വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റൊഴിച്ചു; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

Posted on: November 18, 2018 11:09 am | Last updated: November 18, 2018 at 12:51 pm

കണ്ണൂര്‍: വീട്ടമ്മയുടെ ദേഹത്ത് സിപിഎം പ്രവര്‍ത്തകര്‍ ചുവന്ന പെയിന്റ് ഒഴിച്ചതായി പരാതി. ബി.ജെ.പി പ്രവര്‍ത്തകന്‍ എരഞ്ഞോളി കച്ചിമ്പ്രംതാഴെ ഷെമിത നിവാസില്‍ ശരത്തിന്റെ വീട്ടില്‍ കയറി അമ്മ രജിതയുടെ ദേഹത്ത് പെയിന്റ് ഒഴിച്ചുവെന്നാണ് പരാതി. സംഭവത്തില്‍, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

മാരകായുധങ്ങളുമായി എത്തിയ സി.പി.എം പ്രവര്‍ത്തകര്‍ രജിതയുടെ രണ്ട് പവന്‍ സ്വര്‍ണമാല അപഹരിച്ചതായും ബി.ജെ.പി ആരോപിച്ചു. രജിതയെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് സി.പി.എം ബി.ജെ.പി സംഘര്‍ഷം തുടരുകയാണ്. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. കൊടിമരം തകര്‍ത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.