Connect with us

National

ഭൂരിഭാഗം ബലാത്സംഗങ്ങള്‍ക്കും ഉത്തരവാദികള്‍ സ്ത്രീകള്‍; ഹരിയാന മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദമാകുന്നു

Published

|

Last Updated

ചണ്ഡീഗഢ്: ഹരിയാനയില്‍ ബലാത്സംഗ സംഭവങ്ങള്‍ വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളോട് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ പ്രതികരണം വിവാദമാകുന്നു. പരസ്പരം അറിയാവുന്നവര്‍ കുറെക്കാലം ഒരുമിച്ചു ചുറ്റിത്തിരിയുന്നതിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ത്രീകള്‍ പരാതിപ്പെടുകയാണ് ചെയ്യുന്നതെന്ന് ഖട്ടര്‍ പറഞ്ഞു. ഭൂരിഭാഗം പീഡന കേസുകള്‍ക്കും പിന്നില്‍ ഇതാണ്. പഴയ കാമുകന്മാരെ തിരിച്ചു കിട്ടാനായാണ് സ്ത്രീകള്‍
ബലാത്സംഗ പരാതി ഉന്നയിക്കുന്നത്. ബലാത്സംഗ സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിരുന്നെന്നും എന്നാല്‍, ഇത്തരം കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും ഖട്ടര്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ബലാത്സംഗം നടക്കുന്നതിന്റെ ഉത്തരവാദി സ്ത്രീയാണെന്ന രീതിയിലുള്ള പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും ഇതിലൂടെ ഖട്ടറിന്റെയും അദ്ദേഹം നയിക്കുന്ന സര്‍ക്കാറിന്റെയും സ്ത്രീ വിരുദ്ധത വ്യക്തമായതായും കോണ്‍. നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.

സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രമാണ് പീഡനങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നതെന്നും വിദേശ സ്ത്രങ്ങള്‍ ഉപേക്ഷിച്ച് പരമ്പരാഗത വസ്ത്രങ്ങള്‍ ധരിക്കാന്‍ തയ്യാറായാല്‍ പീഡനങ്ങള്‍ കുറയ്ക്കാമെന്നും 2014ല്‍ അദ്ദേഹം നടത്തിയ പരാമര്‍ശവും കടുത്ത പ്രതിഷേധങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു.