ഇന്ത്യയിലെത്തുന്ന വിദേശപണം കൂടുതല്‍ യു എ ഇയില്‍ നിന്ന്

Posted on: November 19, 2018 4:37 pm | Last updated: November 19, 2018 at 4:37 pm

ദുബൈ: ഇന്ത്യയില്‍ എത്തുന്ന വിദേശ പണത്തില്‍ കൂടുതലും യു എ ഇ യില്‍ നിന്ന്.
2016-17 സാമ്പത്തികവര്‍ഷത്തെ കണക്ക് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഇതനുസരിച്ച് ഏറ്റവും കൂടുതല്‍ പ്രവാസിപ്പണം ലഭിക്കുന്ന രാജ്യം ഇന്ത്യ.
6,900 കോടി ഡോളറാണ് (4,95,661 കോടി രൂപ) ഇന്ത്യയിലെത്തിയത്. ഇതിന്റെ 46 ശതമാനവും നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണെത്തുന്നത്. ആര്‍ ബി ഐ സര്‍വേപ്രകാരം മൊത്തം പ്രവാസിപ്പണത്തിന്റെ 19 ശതമാനം (94175 കോടി രൂപ) എത്തിയത് കേരളത്തിലേക്ക്.

16.7 ശതമാനവുമായി മഹാരാഷ്ട്ര രണ്ടാംസ്ഥാനത്തും 15 ശതമാനവുമായി കര്‍ണാടക മൂന്നാംസ്ഥാനത്തുമാണ്.
തമിഴ്‌നാട് (എട്ടു ശതമാനം), ആന്ധ്രാപ്രദേശ് (നാലു ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.
മൊത്തം പ്രവാസിപ്പണത്തിന്റെ 26.9 ശതമാനവും എത്തിയത് യു എ ഇയില്‍ നിന്നാണ്. 22.9 ശതമാനവുമായി യു എസ് എ യാണ് രണ്ടാംസ്ഥാനത്ത്.

സഊദി അറേബ്യ(11.6), ഖത്വര്‍ (6.5), കുവൈത്ത് (5.5), ഒമാന്‍ (3), യു കെ(3) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍.
മൊത്തം പണത്തിന്റെ 50 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നാണ്.
ഇന്ത്യയില്‍നിന്നുള്ള പ്രവാസികളില്‍ 90 ശതമാനവും ജോലിചെയ്യുന്നത് ഗള്‍ഫ് രാജ്യങ്ങളിലും ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളിലുമാണ്.