയില്‍ വെക്കുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയായിട്ടില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, കേന്ദ്ര സര്‍ക്കാറിനെ അസ്വസ്ഥതപ്പെടുത്താതിരിക്കാന്‍ റിപ്പോര്‍ട്ട് മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന് അറുപതോളം റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ കഴിഞ്ഞാഴ്ച ആരോപിച്ചിരുന്നു. ഇക്കാര്യമുന്നയിച്ച് സി എ ജി. രാജീവ് മെഹര്‍ഷിക്ക് അവര്‍ കത്തും നല്‍കിയിരുന്നു. തീര്‍ത്തും അനാവശ്യമായി കാലതാമസം വരുത്തുകയാണെന്നും മുന്‍ സി എ ജി. ശശികാന്ത് ശര്‍മ ഓഡിറ്റ് റിപ്പോര്‍ട്ട് സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

റിസര്‍വ് ബേങ്കിനെയും മറ്റ് പൊതുമേഖലാ ബേങ്കുകളെയും ഓഡിറ്റില്‍ നിന്ന് ഒഴിവാക്കുമെന്ന് സി എജിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.