Connect with us

National

അസ്താനക്കെതിരായ കേസ്: അന്വേഷണത്തില്‍ അജിത് ഡോവല്‍ ഇടപെട്ടുവെന്ന ആരോപണവുമായി സി ബി ഐ ജോ. ഡയരക്ടര്‍

Published

|

Last Updated

ന്യൂഡല്‍ഹി: സി ബി ഐ പ്രത്യേക ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരായ അഴിമതി കേസുമായി ബന്ധപ്പെട്ട് ഏജന്‍സിക്കകത്തു തന്നെ ആരോപണ പ്രത്യാരോപണങ്ങള്‍ കൊഴുക്കുന്നു. കേസന്വേഷണത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇടപെട്ടുവെന്ന ആരോപണവുമായി സി ബി ഐ ജോയിന്റ് ഡയരക്ടര്‍ എം കെ സിന്‍ഹ സുപ്രീം കോടതിയില്‍ ഹരജി നല്‍കി. അസ്താനയുടെ വസതിയില്‍ പരിശോധന നടത്തുന്നതിനെ ഡോവല്‍ തടഞ്ഞതായും ഹരജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

അസ്താനക്കെതിരായ അന്വേഷണം നടത്തുന്നതിനിടെയാണ് സിന്‍ഹയെ സ്ഥലം മാറ്റിയത്. സി ബി ഐയിലെ പ്രശ്‌നങ്ങള്‍ മോദി തന്നെ ഇടപെട്ട് പരിഹരിക്കുമെന്ന് റോ ഓഫീസര്‍ സാമന്ത് ഗോയല്‍ പറഞ്ഞ ദിവസമാണ് തന്നെ അനേഷണത്തില്‍ നിന്നും തന്നെ മാറ്റിയതെന്നും ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട മധ്യസ്ഥരായ രണ്ടുപേര്‍ അസ്താനയുമായി അടുത്ത ബന്ധമുള്ളവരാണെന്ന് സിന്‍ഹ ആരോപിക്കുന്നു.

സി ബി ഐയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തെറ്റായ ഇടപെടല്‍ നടത്തുന്നതിന് കേന്ദ്ര കല്‍ക്കരി-ഖനി സഹ മന്ത്രി ഹരിഭായ് പാര്‍ഥിഭായ് ചൗധരി കോടിക്കണക്കിനു രൂപ കൈക്കൂലി വാങ്ങിയതായി കേസിലെ ഹരജിക്കാരനായ സന സതീഷ് ബാബു എന്ന വ്യവസായി തന്നോടു പറഞ്ഞിട്ടുണ്ടെന്ന് സിന്‍ഹ വെളിപ്പെടുത്തി. ഗുജറാത്തില്‍ നിന്നുള്ള എം പിയായ ചൗധരി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ളയാളാണ്.

Latest