ഡല്‍ഹിയിലെ ഫാക്ടറിയില്‍ തീപ്പിടിത്തം; നാലു പേര്‍ മരിച്ചു

Posted on: November 19, 2018 8:19 pm | Last updated: November 19, 2018 at 10:07 pm

ന്യൂഡല്‍ഹി: മധ്യ ഡല്‍ഹിയില്‍ കരോള്‍ ബാഗിനു സമീപം ബെദോന്‍പുരയിലെ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ സ്ത്രീകളുള്‍പ്പടെ നാലുപേര്‍ മരിച്ചു. ഭഗന്‍ പ്രസാദ് (55), ആര്‍ എം നരേഷ് (40), ആരതി (20), ആശ (40) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ അജീത് (25) എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടടുത്താണ് തീപ്പിടിത്തമുണ്ടായതെന്ന് ഡല്‍ഹി അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അലക്കിയ വസ്ത്രങ്ങള്‍ തൊഴിലാളികള്‍ ഇസ്തിരിയിടുന്നതിനിടെ സമീപത്ത് വീപ്പയില്‍ നിറച്ചുവെച്ചിരുന്ന പ്രത്യേക ലായനി വസ്ത്രങ്ങളില്‍ പുരളുകയും ഇസ്തിരിപ്പെട്ടിയുമായി സമ്പര്‍ക്കമുണ്ടായി തീപിടിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് കുതിച്ചെത്തിയ അഗ്നിശമന സേന 12.50ഓടെ തീ നിയന്ത്രണ വിധേയമാക്കി.