കെ സുരേന്ദ്രന്റെ വാദം പൊളിച്ച് വീഡിയോ ദൃശ്യങ്ങള്‍; ഇരുമുടിക്കെട്ട് താഴെയിട്ടത് സുരേന്ദ്രന്‍ തന്നെ

Posted on: November 18, 2018 2:57 pm | Last updated: November 18, 2018 at 5:04 pm

തിരുവനന്തപുരം: ഇരുമുടിക്കെട്ടിനെ പോലീസ് നിലത്തിട്ട് ചവിട്ടി അപമാനിച്ചുവെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ആരോപണത്തെ പൊളിച്ച് വീഡിയോ ദൃശ്യങ്ങള്‍. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ചിറ്റാര്‍ പോലീസ് സ്്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് മന്ത്രി പുറത്തുവിട്ടത്. പോലീസ് സ്‌റ്റേഷനില്‍ വെച്ച് രണ്ട് തവണ സുരേന്ദ്രന്‍ തന്റെ ഇരുമുടിക്കെട്ട് തറയിലിട്ടതായും രണ്ട് തവണയും എസ് പി അത് തറയില്‍ നിന്ന് എടുത്ത് സുരേന്ദ്രന്റെ ചുമലില്‍ വെച്ചുകൊടുത്തതായും മന്ത്രി വ്യക്തമാക്കി.

പുറത്ത് തന്നെ കാത്ത് നില്‍ക്കുന്ന മാധ്യമങ്ങള്‍ക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും മുന്നില്‍ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു തന്നെ പോലീസ് മര്‍ദ്ദിച്ചു എന്നു കാണിക്കാന്‍ സ്വന്തം ഷര്‍ട്ട് വലിച്ച് കീറുകയും ചെയ്തതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദേവസ്വം മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം….

ഇരുമുടിക്കെട്ട് രാഷ്ട്രീയ ആയുധമാക്കരുത്. പരിപാവനമായി എല്ലാവരും കാണുന്ന ഒന്നാണത്. കെ.സുരേന്ദ്രന്‍ തന്റെ ചുമലില്‍ ഇരുന്ന ഇരുമുടിക്കെട്ട് ബോധപൂര്‍വ്വം 2 തവണ താഴെയിടുന്നത് ചിറ്റാര്‍ പോലീസ് സ്‌റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങളില്‍ വളരെ വ്യക്തമാണ്. സുരേന്ദ്രന്റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്.പി 2 തവണയും ഇത് തിരിച്ചെടുത്ത് ചുമലില്‍ വച്ച് കൊടുക്കുന്നുമുണ്ട്. പുറത്ത് തന്നെ കാത്ത് നില്‍ക്കുന്ന മാധ്യമങ്ങള്‍ക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും മുന്നില്‍ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു തന്നെ പോലീസ് മര്‍ദ്ദിച്ചു എന്നു കാണിക്കാന്‍ സ്വന്തം ഷര്‍ട്ട് വലിച്ച് കീറുകയും ചെയ്തു.

കെ.സുരേന്ദ്രന്‍ ഇരുമുടിക്കെട്ടുമായി ശബരിമലയില്‍ വന്നത് സ്വാമി അയ്യപ്പനെ ദര്‍ശിക്കണമെന്ന ലക്ഷ്യത്തോടെയല്ല എന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്നും അതിന് വ്രതം 15 ദിവസമാക്കണമെന്നും രഹാന ഫാത്തിമയെ ടാഗ് ചെയ്തു ഫേസ്ബുക്ക് പോസ്റ്റിട്ട അതേ സുരേന്ദ്രന്‍ തന്നെയാണല്ലോ ഇപ്പോള്‍ ശബരിമലയെ കലാപകേന്ദ്രമാക്കാന്‍ തുണിഞ്ഞിറങ്ങിയിരിക്കുന്നതും. വേഷംകെട്ടലുകളുമായി ഇത്തരക്കാര്‍ ശബരിമലയില്‍ വരുന്നതാണ് വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.