വനിതാ കോണ്‍സ്റ്റബിളിനെ പീഡിപ്പിച്ചതായി പരാതി; സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ കേസ്

Posted on: November 18, 2018 1:18 pm | Last updated: November 18, 2018 at 1:21 pm

മുംബൈ: വനിതാ കോണ്‍സ്റ്റബിളിനെ പല തവണ പീഡിപ്പിച്ചെന്ന പരാതിയില്‍ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നവി മുംബൈ പോലീസ് കേസെടുത്തു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ശീതള പാനീയത്തില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി മയക്കിയ ശേഷം സബ് ഇന്‍സ്‌പെക്ടര്‍ അമിത് ഷേലാര്‍ തന്നെ പീഡിപ്പിച്ചതായും ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതായും 31കാരിയായ കോണ്‍സ്റ്റബിള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പിന്നീട് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും സിബിഡി, പന്‍വേല്‍, കാമോത്ത്, കാര്‍ഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കൊണ്ടുപോയി പീഡനം തുടരുകയും ചെയ്തതായി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് വക്താവ് പറഞ്ഞു. ഇരയെ പ്രതി മര്‍ദിച്ചതായും പറയുന്നു.

ബലാത്സംഗം, കൈയേറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഐ പി സിയുടെ വിവിധ വകുപ്പുകള്‍ പ്രകാരവും എസ് സി, എസ് ടി (അതിക്രമം തടയല്‍) നിയമ പ്രകാരവും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍, ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 2010ല്‍ ഒരേ പോലീസ് സ്‌റ്റേഷനില്‍ ജോലിയില്‍ പ്രവേശിച്ച ഇരുവരും അക്കാലം മുതല്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നവരാണ്.