യെമന്‍: സന്ധി സംഭാഷണം ഫലവത്താകുമെന്ന് പ്രതീക്ഷിക്കുന്നതായി യു എന്‍ നയതന്ത്ര പ്രതിനിധി

Posted on: November 18, 2018 5:02 pm | Last updated: November 18, 2018 at 6:46 pm

ന്യൂയോര്‍ക്ക്: യെമനിലെ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം തേടിയുള്ള ഐക്യരാഷ്ട്ര സഭയുടെ നീക്കങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ച് ഹൂതി
വിമതരും സഊദി പിന്തുണയുള്ള സര്‍ക്കാറും. സ്വീഡനില്‍ വിളിച്ചു ചേര്‍ക്കുന്ന സന്ധി സംഭാഷണത്തില്‍ പങ്കെടുക്കാനുള്ള സന്നദ്ധത ഇരുപക്ഷവും അറിയിച്ചിട്ടുണ്ടെന്ന് യു എന്‍ നയതന്ത്ര പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫിത്ത് വാര്‍ത്താ ഏജന്‍സിയോടു വ്യക്തമാക്കി.

ദശലക്ഷക്കണക്കിനു പേരെ പട്ടിണിയിലേക്കും ദുരിതങ്ങളിലേക്കും തള്ളിവിട്ട ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് യമനിലെ ബന്ധപ്പെട്ട കക്ഷികളുടെ നേതൃത്വത്തില്‍ നിന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്. അത് ആത്മാര്‍ഥമാണെന്നു തന്നെയാണ് കരുതുന്നത്- മാര്‍ട്ടിന്‍ ഗ്രിഫിത്ത് പറഞ്ഞു.

സന്ധി സംഭാഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്രമീകരിക്കുന്നതിന് അടുത്താഴ്ച യെമന്‍ തലസ്ഥാനമായ സന സന്ദര്‍ശിക്കുന്ന ഗ്രിഫിത്ത് ആവശ്യമെങ്കില്‍ ഹൂതി പ്രതിനിധി സംഘത്തോടൊപ്പം തന്നെ സ്വീഡനിലേക്ക് നീങ്ങുമെന്നാണ് വിവരം.