എം എ യൂസുഫലിക്ക് മിഡില്‍സെക്‌സ് സര്‍വകലാശാലയുടെ ഡോക്ടറേറ്റ്

Posted on: November 18, 2018 6:17 pm | Last updated: November 18, 2018 at 6:17 pm

ദുബൈ: വാണിജ്യ വ്യവസായ മേഖലയിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ബ്രിട്ടനിലെ മിഡില്‍സെക്‌സ് സര്‍വകലാശാല ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലിക്ക് ഡോക്ടറേറ്റ് ബിരുദം നല്‍കി. ദുബൈയില്‍ സര്‍വകലാശാലയുടെ വാര്‍ഷിക ബിരുദദാന ചടങ്ങില്‍ വെച്ചാണ്, യു എ ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ യൂസുഫലിക്ക് ഡോക്ടറേറ്റ് ബിരുദം സമ്മാനിച്ചത്.

ഇന്ത്യയും യു എ ഇയും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കാണ് യൂസുഫലി വഹിച്ചതെന്ന് ശൈഖ് നഹ്‌യാന്‍ പറഞ്ഞു. വാണിജ്യ മേഖലയിലെ അഗ്രഗണ്യനായ ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് യൂസുഫലിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിന് വിദ്യാഭ്യാസത്തിനുള്ള പങ്ക് ഏറെ പ്രാധാന്യമുള്ളതാണെന്ന് ശൈഖ് നഹ്‌യാന്‍ പറഞ്ഞു. വിദ്യാഭ്യാസത്തില്‍ നിക്ഷേപിക്കുന്നത് ഭാവിയില്‍ പൗരന്മാരുടെ മൂല്യങ്ങളില്‍ നിക്ഷേപിക്കുന്നതിന് തുല്യമാണ്. വിദ്യാഭ്യാസം ഒരിക്കലും അവസാനിക്കാത്ത ഒരു നടപടിക്രമമാണ്. ഈ ലോകത്തിന്റെ ഭാവിപ്രതീക്ഷ വളര്‍ന്നു വരുന്ന പുതിയ തലമുറയിലാണെന്നും സര്‍വകലാശാലയുടെ വാര്‍ഷിക ബിരുദദാനചടങ്ങില്‍ ശൈഖ് നഹ്‌യാന്‍ പറഞ്ഞു.
മുന്നൂറോളം വിദ്യാര്‍ഥികള്‍ക്ക് ശൈഖ് നഹ്‌യാന്‍ ബിരുദദാനം നിര്‍വഹിച്ചു. യു എ ഇ ആഭ്യന്തര മന്ത്രാലയം വിദ്യാഭ്യാസ- ട്രെയ്‌നിംഗ് വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. തയ്യിബ് കമാലി, അമാനത്ത് ഹോള്‍ഡിംഗ് ചെയര്‍മാന്‍ ഹമദ് അബ്ദുല്ല അല്‍ ശംസി, പ്രോ വൈസ് ചാന്‍സലര്‍ ഡോ. സെഡ്വിന്‍ ഫെര്‍ണാണ്ടസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.