നെയ്യഭിഷേകത്തിന്റെ സമയം നീട്ടി; നിയന്ത്രണങ്ങളില്‍ അയവ് വരുത്തും: എ പത്മകുമാര്‍

Posted on: November 18, 2018 6:07 pm | Last updated: November 18, 2018 at 7:15 pm

തിരുവനന്തപുരം: ഭക്തര്‍ക്ക് പ്രയാസമുണ്ടാകാതിരിക്കാനായി ശബരിമലയിലെ പ്രധാന വഴിപാടായ നെയ്യഭിഷേകത്തിന്റെ സമയം അരമണിക്കൂര്‍ വര്‍ധിപ്പിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. പുലര്‍ച്ച മൂന്നേകാല്‍ മുതല്‍ 12.30വരെ നെയ്യഭിഷേകം നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. രാത്രി 11.30ന് എരുമേലിയില്‍ എത്തിയാല്‍ മൂന്ന് മണിയോടെ സന്നിധാനത്തെത്താനാകും. ഇതിനുള്ള എല്ലാ സൗകര്യങ്ങളും പോലീസ് ഒരുക്കുമെന്നും മൂന്നേകാലോടെ നെയ്യഭിഷേകം നടത്താനാകുമെന്നും പത്മകുമാര്‍ പറഞ്ഞു.

ശബരിമലയില്‍ സമരക്കാര്‍ക്ക് യാതൊരു കാരണവശാലും മുറി അനുവദിക്കില്ല. നടപന്തലില്‍ പകല്‍ നിയന്ത്രണമുണ്ടാകില്ല. സന്നിധാനത്ത് ഭക്തര്‍ക്ക് എല്ലാ സൗകര്യങ്ങളൊരുക്കും. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ശബരിമലയില്‍ തങ്ങുന്നതിന് പ്രശ്‌നമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മകുമാര്‍.