ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് ആര്‍എസ്എസെന്ന് എജി ഹൈക്കോടതിയില്‍

Posted on: November 19, 2018 4:59 pm | Last updated: November 19, 2018 at 7:45 pm

കൊച്ചി: ശബരിമല സന്നിധാനത്തെ നടപ്പന്തലില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് ആര്‍എസ്എസുകാരാണെന്ന് അഡ്വക്കറ്റ് ജനറല്‍ (എജി) ഹൈക്കോടതിയെ അറിയിച്ചു. വിശ്വാസികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ശബരിമലയില്‍ ഇല്ല. പ്രശ്‌നമുണ്ടാക്കുന്നവരെയാണ് പോലീസ് തടയുന്നത്. നിരവധി ക്രിമനല്‍ കേസുകളിലെ പ്രതികളാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നും ഐജി വ്യക്തമാക്കി.

ബിജെപിയുടെ സര്‍ക്കുലര്‍ എജി കോടതിയില്‍ ഹാജരാക്കി. ഇതോടെ, അറസ്റ്റ് നടപടികളില്‍ ഇടപെടില്ലെന്ന് കോടതി അറിയിച്ചു. എല്ലാ പാര്‍ട്ടികള്‍ക്കും പല അജണ്ടകള്‍ കാണുമെന്നും കോടതി വ്യക്തമാക്കി.
സര്‍ക്കാറിന് വേണ്ടി ഐജി അറിയിച്ച കാര്യങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്ന് വ്യക്തമാക്കിയ കോടതി ഡിജിപിയോടും ദേവസ്വം ബോര്‍ഡിനോടും സത്യവാങ്മൂലം നല്‍കണമെന്നും ആവശ്യപ്പെട്ടു.

എന്തുകൊണ്ടാണ് ഭക്തരെ നടപ്പന്തലില്‍ വിശ്രമിക്കാന്‍ അനുവദിക്കാത്തതെന്ന് കോടതി ചോദിച്ചപ്പോള്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിശ്രമിക്കാന്‍ വേറെ സ്ഥലമുണ്ടെന്നും എ.ജി കോടതിയെ അറിയിച്ചു.

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ പോലീസ് അതിക്രമം നടത്തുകയാണെന്ന് കോടതി വിമര്‍ശിച്ചിരുന്നു. പോലീസ് നടപടിയില്‍ എതിര്‍പ്പ് അറിയിച്ച കോടതി ഇതുമായി ബന്ധപ്പെട്ട് എ.ജിയോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് എ.ജി ഹാജരായത്.